ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്. കേന്ദ്രവിഹിതവും കേന്ദ്ര ഇൻസെൻറ്റീവിലെ സംസ്ഥാനവിഹിതവും കൂടി ചേർന്ന തുകയാണിത്. കേന്ദ്രം മാത്രമായി ചെലവാക്കിയ തുകയുടെ കണക്ക് നൽകാൻ കേന്ദ്ര തയ്യാറായില്ല.
2023-24 ൽ ഇത് 3277 കോടി ആയിരുന്നു. ഇതിൽ നിന്നും 23 .75 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 2020 -21 ൽ ഇത് 3453 കോടി ആയിരുന്നു. 2020 -21 ൽ നിന്നും 27.63 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആകെ ആശമാരുടെ എണ്ണം 10,30,992 ആണ്. ഇവർക്കായി കേന്ദ്രം ചെലവാക്കുന്ന തുക കുംഭമേളയ്ക്ക് അനുവദിച്ച പ്രത്യേക ഗ്രാന്റിനേക്കാളും കുറവായിരിക്കും എന്നതാണ് അവസ്ഥ. കുംഭമേളക്കായി ഉത്തർപ്രദേശ് സർക്കാർ നീക്കിവെച്ച 2500 കോടി രൂപയ്ക്ക് പുറമേ കേന്ദ്രസർക്കാർ 2100 കോടി രൂപ കൂടി പ്രത്യേക ഗ്രാന്റ് ആയി അനുവദിച്ചിരുന്നു.
ആശമാർക്ക് ശമ്പളം നൽകാൻ സംസ്ഥാനസർക്കാരുകൾക്ക് കഴിയുമോ എന്ന സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറി. ആശമാരെ വിഭാവനം ചെയ്തിരിക്കുന്നത് സന്നദ്ധപ്രവർത്തകർ എന്ന നിലയ്ക്കാണെന്നും മന്ത്രാലയം ആവർത്തിച്ചു. ആരോഗ്യത്തിനു ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 ശതമാനം മാത്രം ചെലവാക്കുന്ന കേന്ദ്രനയമാണ് ആശകളെയും ദുരിതത്തിലാഴ്ത്തുന്നത്. സംസ്ഥാനങ്ങളെ വിഭവസമാഹരണത്തിൽ നിന്നും വിലക്കുകയും എന്നാൽ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുകയുമാണ് കേന്ദ്രനയം.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുകയും അവർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കുകയും വേണമെന്നും സ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു
