Skip to main content

മെയ് 19 സഖാവ് ഇ കെ നായനാർ ദിനം

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 19 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു തവണയാണ് എൽഡിഎഫ് ഭരണത്തെ നയിച്ചത്.

സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു.

സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽ വാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഈ ഘട്ടത്തിൽ ഒളിവിൽ പോയി.

കയ്യൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

ത്യാഗോജ്വലമായ സമരസംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന് എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലം മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടിയേക്കാൾ വലുതായൊന്നും നായനാർക്കുണ്ടായിരുന്നില്ല.

നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. ആദ്യത്തെ ഐടി പാർക്ക്‌ സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ചപ്പാടുകൾ പ്രായോഗികമാക്കപ്പെട്ടത് നായനാർ ഭരണകാലത്തേതാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയതുപോലെ വർഗീയ ധ്രുവീകരണംവഴി എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. അതിന് സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങളെയും അവർ ദുരുപയോഗിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങളും ശക്തമായി അരങ്ങേറുകയാണ്. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിന് സിനിമകളെപ്പോലും ഉപയോഗപ്പെടുത്തുന്ന സ്ഥിതി നിലനിൽക്കുകയാണ്. അതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാൻ നമുക്ക് കഴിയണം.

ഇന്നത്തെ കേരളം 25 വർഷം മുന്നിൽക്കണ്ടുള്ള വികസനക്കുതിപ്പിലാണ്. ഇടതുപക്ഷ സർക്കാരുകൾ നേടിയ വികസന അടിത്തറയെ ഉപയോഗപ്പെടുത്തി നവകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനത്തിൽ എൽഡിഎഫ് സർക്കാർ മുഴുകുന്ന ഘട്ടം കൂടിയാണിത്. ബദൽ നയങ്ങളുയർത്തുന്ന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപിയും യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഏതു പ്രതിസന്ധിയും മുറിച്ചുകടന്ന് മുന്നോട്ടുകുതിക്കാൻ കരുത്തുപകരുന്നതാണ് നായനാരുടെ ഓർമകൾ. ജനങ്ങൾ സ്നേഹിച്ച, ജനങ്ങളെ സ്നേഹിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരി നായനാരുടെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലി.

 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.