കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും മുഖം കറുക്കരുതെന്ന് കേരളത്തിലെ കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ പ്രവൃത്തിമൂലം കേന്ദ്രത്തിന്റെ മുഖം കറുക്കരുത്, നീരസത്തോടെ നോക്കരുത് എന്നാണ് കോൺഗ്രസിന്റെ നിലപാട്. ബിജെപിയുമായി രാഷ്ട്രീയധാരണയുണ്ടാക്കാൻ പോലും ഇവർ മടിക്കുന്നില്ല. കിടങ്ങൂരിൽ അതാണ് കണ്ടത്.
വെറുപ്പിന്റെ, പകയുടെ, വിദ്വേഷത്തിന്റെ ശക്തികളുമായി ഒരു മറയുമില്ലാതെ യുഡിഎഫ് യോജിക്കുന്നു. അർഹമായ സഹായങ്ങൾ പോലും നൽകാതെ കേരളത്തെ കേന്ദ്രം ശ്വാസംമുട്ടിക്കുന്നു. സാമ്പത്തികമായി ഞെരുക്കുന്നു. ദേശീയപാത അതോറിറ്റി കടമെടുക്കുന്നത് കേന്ദ്രസർക്കാരിന്റെ കണക്കിലില്ല. പുതുപ്പള്ളിയിലടക്കം സ്കൂളുകളും ആശുപത്രിയും നവീകരിക്കാൻ ഫണ്ട് കണ്ടെത്തിയ കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുന്നു. ഇതിനെ കോൺഗ്രസ് വിമർശിക്കുന്നില്ല. നാടിന്റെ പ്രശ്നം അവർക്ക് പ്രധാനമല്ല. നേരിയതോതിൽ പോലും ബിജെപിയെ വിമർശിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കുന്നു.
റബർ മേഖല തകർത്ത ആസിയാൻ കരാറിൽ ഒപ്പിട്ടത് തെറ്റായെന്ന് അനുഭവത്തിന്റെ അടിസ്‌ഥാനത്തിൽ കോൺഗ്രസ് പറയേണ്ടതല്ലേ. കരാർ നടപ്പാക്കിയ 2009 മുതൽ ഇതുവരെ അരലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കർഷകർക്കുണ്ടായ നഷ്ടത്തിന്റെ നേട്ടം ടയർ വ്യവസായികളായ കുത്തകകൾക്കാണ്. എംആർഎഫ് അടക്കമുള്ള ടയർ കമ്പനികൾ 1788 കോടി രൂപ പിഴയടയ്ക്കണമെന്ന കോമ്പറ്റീഷൻ കമീഷൻ വിധി നടപ്പാക്കി, ഈ പിഴ കർഷകർക്ക് മടക്കിനൽകണമെന്ന യോജിച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുമോ?
എംആർഎഫ് അടയ്ക്കേണ്ട പിഴ 622 കോടി രൂപയാണ്. യുഡിഎഫിലെ ഘടകകക്ഷികൾ റബ്ബർ കർഷകർക്കൊപ്പം നിൽക്കുമോ? ഇവർക്ക് കർഷകരോട് താൽപര്യമില്ല. ഇക്കൂട്ടരെ നയിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളാണ്.
