Skip to main content

പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23, അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ

പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഭഗത് സിംഗ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളി പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല . ഇരുപത്തിമൂന്നാം വയസ്സില്‍ ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിനായി രക്ത സാക്ഷിയായ ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്‍റെ പേരില്‍ 1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഭഗത് സിംഗിനൊപ്പം രക്തസാക്ഷിത്വം വരിക്കാൻ സുഖ്ദേവും രാജ്ഗുരുവുമുണ്ടായിരുന്നു.
1907 സെപ്റ്റംബര്‍ 28ന് പഞ്ചാബിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷന്‍സിംഗിന്‍റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കള്‍ തന്നെയാണ് പകർന്ന് നൽകിയത്. കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത് സിംഗ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാര്‍ഢ്യം കുഞ്ഞു നാളിലേ ആ മനസ്സിലുണ്ടായിരുന്നു.അച്ഛനും സുഹൃത്തും നടക്കാന്‍ പോകുമ്പോള്‍ ഒരിക്കല്‍ കൊച്ചു ഭഗത്തും കൂടെ പോയി. നടന്നു നടന്ന് ഒരു വയല്‍ വരമ്പിലൂടെ അവര്‍ പോവുകയായിരുന്നു. പിന്നില്‍ നടന്നിരുന്ന കുഞ്ഞിന്‍റെ കാലൊച്ച കേള്‍ക്കാതിരുന്നപ്പോള്‍ അച്ഛന്‍ തിരിഞ്ഞു നോക്കി. ഭഗത്ത് വയല്‍ വരമ്പില്‍ കുത്തിയിരിക്കുകയായിരുന്നു. എന്തു പറ്റി എന്നു തിരക്കിയപ്പോള്‍ ഞാനിവിടെയെല്ലാം തോക്കുകള്‍ കൃഷി ചെയ്യും എന്നായിരുന്നു കൊച്ചു ഭഗത്തിന്റെ മറുപടി.
1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല വിദ്യാർത്ഥിയായ ഭഗത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. അവിടത്തെ ചോരയില്‍ കുതിര്‍ന്ന ഒരുപിടി മണ്ണ് അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു.കുട്ടിക്കാലത്ത്‌ അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടമാണ് നല്ലതെന്ന് കുഞ്ഞു ഭഗത് വിശ്വസിച്ചു .
1926 ല്‍ ഭഗത് സിംഗ് നൗജവാന്‍ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നൗജവാന്‍ ഭാരത് സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ അസോയിയേഷന്‍ എന്ന വിപ്ളവ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ സ്വതന്ത്രഭരണം സ്ഥാപിക്കുക - ഇതായിരുന്നു ഭഗത് സിംഗിന്റെ ലക്‌ഷ്യം. 1929 ഏപ്രില്‍ എട്ടിന് തൊഴില്‍ തര്‍ക്ക ബില്ലും പൊതു ബില്ലും സുരക്ഷാ ബില്ലും അവതരിപ്പിക്കാനിരിക്കെ ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ളി മന്ദിരം ഭഗത് സിങും കൂട്ടരും ആക്രമിച്ചു.ബോംബെറിഞ്ഞെന്നാണ് പരാമർശിക്കപ്പെടുന്നെങ്കിലും വളരെ ആഘാതശേഷി കുറഞ്ഞ പടക്കം പോലെയുള്ള വസ്തുക്കളാണ് ഉപയോഗിച്ചത്. ആർക്കും പരിക്കേൽക്കാത്ത വിധമാണ് ഇത് പൊട്ടിച്ചത്. അതിന് ശേഷം രക്ഷപ്പെടാൻ ഉദ്യമിക്കാതെ സുരക്ഷാഭടന്മാരുടെ അറസ്റ്റിന് ഭഗത് സിംഗും കൂട്ടരും വിധേയരാകുകയും ചെയ്തു. ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കരിനിയമങ്ങൾ കാര്യമായ ചർച്ച കൂടാതെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ളിയിൽ പാസാക്കി എടുക്കുവാനുള്ള ബ്രട്ടീഷ് സാമ്രാജ്യത്വ നീക്കത്തിനെതിരെ ജനശ്രദ്ധ ആകർഷിക്കുവാനും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്‌ ഉയർത്തിവിടാനും പ്രയോജനപ്പെടുമെങ്കിൽ എന്ന ചിന്തയിലാണ് ഈ സാഹസത്തിനു അവർ മുതിർന്നത്. ജയിലിലായ ഭഗത് സിംഗിന്റെയും കൂട്ടുകാരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വിചാരണ പ്രഹസനത്തിനു ശേഷം ആ ധീരദേശാഭിമാനികളെ ബ്രട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള്‍, മരണത്തിന്റെ മുന്‍പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞ് വിപ്ലവം ജയിക്കട്ടെ,സാമ്രാജ്യത്വം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഭഗത് സിംഗ് രക്തസാക്ഷി ആയത്. ഭഗത് സിംഗ് എന്ന പേരിനോട് ഒപ്പം നാം ഓർമിക്കേണ്ട രണ്ടു പേരുകളാണ് സുഖ് ദേവും, രാജ് ഗുരുവും.
ഈ ധീര രക്ത സാക്ഷികളുടെ ഉറ്റ സഖാക്കൾ ആയിരുന്ന പണ്ഡിറ്റ് ശിവ വർമ്മയും, പണ്ഡിറ്റ് കിഷോരിലാലും അവിഭക്ത കമ്മുണിസ്റ്റു പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ഭാഗമായാണ് പ്രവർത്തിച്ചത് എന്ന കാര്യം ആവേശം പകരുന്നതാണ്.1980 ൽ പഞ്ചാബിലെ ലുധിയാനയിൽ വച്ച് DYFI യുടെ രൂപികരണ സമ്മേളനം നടക്കുമ്പോൾ അവർ ഇരുവരും അവിടെ സന്നിഹിതരായിരുന്നു. ധീര വിപ്ലവകാരി ഭഗത് സിംഗിന്റെ ത്യാഗോജ്വല സമര പാരമ്പര്യം ഡിവൈഎഫ്ഐക്കും കമ്മ്യുണിസ്റ്റുകൾക്കും അവകാശപ്പെട്ടതാണെന്ന് അവർ ഇരുവരും ലുധിയാന സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വാതന്ത്യ സമരത്തെ ഒറ്റുകൊടുക്കുകയും തടവറകളിൽ നിന്നും ബ്രിട്ടീഷ് കാർക്ക് മാപ്പെഴുതി നൽകി ജയിൽ മോചിതരായി പുറത്ത്‌വരുകയും ചെയ്തവർ രാജ്യസ്നേഹത്തെക്കുറിച്ചു സംസാരിക്കുന്ന ഇക്കാലത്ത്‌ മനുഷ്യസ്നേഹികളും ദേശസ്നേഹികളുമായിരുന്ന ഈ അനശ്വര രക്തസാക്ഷികൾ നമുക്ക് പോരാട്ടവീര്യവും വഴിവെളിച്ചവും പകരും. ആ അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ. 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.