Skip to main content

പോരാട്ടങ്ങൾ തുടരാൻ ബുദ്ധദേബിന്റെ ഓർമ്മകൾ ശക്തി പകരും

സഖാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗ വാര്‍ത്ത‍ അറിഞ്ഞത് വേദനയോടെയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്.

ചെറുപ്പത്തില്‍തന്നെ അനിതരസാധാരണമായ സംഘാടന-നേതൃ പാടവം ബുദ്ധദേവ് കാഴ്ച്ച വെയ്ക്കുകയുണ്ടായി. പശ്ചിമ ബംഗാളില്‍ 1970 കളിലെ ഏകാധിപത്യ അര്‍ദ്ധ-ഫാസിസ്റ്റ് ഭീകരതയുടെ നാളുകളില്‍ പാര്‍ടിയെയും പാര്‍ടി പ്രവര്‍ത്തകരെയും സംരക്ഷിക്കുവാന്‍ ബുദ്ധദേവ് നിര്‍ഭയം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ അടിച്ചമര്‍ത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപധ്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിയമസഭാംഗം എന്ന നിലയിലും മന്ത്രിയെന്ന നിലയിലും കഴിവുറ്റ ഭരണാധികാരികൂടിയാണ് താന്നെന് തെളിയിക്കുകയുണ്ടായി. സാംസ്കാരിക മന്ത്രിയായി പ്രവര്‍ത്തിക്കുന്ന വേളയില്‍ പശ്ചിമ ബംഗാളിന്‍റെ സാംസ്കാരിക പരിപ്രേക്ഷ്യം വിശാലമാക്കി പുതുതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുതു തലമുറയെ നവോത്ഥാനമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിനും യത്നിച്ചു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പശ്ചിമ ബംഗാളിന്‍റെ വ്യവസായ വല്‍ക്കരണത്തിനായും, ഭരണത്തുടര്‍ച്ച ലഭിച്ചിരുന്നെങ്കില്‍ സുദീഘമായ വികസനയുഗത്തിലേക്ക് നയിക്കുമായിരുന്ന സുവ്യക്തമായ പദ്ധതികള്‍ രൂപപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനായുള്ള നിരന്തര ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇടതു ജനാധിപത്യ മുന്നണിയെയും പാര്‍ടിയെയും ദുര്‍ബ്ബലപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള ദുഷ്പ്രചരണങ്ങളെയും വ്യാജ വാര്‍ത്തകളെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടപ്പോഴും നിശ്ചയദാർഢ്യത്തോടെ നിലകൊണ്ടു. ക്ലേശകരമായ ഈ സമയത്തെല്ലാം സര്‍ക്കാര്‍-പാര്‍ടി സംവിധാനങ്ങളെ മുന്നോട്ട് നയിച്ചു.

അദ്ദേഹത്തിന്‍റെ ഓരോ പ്രവര്‍ത്തനങ്ങളിലും ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ഉറച്ച വിശ്വാസം നിറഞ്ഞു നിന്നിരുന്നു. ബുദ്ധദേവിൻ്റെ ലളിതജീവിതം പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഉത്തമ മാതൃകയാണ്.

ഭാരത സര്‍ക്കാര്‍ പത്മഭൂഷന്‍ ബഹുമതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ജനസേവനത്തിനായുള്ള ജീവിതം ഏന്തെങ്കിലും അംഗീകാരം പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്ന, അത് മാനവികതയ്ക്കായി സമര്‍പ്പിച്ചതാണെന്ന, കമ്യൂണിസ്റ്റുപാര്‍ടി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളില്‍ അദ്ദേഹം ദൃഢതയോടെ ഉറച്ചു നിന്നു എന്നതിന് ഇത് തെളിവാണ്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ വേര്‍പാടില്‍ ദുഖിക്കുന്നവരുടെ പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ സി പി ഐഎം. അംഗങ്ങളുടെ ദുഖത്തോടൊപ്പം നിലകൊള്ളുന്നു. ജനാധിപധ്യം ശക്തിപ്പെടുത്താനും മതേതരത്വം സംരക്ഷിക്കാനും സോഷ്യലിസം യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടങ്ങൾ തുടരുവാന്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ശക്തി പകരും.

കേരള സര്‍ക്കാരിന് വേണ്ടിയും വ്യക്തിപരമായും അദ്ദേഹത്തിന്‍റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.