മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല. മതം പൗരത്വത്തെ നിർണയിക്കുന്ന ഘടകമായി മാറിയിട്ടും കോൺഗ്രസ് മൗനത്തിലാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമം പരാമർശിക്കാത്തത് ബിജെപിയുമായി സന്ധിചെയ്യുന്നതിൻ്റെ ഭാഗമാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയ്ശ്രീറാം മുദ്രാവാക്യം ഉയർത്തിയപ്പോൾ ജയ് ഹനുമാൻ വിളിച്ചാണ് കോൺഗ്രസ് നേതാവ് കമൽനാഥ് നേരിട്ടത്. ബിജെപി ഭരണം നേടുകയും ചെയ്തു.
ഉത്തരേന്ത്യയിൽ രാഹുൽ മത്സരിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. മിക്ക വിഷയങ്ങളിലും ബിജെപിയുമായി സന്ധിചെയ്യുന്ന കോൺഗ്രസ് ഇക്കാര്യത്തിലും മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നായകനെന്നവകാശപ്പെടുന്ന രാഹുൽ ഗാന്ധി അവർക്ക് സ്വാധീനമില്ലാത്ത വയനാട്ടിൽ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
കേരളത്തിൻ്റെ ബദൽ തകർക്കാൻ മോദിസർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് എംപി മാർ അതിനും കൂട്ടുനിന്നു. മതനിരപേക്ഷതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. എൽഡിഎഫ് സർക്കാരാണ് ഇവരെ നയിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷത്തിന് സ്വാധീനം കുറവാണെങ്കിലും ബിജെപിയെയും ആർഎസ്എസിനെയും ചെറുക്കുന്നതിൽ വലിയ പങ്കാണ് ഇടതുപക്ഷം വഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ ഉറച്ച നിലപാടിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ട്.
