Skip to main content

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു. പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയിൽ ചൈന, ബെലാറൂസ്, ചിലി,ബോസ്നിയ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം. സൊമാലിയ, യെമൻ, ചാഡ്, മഡഗാസ്കർ, കോംഗോ എന്നിവയാണ് പട്ടിണി കഠിനമായി നേരിടുന്ന രാജ്യങ്ങൾ.

രാജ്യാന്തര സന്നദ്ധസംഘടനകളായ കൺസേൺ വേൾഡ്‌വൈഡ്‌, വെൽത്‌ ഹംഗർ ലൈഫ്‌ എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്‌. പോഷകാഹാരക്കുറവ്‌, അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്‌, ഭാരക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സൂചിക. ഏറ്റവും മികച്ച സ്‌കോർ പൂജ്യവും ഏറ്റവും മോശം സ്‌കോർ നൂറും ആണ്‌. ഇന്ത്യക്ക്‌ ലഭിച്ചത്‌ 27.3 ആണ്‌. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ലോകത്തിലെ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണിയുടെ അളവ് പതിറ്റാണ്ടുകളായി ഉയർന്ന നിലയിൽ തുടരുമെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കൊപ്പം "സീരിയസ്‌" വിഭാഗത്തിലാണ്‌ ഇന്ത്യ ഉൾപ്പെടുന്നത്‌. ഇന്ത്യയെക്കൂടാതെ 42 രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങൾ "മോഡറേറ്റ്‌" വിഭാഗത്തിലാണ്‌ ഉൾപ്പെടുന്നത്‌. ഇന്ത്യൻ ജനസംഖ്യയുടെ 13.7 % പേർക്ക്‌ പോഷകാഹാരം ലഭിക്കുന്നില്ല, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 35.5 ശതമാനം വളർച്ച ഇല്ലാത്തവരാണ്‌, 2.9% കുട്ടികൾ അഞ്ച്‌ വയസ് ആകുന്നതിനു മുമ്പ്‌ മരിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജിഎച്ച്ഐയുടെ റാങ്കിങ് റിപ്പോർട്ട്‌ പരിശോധിക്കുമ്പോൾ 2030-ഓടെ "സീറോ ഹംഗർ" എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുക അസാധ്യമാണെന്നാണ്‌ വിദഗ്ദർ ചൂണ്ടികാണിക്കുന്നത്‌. ആവശ്യമായ ഭക്ഷണത്തിനുള്ള അവകാശത്തിെന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്‌ട്ര സമൂഹം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാത്ത നിരവധി പേരുണ്ടെന്ന്‌ റിപ്പോർട്ട് ഉപസംഹരിക്കുന്നു.

ആഗോളതലത്തിൽ പ്രതിദിനം 73.3 കോടി ആളുകൾ പട്ടിണി അനുഭവിക്കുന്നുവെന്നും , അതേസമയം ഏകദേശം 280 കോടി ആളുകൾക്ക്‌ നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരമായ പട്ടിണിയാണ്‌ നേരിടുന്നതെന്നും ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങൾ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, മാലി, സിറിയ എന്നീ രാജ്യങ്ങളിലെ സംഘർഷങ്ങളും ആഭ്യന്തര കലഹങ്ങളും അസാധാരണമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിച്ചതായി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടുന്നു. 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.