കർണാടകയ്ക്കും തമിഴ്നാടിനും പിന്നാലെ കേരളത്തിൽ കെൽട്രോൺ സ്ഥാപിച്ച എ ഐ കാമറ ട്രാഫിക് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ മഹാരാഷ്ട്ര ഗതാഗത വകുപ്പും.
മോട്ടോർ വാഹന വകുപ്പിനു വേണ്ടി കേരളത്തിൽ ഉടനീളം കെൽട്രോൺ സ്ഥാപിച്ച എഐ അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനങ്ങളുടെ പ്രവർത്തനവും പദ്ധതി നിർവഹണവും മനസ്സിലാക്കുന്നതിനായി മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ദിവസം കെൽട്രോൺ സന്ദർശിച്ചു. മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ വിവേക് ഭിമാൻവർ ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉന്നത ഉദ്യോഗസ്ഥരുമായി വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് വച്ച് ചർച്ച നടത്തുകയും തുടർന്ന് തിരുവനന്തപുരത്തുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എൻഫോഴ്സ്മെന്റ് ഓഫീസിലെ സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ച് സേഫ് കേരള പദ്ധതിയുടെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് മഹാരാഷ്ട്ര ഗതാഗത വകുപ്പിനെ ആകർഷിച്ചത്. ആധുനിക സാങ്കേതിവിധിയുടെ സാധ്യതകൾ ഉപയോഗിച്ച് കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംരംഭങ്ങളിൽ മഹാരാഷ്ട്ര ഗതാഗത വകുപ്പ് മതിപ്പറിയിച്ചു. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കാൻ ആലോചിക്കുന്നതായും ട്രാൻസ്പോർട്ട് കമ്മീഷണർ കെൽട്രോണിനെ അറിയിച്ചു.
മഹാരാഷ്ട്രയിലെ ചില നഗരങ്ങളിൽ സിഗ്നൽ സംവിധാനം കെൽട്രോണിൻ്റേതാണ്. കൂടുതൽ നഗരങ്ങളിൽ ആധുനിക ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ ആരംഭിക്കാൻ മഹാരാഷ്ട്ര ശ്രമിക്കുമ്പോൾ കെൽട്രോണിനും സാധ്യതകളേറെയാണ്.
