Skip to main content

കിഫ്ബി കേസിൽ ഈഡിയ്ക്ക് അടി തെറ്റുകയാണ് ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്ന് ഈഡി മനസിലാക്കട്ടെ

ഇന്ന് ബിബിസി റെയ്ഡ് കാണുമ്പോൾ എനിക്ക് ഓർമ്മവന്നത് കിഫ്ബി റെയ്ഡ് ചെയ്യാൻവന്ന ആദായനികുതിക്കാരെയാണ്. കിഫ്ബിയുടെ കരാറുകാരിൽ നിന്ന് സ്രോതസിൽ നികുതി പിടിച്ചില്ലായെന്നതാണ് ആരോപണം. കരാറുകാരുമായിട്ടുള്ള ബന്ധം അവരെ നിയോഗിച്ച എസ്.പി.വികൾക്കാണ്. എസ്.പി.വികൾക്കു പണം കൈമാറുമ്പോൾ ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചുകൊണ്ടാണ് പണം കൈമാറിയിട്ടുള്ളത്. ഇതെല്ലാം ഓൺലൈനായിട്ടാണ് ചെയ്യുക. അതുകൊണ്ട് പാസ് വേർഡ് തന്നേക്കാം. നിങ്ങളുടെ ഓഫീസിൽ ഇരുന്നു പരിശോധിച്ചാൽ പോരേ. പോരാ. കിഫ്ബി ഓഫീസിൽ ഇരുന്നുതന്നെ പരിശോധിക്കണം. അങ്ങനെയാണ് സംസ്ഥാന മേധാവിയുടെ നേതൃത്വത്തിൽ 15 അംഗ സംഘം ഒരു ദിവസം മുഴുവൻ മാധ്യമ പ്രവർത്തകരെ മുഴുവൻ മുൾമുനയിൽ നിർത്തി കിഫ്ബി ഓഫീസ് പരിശോധിച്ചത്.

ഇതുംകഴിഞ്ഞാണ് ഒടുവിൽ കേന്ദ്രം വജ്രായുധം ഇറക്കിയത്. ED എന്ന കുപ്രസിദ്ധ അന്വേഷണ ഏജൻസിയെ ഇറക്കി കിഫ്ബിയെ പൂട്ടാനുള്ള ശ്രമം. ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദ്ദത്തിലാക്കുക, ഒരേ രേഖകൾ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരിൽ സംശയ നിഴൽ നിരന്തരം നിലനിർത്തുക എന്ന തീർത്തൂം ഗൂഡമായ ശ്രമം. ഇതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന അവസ്ഥയിലാണ് കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.

EDയുടേത് രാഷ്ട്രീയക്കളിയാണ് എന്നു തെളിയിക്കുന്നതായിരുന്നു എനിക്കെതിരെയുള്ള സമൻസ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചേയർമാനായിരുന്ന ഞാൻ സകലമാന കണക്കും കൊണ്ടു ചെല്ലാനായിരുന്നു ഇവരുടെ ഉത്തരവ്. പിന്നീട് അത് മാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണം. കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി സമൻസ് തുടർ നടപടികൾ സ്റ്റേ ചെയ്തു. മറുപടി സമർപ്പിക്കാൻ തന്നെ മാസങ്ങൾ വേണ്ടി വന്നു. ഒടുക്കം കോടതി ഒന്നു കടുപ്പിച്ചപ്പോൾ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളിൽ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോൾ ഞങ്ങൾ പറഞ്ഞു, ആർബിഐ നിഷ്ക്കർഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. അതിന്റെ കോപ്പി EDയ്ക്കും നേരത്തെ കൊടുത്തിട്ടുണ്ട്.

മസാല ബോണ്ട് പണം ആർക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൌണ്ടിൽ നിന്നും ആരുടെ ബാങ്ക് അക്കൌണ്ടിലേക്കു നൽകി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആർബിഐ നിഷ്ക്കർഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് ആണ് കൊടുക്കുന്നത്. ഒരു തർക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ EDയ്ക്കും കൊടുത്തല്ലോ? അവർ എന്തെങ്കിലും കണ്ടു പിടിച്ചോ? ഇല്ല. വീണ്ടും അതു കോടതിയിലും സമർപ്പിച്ചു. ഈ ഘട്ടത്തിലാണ് കോടതി ആർബിഐ യെ സ്വമേധയാ കക്ഷി ചേർത്തത്. മാസം മൂന്നു നാലായി. ഇപ്പോഴാണ് സത്യവാങ്മൂലം വന്നത്.

രണ്ടു കാര്യങ്ങൾ വ്യക്തമായി. ഒന്ന്, കിഫ്ബി ആർബിഐ ചട്ട പ്രകാരം നൽകിയ എൻഓസി അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കാര്യം മുകളിൽ പറഞ്ഞ സ്റ്റേറ്റ്മെന്റ് സംബന്ധിച്ചാണ്. ECB-2 എന്ന ഫോമിൽ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകൾ കൃത്യമായി നൽകുന്നുണ്ട് എന്ന് ആർബിഐ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കുന്ന സമയത്തെ വിദേശ വാണിജ്യ വായ്പ്പ നടപടിക്രമം അനുസരിച്ച് ഈ പണത്തിന്റെ വിനിയോഗം ചട്ടം പാലിച്ചാണോ എന്നതടക്കം ബന്ധപ്പെട്ട ബാങ്ക് സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റാണ് ECB-2.

അപ്പോൾ ആർബിഐ കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇനി എന്താണ് EDയുടെ നീക്കം എന്നു നോക്കാം. കോടതി ഒരു സുപ്രധാന കാര്യം EDയോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും മിണ്ടിയിട്ടില്ല. അത് പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്. എന്താണ് പറയുക എന്നു നോക്കാം.

അപ്പോൾ പലയിടത്തും നടത്തുന്ന പയറ്റ് അത്ര ഫലിക്കില്ല, ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നതു ED മനസിലാക്കട്ടെ.

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.