സനാതനധർമത്തെ ദ്രാവിഡപ്രസ്ഥാനത്തിൻറെ ചിന്തയ്ക്കനുസരിച്ച് വിമർശിച്ച ഉദയനിധി സ്റ്റാലിന് "വസ്തുതകൾ വച്ച് ഉചിതമായി മറുപടി നല്കണം," എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്കുള്ള മറുപടി ഉൾപ്പെടുത്തുമോ?
1. സനാതനധർമത്തിൻറെ അവിഭാജ്യ ഭാഗമാണ് വർണാശ്രമധർമം. വർണധർമത്തെ, അതായത് ജാതിവ്യവസ്ഥയെ, നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? മനുഷ്യർ വിവിധ വർണങ്ങളിൽ (ജാതികളിൽ) ജനിക്കുന്നു, അവരവരുടെ ജാതികൾക്ക് നിശ്ചയിച്ച ധർമങ്ങൾ നിർവഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? ഗ്രന്ഥങ്ങളിൽ പറയുന്ന മനുഷ്യത്വവിരുദ്ധമായ ജാതിവിവേചനചിന്തകൾ ഇന്നും തുടരണമോ?
2. 'നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി'; 'ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവർജയേൽ' തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങൾ സനാതനധർമ്മത്തിന്റെ പേരിലാണ് ഇന്ത്യയിൽ അടിച്ചേല്പിക്കപ്പെടുന്നത് എന്നകാര്യം പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?
ശൂദ്രൻ അക്ഷരം പഠിക്കരുത് എന്നും പഞ്ചമജാതികൾക്കും സ്ത്രീകൾക്കും മനുഷ്യാവകാശങ്ങൾ ഇല്ല എന്നും പ്രധാനമന്ത്രി ഇന്നും കരുതുന്നുണ്ടോ?
3. നാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്കർത്താക്കളെ നിങ്ങൾ തള്ളിപ്പറയുമോ? ഗുരു സനാതനധർമത്തെ തള്ളിപ്പറഞ്ഞുവല്ലോ.
4 . നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളുമായി ഇന്ന് ഒരു ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? അതോ, സനാതനികൾ എന്ന് അവകാശപ്പെടുന്നവരുടെ ജാതി വിവേചനം, സ്ത്രീ വിരുദ്ധത എന്നിവ ഇല്ലാതെ ഹിന്ദു മതവിശ്വാസി ആകാൻ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം?
5. ഇന്ത്യൻ ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണ്. സനാതനധർമത്തിന്റെ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കിൽ നിങ്ങൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ? ഇനി സനാതനധർമത്തിന്റെ ആശയങ്ങൾ പരിഷ്കരിക്കപ്പെടാവുന്നത് ആണെങ്കിൽ ഏതൊക്കെ പരിഷ്കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്കരിക്കപ്പെടാവുന്നതാണോ?
