Skip to main content

പുതിയ നോട്ടു നിരോധനത്തിൻ്റെ ഉന്നം രാഷ്ട്രീയം

പുതിയ നോട്ടു നിരോധനത്തിൻ്റെ ഉന്നം രാഷ്ട്രീയമാണ്. അത് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളാണ്. കർണ്ണാടക തെരഞ്ഞെടുപ്പ് പരാജയം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ബിജെപി പണം ചെലവഴിച്ചു. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതർ പിടിച്ചെടുത്തത്. അത് മഞ്ഞുകൂനയുടെ ഒരു അരികുമാത്രമാണെന്നു വ്യക്തം. പണത്തിന്റെ കുത്തൊഴുക്കിൽ മുന്നിൽ ബിജെപി തന്നെ. പക്ഷേ, കോൺഗ്രസ് വളരെ പിന്നിലായിട്ടാണെങ്കിലും പിടിച്ചുനിന്നു. ഇതു ഭാവിയിൽ പാടില്ല. കള്ളപ്പണത്തിൻ്റെ കുത്തക ബിജെപിക്കു മാത്രമായിരിക്കണം. ഇതിനായുള്ള സർജിക്കൽ സ്ട്രൈക്കാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കൽ.

എന്നാൽ ഇത്തരം രാഷ്ട്രീയകളികളിലൂടെ ഇന്ത്യൻ രൂപയുടെ വിശ്വാസ്യതയാണ് മോദി തകർക്കുന്നത്. 2016-ൽ നിൽകക്കളളിയില്ലാതെ സൃഷ്ടിച്ച 2000 രൂപയുടെ നോട്ടുകൾ 2023-ൽ റദ്ദാക്കുന്നു. അന്ന് 86 ശതമാനം മൂല്യമുള്ള നോട്ടുകൾ റദ്ദാക്കിയെങ്കിൽ ഇന്ന് റിസർവ്വ് ബാങ്ക് കണക്കു പ്രകാരം 11 ശതമാനത്തിൽ താഴെയുള്ള നോട്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. പക്ഷേ, എന്തിന് ഇതു ചെയ്യണം? 2000-ത്തിൻ്റെ നോട്ടുകൾ ബാങ്കുകൾ ഇനി നൽകില്ലായെന്നു പറഞ്ഞാൽ ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് 2000 രൂപയുടെ നോട്ടുകൾ ഇല്ലാതാകുന്ന പ്രശ്നമാണ് ഇനിയിപ്പോൾ ഒരു തവണ 2000 രൂപയുടെ തുക വച്ച് ക്യൂ നിന്നു മാറ്റി വാങ്ങേണ്ട ഗതികേടിക്ക് എത്തിച്ചിരിക്കുന്നത്. ഈ ക്ലീൻ നോട്ട് പോളിസി എന്നു റിസർവ്വ് ബാങ്ക് പറയുന്നത് വെറും കള്ളത്തരമാണ്.

പുതിയ നോട്ടു നിരോധനവും കള്ളപ്പണവേട്ടയുടെ ഭാഗമാണെന്ന വിശദീകരണവുമായി പഴയ ബീഹാർ ധനമന്ത്രി സുശീൽകുമാർ മോദി ഇറങ്ങിയിട്ടുണ്ട്. പഴയ നോട്ടുനിരോധനംകൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ലായെന്നു തെളിഞ്ഞുവെന്ന് അദ്ദേഹം സമ്മതിക്കുകയാണ്. പുതിയ നിരോധനം ലക്ഷ്യം നേടുമെന്നതിന്റെ ഉറപ്പ് എന്ത്?

എന്തുകൊണ്ടാണ് 2000 രൂപയുടെ നോട്ട് പ്രചാരത്തിലുള്ളവയുടെ 10 ശതമാനമായി കുറഞ്ഞിരിക്കുന്നത്? നോട്ട് നിരോധത്തിൻ്റെ തുടക്ക മാസങ്ങളിൽ അല്ലാതെ പിന്നീട് 2000-ത്തിന്റെ നോട്ടുകൾ അച്ചടിക്കുകയുണ്ടായില്ല. മറ്റു നോട്ടുകളാണ് 2018 മുതൽ അച്ചടിച്ചത്. 2016 നോട്ടുനിരോധനം കൊണ്ട് ആളുകൾ താരതമ്യേന കൂടുതൽ ഡിജിറ്റൽ പണകൈമാറ്റത്തിലേക്ക് തിരിയുകയല്ലേ ചെയ്തത്. പണത്തിന്റെ ഉപയോഗം വർദ്ധിക്കുകയാണ് ചെയ്തത്. അന്ന് ഉണ്ടായിരുന്നതിൻ്റെ മൂന്നിരട്ടി നോട്ടുകൾ ഇന്ന് പ്രചാരത്തിലുണ്ട്. നോട്ട് നിരോധനത്തിന് അന്നു നല്കിയ മറ്റൊരു ന്യായീകരണവും പൊളി വാക്കുകളായി.

ഈ നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നതു ശരിയാണെങ്കിൽ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്പത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കും.

ഏതായാലും അനുഭവത്തിൽ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല. 2000 രൂപയുടെ നോട്ട് ലീഗൽ ടെണ്ടറായി നിലനിർത്തിയിട്ടുണ്ട്. അതായത് സെപ്തംബർ അവസാനം വരെ അതുപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താം. 2016 നോട്ടു നിരോധന രാത്രി ഞാൻ ഇതു പറഞ്ഞപ്പോൾ എന്നെ കളിയാക്കിയവരാണ് പലരും. ഇപ്പോൾ ഇത്രയെങ്കിലും സാവകാശം നൽകാനുള്ള സന്മനസ് മോദിക്ക് ഉണ്ടായത് നല്ലത്.

രാജ്യത്തെ കള്ളപ്പണത്തിൻ്റെ രാഷ്ട്രീയ കുത്തക ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു രണ്ടുമാസം മുമ്പായിട്ടാണ് 2000 നോട്ടിൻ്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. ഇതു ബിജെപിയുടെ 2000 നോട്ടുകളെ ബാധിക്കില്ലായെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. അവരോടു പറയട്ടെ ഭരണപ്പാർട്ടിക്ക് തങ്ങളുടെ നോട്ടുകൾ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016-ൻ്റെ അനുഭവം.

 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.