പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്? ഇതുകൊണ്ടാണ് ബിജെപിയെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് ഇടതുപക്ഷം വിമർശിക്കുന്നത്.
രാഹുൽഗാന്ധി ഉത്തരേന്ത്യയിൽ മോദിക്കെതിരെ പോരാടാതെ എന്തിന് ബിജെപിക്ക് ശക്തിയല്ലാത്ത കേരളത്തിൽ വന്ന് മത്സരിക്കുന്നു? ബിജെപിക്കെതിരെ പോരാടുന്ന മറ്റ് പാർടികളുടെ പങ്ക് കോൺഗ്രസ് അംഗീകരിക്കുന്നില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇത് തിരിച്ചറിയുന്നില്ല. രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നത് പക്വതയില്ലായ്മയാണ്. ഇത് തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. ഇന്ത്യ പൊതുവേദിയുടെ നിലപാടുകൾക്ക് വിരുദ്ധമാണിത്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഐ എം ശക്തമായി എതിർത്തിട്ടുണ്ട്. അന്നും ഇന്നും സിപിഐ എം അതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
