സഖാവ് ചടയൻ ഗോവിന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം തികയുകയാണ്. പഴയ ചിറയ്ക്കല്‍ താലൂക്കിൽ നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചാണ് സഖാവ് പാർടി നേതൃത്വത്തിലേക്ക് കടന്നുവന്നത്. 1948ൽ കമ്യുണിസ്റ്റ് പാർടി സെല്ലിൽ അംഗമായ ചടയൻ തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാർക്കശ്യത്തോടെയും പാർടി കെട്ടിപ്പടുക്കാൻ പരിശ്രമിച്ചു. മാര്‍ക്‌സിസം - ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസവും അടിസ്‌ഥാന വർഗ്ഗത്തോടുള്ള കൂറും അദ്ദേഹത്തെ ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവാക്കി മാറ്റി.
1977 മുതൽ 1980 വരെ അഴീക്കോട് മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 1996 മേയ് മാസം മുതൽ മരണം വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പാർടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കെതിരെ കൃത്യമായ നിലപാടെടുത്ത അദ്ദേഹം പാർടിയെ കേരളത്തിൽ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
സഖാവ് ചടയന്റെ ഉയർന്ന സംഘടനാ ബോധവും ഉജ്ജ്വലമായ നേതൃശേഷിയും വളരെ അടുത്തുനിന്നും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ പാർടിക്കും പൊതുസമൂഹത്തിനും നൽകിയ നഷ്ടം ചെറുതല്ല. സഖാവ് ചടയന്റെ മരിക്കാത്ത ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
