Skip to main content

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, നിപ, കോവിഡ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കേരള ജനത ഇത് തൊട്ടറിഞ്ഞിട്ടുള്ളതാണ്. എല്ലാവരെയും യോജിപ്പിച്ച് വലിയതോതിൽ ജനങ്ങളെ സന്നദ്ധപ്രവർത്തനങ്ങളിൽ അണിനിരത്തിയും സംസ്ഥാന ഉദ്യോഗസ്ഥരെയും സേനകളെയും ഉപയോഗപ്പെടുത്തിയും വയനാട് നടന്ന ദുരന്തനിവാരണത്തെ സംബന്ധിച്ച് പ്രതിപക്ഷ പാർടികൾപോലും വിമർശനം ഉന്നയിച്ചിട്ടില്ല. അപ്പോൾ പിന്നെ പ്രിയങ്ക ഗാന്ധി എന്താണ് ഉന്നംവച്ചത്?
പുനരധിവാസത്തിന് കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലായെന്നൊരു ആഖ്യാനം സൃഷ്ടിക്കുന്നതിന് ബിജെപിയും കോൺഗ്രസും ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രചാരണം ഏറ്റുപിടിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തത്. കേരള സർക്കാർ സ്വീകരിച്ച പല നടപടികളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേട്ടുകേൾവിപോലും ഇല്ലാത്തതാണ്.
ഉദാഹരണത്തിന് ടൗൺഷിപ്പ് പണിത് പുനരധിവസിപ്പിക്കുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 800-ൽപ്പരം കുടുംബങ്ങൾക്ക് പ്രതിമാസം 6000/- രൂപ വീതം വാടക നൽകുന്നതിനാണു തീരുമാനം. ഇതിന് ഏതാണ്ട് 50 ലക്ഷം രൂപ വീതം പ്രതിമാസം ചെലവാക്കിക്കൊണ്ടിരിക്കുകയാണ്.
മറ്റൊന്ന്, ദുരന്തഭൂമിയിൽ താമസിച്ചിരുന്നവരുടെ ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതായി. ഓരോ കുടുംബത്തിലും രണ്ട് പേർക്കുവീതം തൊഴിലുറപ്പുകൂലി സർക്കാർ ഉപജീവനസഹായമായി നൽകിക്കൊണ്ടിരിക്കുകയാണ്.
പലർക്കും അറിയേണ്ടത് എത്ര രൂപ ചെലവാക്കിയെന്നാണ്.

ക്യാമ്പുകളിലെ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും - 0.1 കോടി രൂപ.

മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നൽകിയ ധനസഹായം - 6.4 കോടി രൂപ.

മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് - 3.0 കോടി രൂപ.
അങ്ങനെ സംസ്ഥാന ദുരന്തനിവാരണനിധിയിൽ നിന്ന് 9.5 കോടി രൂപ ചെലവായി. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ (സിഎംഡിആർഎഫ്) നിന്ന് 7.7 കോടി രൂപകൂടി ചെലവഴിച്ചിട്ടുണ്ട്. അങ്ങനെ മൊത്തം 17.2 കോടി രൂപ.
കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കപ്പുറം എസ്ഡിആർഎഫിൽ നിന്നും പണം ചെലവഴിക്കാൻ കഴിയില്ലായെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾക്കപ്പുറം നൽകിയിട്ടുള്ള സഹായങ്ങളെല്ലാം സിഎംഡിആർഎഫിൽ നിന്നാണ്. ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും, കിടപ്പുരോഗികൾക്കുള്ള ധനസഹായവും, മരണപ്പെട്ടവർക്കുള്ള അധിക ധനസഹായവും, ആശുപത്രി ചികിത്സാ സഹായവും വാടകയും ഈ ഇനത്തിൽപ്പെടും.
ഇത്രയും വലിയ ദുരന്തമുണ്ടായിട്ട് 17 കോടി രൂപയേ ചെലവഴിച്ചുള്ളോ എന്നായിരിക്കും അടുത്ത ചോദ്യം.
വാടക, ഉപജീവന സഹായം തുടങ്ങിയവ അഡ്വാൻസായി നൽകാൻ കഴിയില്ലല്ലോ. പുനരധിവാസത്തിന്റെ ഭീമമായ ചെലവ് വരാൻ പോകുന്നേയുള്ളൂ. അത് എത്രവരുമെന്നതിന്റെ ഒരു കണക്ക് പോസ്റ്റ് ഡിഡാസ്റ്റർ നീഡ് അസസ്സ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ടിൽ നിന്ന് ലഭിക്കും. ഇതുപ്രകാരം മൊത്തം പുനരധിവാസ ചെലവ് 2221 കോടി രൂപയാണ്. എന്തൊക്കെ ഇതിൽപ്പെടും?

