കെപിസിസി പ്രസിഡന്റ് സംഭരണ നെല്ല് വിലയുടെ കാര്യത്തിൽ കേന്ദ്രത്തിനു ജാമ്യമെടുക്കാൻ കഴിഞ്ഞ ദിവസം ഇറങ്ങി. “കേന്ദ്ര സർക്കാർ പണം കൊടുക്കാനാണുണ്ട് എന്നതു കള്ളം. നെൽവില വിഷയത്തിൽ കേന്ദ്ര സർക്കാർ തെറ്റ് ചെയ്തിട്ടില്ല” എന്നതാണു കെ സുധാകരന്റെ ഖണ്ഡിതമായ അഭിപ്രായം. വി മുരളീധരൻ പോലും കേന്ദ്രം പണം തരാനുള്ളതിനു തെളിവു ചോദിച്ചിട്ടേയുള്ളൂ. കെപിസിസി പ്രസിഡന്റിനു തെളിവൊന്നും വേണ്ട. വിധികല്പിച്ചു കഴിഞ്ഞു.
രണ്ട് ഇനങ്ങളിലാണ് ഇനിയും കുടിശികയുള്ളത്.
ഒന്ന്, ഓരോ വർഷവും കേന്ദ്രം 10 ശതമാനം തുക പിടിച്ചുവയ്ക്കുകയും ഓഡിറ്റ് അക്കൗണ്ട് നൽകുമ്പോഴേ അതു നൽകൂ. കൃത്യമായി നെല്ലിന്റെ ഓഡിറ്റഡ് അക്കൗണ്ട് സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇതു പോരാ കേന്ദ്രത്തിന്. സപ്ലൈകോയുടെ മുഴുവൻ കണക്കുകളും ഓഡിറ്റ് ചെയ്തു സമർപ്പിക്കണം. എന്തിന്? കെപിസിസി പ്രസിഡന്റ് കേന്ദ്രത്തിന്റെ ഈ വാദം അംഗീകരിക്കുന്നുണ്ടോ?
ഈ ഇനത്തിൽ 637.7 കോടി രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ടെന്നാണു മന്ത്രി പറഞ്ഞത്.
രണ്ട്, ഒരു ക്വിന്റൽ നെല്ലിൽ നിന്ന് കേരളത്തിൽ 64.5 കിലോ അരിയേ കിട്ടൂ. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം എത്തിയ നിഗമനമാണ്. നമ്മുടെ കുട്ടനാട് - കോൾനിലങ്ങളുടെ പ്രത്യേകതയാണു കാരണം. പക്ഷേ, കേന്ദ്രം സമ്മതിക്കില്ല. കേന്ദ്രം അംഗീകരിച്ചിരിക്കുന്ന തോത് ഒരു ക്വിന്റലിന് 68 കിലോ ആണ്. 64.5 കിലോ അരിയുടെ വില നെല്ലിനു കൊടുത്താൽ കൃഷിക്കാർ സമ്മതിക്കുമോ? അതുകൊണ്ട് നമ്മൾ കൃഷിക്കാർക്ക് ഒരു ക്വിന്റൽ നെല്ലിൽ നിന്ന് 68 കിലോ അരി ലഭിക്കുമെന്ന കണക്കുവച്ച് വില നൽകുന്നു. ഓരോ ക്വിന്റൽ നെല്ല് സംഭരിക്കുമ്പോഴും സപ്ലൈക്കോയ്ക്കു 98.7 രൂപ നഷ്ടമാണ്. ഇതു കേന്ദ്രം അനുവദിച്ചു തരാൻ സന്നദ്ധമല്ല. കെപിസിസി പ്രസിഡന്റിന്റെ നിലപാട് എന്താണ്? കൃഷിക്കാരോടൊപ്പമോ കേന്ദ്രത്തിനോടൊപ്പമോ?
ഇതിനുപുറമേയാണ് സംസ്ഥാനത്തിന്റെ സബ്സിഡി. കേന്ദ്രം കിലോയ്ക്ക് 20.40 രൂപ സംഭരണ വില നിശ്ചയിച്ചിരിക്കുമ്പോൾ 28.20 രൂപയാണ് സംസ്ഥാനത്തു നൽകുന്നത്. ഓരോ കിലോയ്ക്കും 7.80 രൂപ അധികമായി നൽകുന്നു.
ഇനി എന്തുകൊണ്ട് വായ്പയായി പണം നൽകുന്നു? നെല്ല് സംഭരണവേളയിൽ കേന്ദ്രം അഡ്വാൻസായി പകുതി തുകയേ തരികയുള്ളൂ. ബാക്കി തുക നെല്ല് കുത്തി അരിയാക്കി റേഷൻ കടകളിൽ എത്തിയശേഷമാണ് തരിക. ഇതിനു കാലതാമസം ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് ബാങ്കുകളിൽ നിന്നുള്ള പിആർഎസ് പദ്ധതി ആവിഷ്കരിച്ചത്. സംഭരണ രസീത് ബാങ്കിൽ ഹാജരാക്കിയാൽ ബാങ്ക് വായ്പയായി പണം നൽകും. സർക്കാർ പിന്നീട് ബാങ്കിനു പണം നൽകും. ഇങ്ങനെ ചെയ്തതുകൊണ്ട് കൃഷിക്കാർക്കു നഷ്ടമില്ല. കാരണം പലിശയടക്കം സർക്കാരാണു പണം തിരിച്ചടയ്ക്കുന്നത്. 6 മാസത്തെ പലിശ കേന്ദ്രസർക്കാർ വിലയുടെ കേന്ദ്രവിഹിതത്തിന് അനുവദിച്ചു തരുന്നുണ്ട്.
ഇത്തവണ എന്തു സംഭവിച്ചു? കേന്ദ്ര സർക്കാർ ഏറ്റവും താഴ്ന്ന പലിശയ്ക്കു വായ്പ തരുന്ന ബാങ്കുകളിൽ നിന്നേ വായ്പയെടുക്കാൻ പാടുള്ളൂവെന്നു നിർബന്ധിച്ചു. സപ്ലൈകോ ടെണ്ടർ വിളിച്ചു കാണണം. ഏതായാലും സഹകരണ ബാങ്കുകൾ പുറത്തായി. എന്നാൽ ചില വാണിജ്യ ബാങ്കുകൾ തൊടുന്യായങ്ങൾ പറഞ്ഞു കൃഷിക്കാർക്കു കൊടുക്കുന്ന വായ്പയിൽ വലിയ കാലതാമസം വരുത്തി.
സപ്ലൈക്കോയ്ക്കു നേരിട്ടു വായ്പയെടുത്ത് വില നൽകിക്കൂടേ? ഇത്തവണ ചെയ്യാൻ ശ്രമിച്ചത് ഇതാണ്. ഇനി കഴിയില്ല. അങ്ങനെ ചെയ്താൽ അതു സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പാ പരിധിയിൽ നിന്നും കുറവു ചെയ്യും. ഇതാണു പെൻഷൻ കമ്പനിയുടെ വായ്പയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്തത്.
ഇനി എന്ത്? സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കൃഷിക്കാർക്കു വായ്പ നൽകാൻ സംവിധാനം ഉണ്ടാക്കണം. പലിശ കുറച്ചു കൂടിയാൽ അതു സംസ്ഥാന സർക്കാർ വഹിക്കണം. സംഭരണം കഴിഞ്ഞ് കൃഷിക്കാരൻ രസീത് ഹാജരാക്കിയാൽ അന്നുതന്നെ പണം നൽകാനുള്ള ഏർപ്പാട് ഉണ്ടാക്കണം.
