Skip to main content

തൻറെ ചാമ്പ്യൻ ഇൻവെസ്റ്റർമാരിൽ ഒരാളായ അദാനിയുടെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത മോദിക്കുണ്ട്

അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളിളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി. പക്ഷേ, ഒരു കാര്യത്തിൽ മാത്രം പരിശോധന പൂർത്തിയായിട്ടില്ലായെന്നാണ് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നികുതി വെട്ടിപ്പ് കേന്ദ്രമായ മൗറീഷ്യസിൽ നിന്ന് അദാനി ഓഹരികളിൽ വന്ന നിക്ഷേപത്തെക്കുറിച്ചുള്ള പരിശോധന പൂർത്തിയായിട്ടില്ല.

2014ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ റൂട്ടു വഴിയുള്ള നിക്ഷേപത്തെക്കുറിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നതാണ്. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ സെബി അതു സംബന്ധിച്ച പരിശോധനകൾ അവസാനിപ്പിച്ചു. ഹിൻഡൻബർഗ് വേണ്ടിവന്നു മൗറീഷ്യസ് വഴിയുള്ള നിക്ഷേപം വീണ്ടും പൊതുചർച്ചയ്ക്കു വിധേയമാക്കാൻ. ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി കമ്പനിയുടെ ഓഹരികളിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന അസാധാരണമായ മൂല്യവർദ്ധനവിനു കാരണമായി നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു.

ഇന്ത്യയിലെ നിയമപ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ പ്രമോട്ടർമാർക്ക് 75 ശതമാനത്തിലധികം ഓഹരി ഉടമസ്ഥത പാടില്ല. 25 ശതമാനം ഓഹരിയെങ്കിലും സ്വതന്ത്രമായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനത്തിനു വിധേയമാകണം. പ്രമോട്ടർമാർ കൃത്രിമമായി ഓഹരികളുടെമൂല്യം ഉയർത്തുന്നതു തടയാനാണിത്.

എന്നാൽ മൗറീഷ്യസ് റൂട്ടുവഴിയുള്ള നിക്ഷേപവും കണക്കിലെടുക്കുകയാണെങ്കിൽ അദാനി കമ്പനികളുടെ ഓഹരികളുടെ 85 ശതമാനത്തിലേറെ പ്രമോട്ടർമാരുടെ കൈകളിലാണ്. മൗറീഷ്യസിലും മറ്റുമുള്ള കമ്പനികൾ വഴി അദാനി തന്നെ അദാനിയുടെ ഷെയറുകൾ വാങ്ങുന്നു. ഓഹരികളുടെ വിലകൾ കുതിച്ചുയരുന്നു. ഉയർന്ന ഓഹരി വിലയുടെ അടിസ്ഥാനത്തിൽ ആഗോള വിപണിയിൽ നിന്നും വലിയ തോതിൽ വായ്പയെടുക്കുന്നു. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഏതാണ്ട് ഇതാണ് പ്രവർത്തനരീതി.

ഇപ്പോൾ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP) എന്ന മാധ്യമ കൂട്ടായ്മ ഇതു സംബന്ധിച്ച കൃത്യമായ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നു. മൗറീഷ്യസിൽ നിന്ന് അദാനി ഷെയറുകളിൽ നിക്ഷേപം നടത്തിയ തായ്‌വാൻ സ്വദേശിയും യുഎഇ സ്വദേശിയും അദാനി ഗ്രൂപ്പുകളിലെ മുൻ ഡയറക്ടർമാരും അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ അടുപ്പക്കാരുമാണ്. ഇവർ മൗറീഷ്യസിലടക്കം പല കമ്പനികളും വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല പൊളളക്കമ്പനികൾ വഴി അദാനിയുടെ പണം തന്നെ പലവട്ടം മാറിമറിഞ്ഞ് മൗറീഷ്യസിലെ എമർജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്സ്, ഇഎം റിസർജന്റ് ഫണ്ട് എന്നിവടങ്ങളിൽ പണം അവസാനം എത്തി. ഈ കമ്പനികളാണ് അദാനി ഓഹരികളിൽ നിക്ഷേപം നടത്തിയത്. വിനോദ് അദാനിയുടെ കീഴിലുള്ള ഒരു ജീവനക്കാരന്റെ ദുബായിയിലെ കമ്പനിയാണ് നിക്ഷേപ ഉപദേശങ്ങൾ നൽകിയത്.

ഇത്രയും പണം അദാനിക്ക് എങ്ങനെ വിദേശത്ത് ഉണ്ടായി? കയറ്റുമതി അണ്ടർ ഇൻവോയ്സ് ചെയ്തും, ഇറക്കുമതി ഓവർ ഇൻവോയ്സ് ചെയ്തും മറ്റുമുണ്ടാക്കുന്ന കള്ളപ്പണം വിദേശത്താണു കോർപ്പറേറ്റുകൾ സൂക്ഷിക്കുക. അവ വെളുപ്പിച്ച് ഇന്ത്യയിൽ എത്തിക്കുന്നതിനുവേണ്ടിയിട്ടാണ് നികുതിയും കണക്കുകളുമൊന്നും ആവശ്യപ്പെടാത്ത മൗറീഷ്യസ് പോലുള്ള ഫിനാൻഷ്യൽ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇതു സംബന്ധിച്ചിട്ടുള്ള അദാനി കമ്പനികളുടെ പൂർണ്ണവിവരങ്ങൾ ലഭ്യമല്ല.

എന്നാൽ ഒരു കാര്യം ഇപ്പോൾ തിട്ടമായിട്ടുണ്ട്. മൗറീഷ്യസ് വഴിയുള്ള നിക്ഷേപം അദാനിയുടേതു തന്നെയാണ്. ഇതുകൂടി പരിഗണിച്ചാൽ 75 ശതമാനത്തിലധികം അദാനി കമ്പനികളുടെ ഓഹരികൾ പ്രമോട്ടർമാരുടെ കൈകളിൽ തന്നെയാണ്. അദാനി കമ്പനികളുടെ ഓഹരിമൂല്യ വർദ്ധനവ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്.

ഇതൊരു പഴങ്കഥയാണെന്നു പറഞ്ഞ് അദാനി ഒഴിഞ്ഞിരിക്കുകയാണ്. എന്നാൽ കൃത്യമായ തെളിവുകൾ എണ്ണി നിഷേധിച്ചിട്ടില്ല. ഇനി സെബി എന്തു സുപ്രിംകോടതിയിൽ പറയുമെന്നു നോക്കാം. അതുപോല തന്നെ രാജ്യം ഉറ്റുനോക്കുന്ന ഒരു കാര്യം പ്രധാനമന്ത്രി മോദി എന്തുപറയുന്നൂവെന്നുള്ളതാണ്. അദാനി കമ്പനി മോദിയുടെ ചാമ്പ്യൻ ഇൻവെസ്റ്റർമാരിൽ ഒരാളാണ്. രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കിൽ ആഗോള ഭീമന്മാർ ഇന്ത്യയിൽ ഉണ്ടാകണമെന്നതാണ് മോദിയുടെ വികസനകാഴ്ചപ്പാട്. അതിലൊരു ഭീമന്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. എന്നാൽ ഇന്നുവരെ പാർലമെന്റിനകത്തോ പുറത്തോ വായ തുറക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.