Skip to main content

കണക്ക് പറയും മോദിയുടെ കൊള്ള

കോവിഡ് കാലത്ത് ആഗോള ഇന്ധനവില സൂചിക ഇടിഞ്ഞു. 2016-ൽ സൂചിക 100 ആയിരുന്നത് 2020 ഏപ്രിലിൽ 50 ആയി താഴ്ന്നു. എന്നാൽ കോവിഡ് മാന്ദ്യത്തിൽ നിന്ന് ആഗോള സമ്പദ്ഘടന പുറത്തുകടക്കാൻ തുടങ്ങിയതോടെ സൂചികയും ഉയരാൻ തുടങ്ങി. യുക്രെയിൻ യുദ്ധം ആരംഭിക്കുംമുമ്പ് 250 ആയിരുന്നു സൂചിക. അത് 2022 ആഗസ്റ്റിൽ 376 ആയി. എന്നാൽ പിന്നീട് കുത്തനെ ഇടിഞ്ഞ് ഇപ്പോൾ 200-ൽ താഴെയായി.

എന്തുകൊണ്ട് ആഗോളമായി പെട്രോൾ വില ഉയരുകയും താഴുകയും ചെയ്യുന്നു? ഏറ്റവും ലളിതമായ ഉത്തരം ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ടാണ് പെട്രോളിന്റെ വില തീരുമാനിക്കപ്പെടുന്നത്. കോവിഡ് സാമ്പത്തികമാന്ദ്യംമൂലം ക്രൂഡ് ഓയിലിന് ആവശ്യം കുറഞ്ഞു. 2018-ൽ ബാരലിന് 65 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ വില 2020-ൽ 40 ഡോളറായി താഴ്ന്നു. സ്വാഭാവികമായും പെട്രോളിന്റെ ആഗോള വിലയും താഴ്ന്നു. എന്നാൽ കോവിഡിൽ നിന്നും കരകയറാൻ തുടങ്ങിയതോടെ ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കാൻ തുടങ്ങി. 2021 അവസാനിച്ചപ്പോഴേക്കും അത് 68 ഡോളറായി. എന്നാൽ യുക്രെയിൻ യുദ്ധം തുടങ്ങുകയും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ക്രൂഡോയിലിന്റെ വില 2022 അവസാനിച്ചപ്പോൾ 95 ഡോളറായി ഉയർന്നു. പെട്രോൾ വില സൂചിക അതുകൊണ്ടാണ് കുതിച്ചുയർന്നത്.

യുക്രെയിൻ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലെങ്കിലും ക്രൂഡോയിലിന്റെ വില താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് 73 ഡോളർ മാത്രമാണ്. ഈ വിലയിടിവിനു കാരണം രണ്ടാണ്. ഒന്ന്, വീണ്ടും ഒരു ആഗോള മാന്ദ്യം വരാനുള്ള സാധ്യത ഏറിയിരിക്കുന്നു. രണ്ട്, അമേരിക്കൻ ഉപരോധം ഉണ്ടെങ്കിലും റഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റൂബിൾ വിലയിൽ എണ്ണ വിറ്റുകൊണ്ടിരിക്കുന്നു. അതും 10-15 ഡോളർ മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയ്ക്ക്. അതുകൊണ്ടാണ് ആഗോള പെട്രോൾ വില സൂചിക 376-ൽ നിന്നും 200-ൽ താഴെയായി തീർന്നത്.

ഇന്ത്യ നേരിട്ട് പെട്രോളോ ഡീസലോ ഇറക്കുമതി ചെയ്യുന്നില്ല. ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യൻ ശുദ്ധീകരണശാലകളിൽ സംസ്കരിച്ച് റീട്ടെയിലിൽ വിൽക്കുകയാണു ചെയ്യുന്നത്. ക്രൂഡോയിൽ വിലയിൽ 25 ശതമാനം കുറവു വന്നു. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയാണെങ്കിൽ മറ്റൊരു 10 ശതമാനമെങ്കിലും സബ്സിഡിയായും കിട്ടും. അങ്ങനെ ക്രൂഡോയിലിന് 35 ശതമാനത്തോളം വില കുറഞ്ഞിട്ടും പെട്രോളിന്റെ വില കുറയ്ക്കാതെ ലിറ്ററിനു 100 രൂപയ്ക്കാണ് എണ്ണക്കമ്പനികൾ ചില്ലറക്കാർക്കു വിൽക്കുന്നത്. ഇതിന് മോദി സർക്കാർ ഒത്താശ ചെയ്യുകയാണ്.

എണ്ണക്കമ്പനികളുടെ ലാഭത്തിന്റെ കണക്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2022-23-ൽ ഐഒസിയുടെ ലാഭം 8241 കോടി രൂപയാണ്. ബിപിസിഎല്ലിന്റെ ലാഭം 1870 കോടി രൂപയാണ്. റിലയൻസിന്റെ കൊള്ളലാഭത്തിന്റെ കണക്ക് പുറത്തുവന്നിട്ടില്ല. റഷ്യൻ എണ്ണ സിംഹപങ്കും ഇവർക്കാണു നൽകുന്നത്. അതു സംസ്കരിച്ച് വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുകയാണ് റിലയൻസ്.

മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില ലിറ്ററിന് 65 രൂപയായിരുന്നു. അന്ന് ക്രൂഡോയിൽ വില ബാരലിന് 98 ഡോളർ ആയിരുന്നു. ഇപ്പോൾ ക്രൂഡോയിലിന്റെ വില 73 ഡോളർ മാത്രമാണ്. എന്നാൽ ഇന്ത്യയിലെ പെട്രോളിന്റെ വില ലിറ്ററിനു 100 രൂപയായി. ഇങ്ങനെയുണ്ടോ ഒരു കൊള്ള?


 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.