Skip to main content

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ പദ്ധതി ആരംഭിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി പ്രതിമാസം 50 രൂപയും തുല്യമായ വിഹിതം സര്‍ക്കാരും അടക്കും. ഇപ്രകാരം ലഭിക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതാണ്. 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുള്ള ഒരംഗം മരണപ്പെട്ടാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കും.

അസുഖമോ അപകടമോ കാരണം മരണപ്പെട്ടാലും സാമ്പത്തിക സഹായം നല്‍കും. തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യം മൂലം നിധിയിലെ അഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരംഗം അടച്ച അംശാദായം പലിശ സഹിതം മടക്കി നല്‍കും. ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തികസഹായം നല്‍കും. അംഗങ്ങളുടെ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം സാമ്പത്തികസഹായം ലഭ്യമാക്കും.

ഇടതുപക്ഷം മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയുടെ ഭാഗമായി 2005-ൽ അന്നത്തെ യുപിഎ സർക്കാർ ആരംഭിച്ച തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിക്കുന്ന നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്നത്. 2020-21 ല്‍ 389 കോടി തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 2022 ആയപ്പോള്‍ 363 കോടിയായി കുറഞ്ഞു. പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലും വലിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്. 2020 - 21 ല്‍ 1,12,000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിച്ചതെങ്കില്‍ ഇന്നത് ഏകദേശം പകുതിയായി, 60,000 കോടി രൂപയായി കുറച്ചിരിക്കുന്നു.

എന്നാൽ ഈ വെല്ലുവിളിയെ മറികടന്ന് തൊഴിലുറപ്പു പദ്ധതിയെ ശക്തിപ്പെടുത്തുവാൻ കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനു സാധിച്ചു. കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 822 കോടി രൂപയുടെ കുറവുണ്ടായപ്പോഴും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ നമുക്ക് സാധിച്ചു. 2021-ല്‍ 10.23 കോടി തൊഴില്‍ ദിനങ്ങളാണുണ്ടായിരുന്നതെങ്കില്‍ 2022-ല്‍ അത് 10.59 കോടി തൊഴില്‍ ദിനങ്ങളായി വര്‍ദ്ധിച്ചു.

ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ 64 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തിലാകട്ടെ അത് 31 ശതമാനമാണ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്റേത് 86 ആണ്. സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നൂറ് അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്.

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിത്തൊഴിലുകളില്‍ 90 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത്. കേരളത്തില്‍ ആകെ 27 ലക്ഷത്തോളം തൊഴിലാളികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 ല്‍ 7 കോടി തൊഴില്‍ ദിനങ്ങള്‍ക്കുള്ള അനുമതിയാണ് കേരളത്തിന് ആദ്യം ലഭിച്ചത്. എന്നാല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കിയതിനാല്‍ അത് 10 കോടിയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കി സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്റെ ദൃഷ്ടാന്തമാണ് കേരളം രൂപീകരിച്ചിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.