Skip to main content

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകൾ പ്രകാരം മോദിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടും ഡൽഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സ. പുഷ്പീന്ദർ സിങ് ഗ്രെവാളുമാണ് പരാതി നൽകിയത്. ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാഞ്ഞതിനെ തുട‍ര്‍ന്ന് പരാതി ഡൽഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു.

രാജസ്ഥാനിലെ റാലിയിൽ വളരെ ബോധപൂർവ്വം മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തിയ പ്രധാനമന്ത്രി ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കൾ, പ്രത്യേകിച്ച്‌ സ്വർണവും സ്‌ത്രീകളുടെ താലിമാലയും അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ്‌ ശ്രമിച്ചത്‌. ഹിന്ദുക്കളുടെ സ്വത്തുക്കൾ മുസ്ലീങ്ങൾക്ക്‌ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്‌. സമുദായങ്ങള്‍ക്കിടയിൽ ശത്രുത വളർത്തുന്നതും ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്നതുമായ പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തെ ലക്ഷ്യംവെയ്‌ക്കുകയും ആ വിഭാഗത്തിനെതിരെ വിദ്വേഷം പടർത്തുകയുമാണ്‌ മോദി ചെയ്‌തത്‌. വിദ്വേഷപ്രസംഗത്തിലൂടെയുള്ള വോട്ടഭ്യർത്ഥന അങ്ങേയറ്റം നിയമവിരുദ്ധമാണ്‌.

ഇന്ത്യൻ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായും കൊള്ളക്കാരായും ഹിന്ദുക്കൾക്ക്‌, പ്രത്യേകിച്ച്‌ ഹിന്ദു സ്‌ത്രീകൾക്ക്‌ ഭീഷണിയായുമൊക്കെ വർഗീയവാദികൾ ചിത്രീകരിക്കുന്നത്‌ അസാധാരണമല്ല. എന്നാൽ, ഈയൊരു സമീപനത്തെ സുപ്രീംകോടതി തന്നെ നേരത്തെ വിമർശിച്ചിട്ടുള്ളതാണ്‌. ഇന്ത്യയിലെ വിഭവങ്ങൾക്ക്‌ മേൽ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന്‌ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്‌ പറഞ്ഞിരുന്നുവെന്നും അതിലൂടെ നുഴഞ്ഞുക്കയറ്റക്കാർക്ക്‌ സ്വത്തുകൾ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞത്‌.

ബോധപൂർവ്വമായുള്ള ഈ പരാമർശം ഭരണഘടനാവിരുദ്ധമാണ്‌. ദേശീയ ഐക്യത്തിന്‌ വിരുദ്ധമാണ്‌. വളരെ പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതുമാണ്‌. കൂടുതൽ കുട്ടികളുള്ളവർ, നുഴഞ്ഞുക്കയറ്റക്കാർ തുടങ്ങിയ പരാമർശങ്ങൾ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടാണ്‌. മുസ്ലീം എന്ന വാക്ക്‌ പ്രസംഗത്തിൽ കൃത്യമായുണ്ട്‌. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും ഗുരുതരമായി ക്ഷതമേൽപ്പിക്കുന്നതാണ്‌ പ്രധാനമന്ത്രിയുടെ വാക്കുകൾ.

പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവ്യാപകമായി പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ അഖിലേന്ത്യാ പ്രസക്തിയുള്ള വിഷയമാണിത്‌. എത്രയും വേഗം കേസെടുത്ത്‌ അന്വേഷണത്തിലേക്ക്‌ കടക്കണം. എത്ര ഉന്നതപദവി വഹിക്കുന്ന ആളായാലും നിയമത്തിന്‌ അതീതനല്ല. അതുകൊണ്ട്‌ മോദിയ്‌ക്കെതിരെ ഉടനടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ സിപിഐ എം ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.