10 സെന്റ് ഭൂമിയിൽ രണ്ടാംനില പിന്നീട് പണിയാൻ കരുത്തുള്ള തറയിൽ 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്. മൊത്തം 1000 വീടുകളുള്ള രണ്ട് ടൗൺഷിപ്പുകൾ. ഇതിന് 1113 കോടി രൂപയാണ് ചെലവ്. രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിൽ ഇതിനു സമാനമായ മറ്റൊരു പദ്ധതി വിമർശകർക്ക് ചൂണ്ടിക്കാണിക്കാനാകുമോ?
റോഡുകൾക്കും പാലങ്ങൾക്കും 268 കോടി രൂപ.
വിദ്യാഭ്യാസം, ആരോഗ്യം, അങ്കണവാടി, മറ്റു പൊതു സൗകര്യങ്ങൾ - 83 കോടി രൂപ.
കുടിവെള്ളം, ജലസേചനം - 75 കോടി രൂപ
കൃഷി, മൃഗസംരക്ഷണം - 150 കോടി രൂപ
ടൂറിസം - 25 കോടി രൂപ
ചെറുകിട വ്യവസായം - 65 കോടി രൂപ
ഡിസാസ്റ്റർ റിസ്ക് ഡിഡക്ഷൻ - 222 കോടി
മറ്റുള്ളവ - 220 കോടി രൂപ
ഇവയൊക്കെ നടപ്പാക്കാൻ എന്താ താമസം? എന്നാകും അടുത്ത ചോദ്യം.
താമസം അനിവാര്യമാണ്. ഉദാഹരണത്തിന് ടൗൺഷിപ്പ് എടുക്കാം. സമീപത്തുള്ള രണ്ട് എസ്റ്റേറ്റുകളുടെ ഭൂമിയാണ് ഇതിനായി കണ്ടിട്ടുള്ളത്. ഇത് സർക്കാർ പാട്ടഭൂമി അല്ല, തങ്ങളുടെ സ്വകാര്യ ഭൂമിയാണെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ഹൈക്കോടതിയിൽ കേസാണ്. അതിന്റെ വിധിക്കുമുമ്പ് ഭൂമി ഏറ്റെടുക്കാനാകുമോ? ഇവർക്കുള്ള വില നൽകി ഭൂമിയെടുത്താൽ പിന്നെ അടുത്ത പുകില് സർക്കാർ ഭൂമിക്ക് കാശ് നൽകിയെന്നാകും. പ്രതിപക്ഷം എളുപ്പമാർഗ്ഗമൊന്നു പറഞ്ഞുതാ.
ഇതുപോലെ ദുരന്തസാധ്യതയുള്ള ഭൂമികളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം. കേരളത്തിൽമൊത്തം പതിനായിരത്തോളം കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. തീരപ്രദേശത്തെ പുനർഗേഹം പദ്ധതി പോലെ 10 ലക്ഷം രൂപയാണ് നൽകുക. 2000-ത്തിൽപ്പരം കുടുംബങ്ങൾ ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കാത്തുനിൽക്കുകയേ നിർവ്വാഹമുള്ളൂ.
സംസ്ഥാന സർക്കാരിനു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അവയുമാകാം. പക്ഷേ, ഒന്നും ചെയ്യുന്നില്ലായെന്ന വാദങ്ങൾ കേന്ദ്ര സർക്കാരിനെ വെള്ളപൂശാനുള്ള പുറപ്പാടുകളാണ്.
 

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.