ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം സ. നീലോത്‌പൽ ബസു, എംപിമാരായ സ. വി ശിവദാസൻ, സ. എ എ റഹിം എന്നിവരടങ്ങിയ സംഘമാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
എംപിമാർക്ക് മുന്നിൽ ന്യൂഹ് നിവാസികൾ പൊട്ടിക്കരഞ്ഞു. ഭരണകൂടത്തിന്റെ അറിവോടെയുള്ള ആക്രമണമാണ് നടന്നതെന്നും ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ ജീവിത മാർഗം ഇല്ലാതാക്കിയെന്നും നാട്ടുകാർ അറിയിച്ചു.
കലാപം ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചരണം സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാഭരണകൂടം ബുൾഡോസറുകളുമായി എത്തി, നിരപരാധികളായ മുസ്ലിങ്ങളുടെ സ്വത്തുവകകൾ ഇടിച്ചുനിരത്തി. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചത്.
തകർക്കപ്പെട്ട മസ്ജിദ് സന്ദർശിക്കുവാൻ എംപിമാരെ പൊലീസ് അനുവദിച്ചില്ല. ആദ്യമായാണ് ഒരു പ്രതിപക്ഷ പാർടിയുടെ പ്രതിനിധി സംഘത്തിന് ഹരിയാനയിലെ കലാപബാധിത മേഖല സന്ദർശിക്കാൻ കഴിയുന്നത്.