Skip to main content

സഖാവ് ഇ കെ നായനാർ ദിനം

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ്‌ 19. മൂന്നു തവണ എൽഡിഎഫ് ഭരണത്തെ നയിച്ച അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 21 വർഷം പൂർത്തിയാകുന്നു. കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, പാർലമെന്റേറിയൻ, ദേശാഭിമാനി പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

സ്കൂൾ വിദ്യാർഥിയായിരിക്കെ ബാലസംഘത്തിലൂടെ പൊതുരംഗത്തെത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ, കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിക്കും കെ പി ആറിനുമൊപ്പം നായനാർ സമരത്തിനിറങ്ങി. ആദ്യം കോൺഗ്രസിലും 1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ കർഷക പോരാട്ടത്തിന്റെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. കയ്യൂർ സമരത്തിലും സഖാവ് സജീവപങ്കാളിയായിരുന്നു. ഈ കേസിൽ നായനാരെ പ്രതിയാക്കുകയും ചെയ്തിരുന്നു. ഇക്കാലയളവിലാണ് സുകുമാരൻ എന്ന പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

ത്യാഗോജ്വലമായ സമരസംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി. 1955വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന് എതിരായ സമരത്തിൽ 1964ൽ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു.

ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ, അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെതുടർന്ന് 1972ൽ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. 2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ കഴിഞ്ഞ ഘട്ടത്തിലാണ്‌ നായനാർ നമ്മോട്‌ യാത്ര പറഞ്ഞത്‌. അന്ന്‌ കേരളത്തിൽ 18 സീറ്റിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽനിന്ന്‌ പുറത്തായി.

സംസ്ഥാനത്ത്‌ ഇന്ന് കാണുന്ന വികസനത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ നായനാർ വഹിച്ച പങ്ക് വളരെ വലുതാണ്. ആദ്യത്തെ ഐടി പാർക്ക്‌ സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ചപ്പാടുകൾ പ്രായോഗികമാക്കപ്പെട്ടത് നായനാർ ഭരണകാലത്താണ്. കർഷകർക്കും തൊഴിലാളികൾക്കുംവേണ്ടി നിലകൊണ്ട നേതാവായിരുന്നു ഇ കെ നായനാർ. അദ്ദേഹം നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും ഗുണകരമായ തീരുമാനങ്ങളായിരുന്നു ഇടതുപക്ഷ സർക്കാരുകൾ കൈക്കൊണ്ടത്‌.

എൽഡിഎഫിന്‌ തുടർഭരണമുണ്ടായാൽ മാത്രമേ കേരളവികസനത്തിന്‌ തുടർച്ചയുണ്ടാകൂ എന്നതായിരുന്നു സ്ഥിതി. പിണറായി സർക്കാരിന്‌ തുടർഭരണം ലഭിച്ചതോടെ കേരളവികസനത്തിൽ വലിയ കുതിപ്പുതന്നെയുണ്ടായി. മുടങ്ങിയ നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ തുടർച്ചയുണ്ടായി. സമഗ്രമേഖലയിലും സാധാരണക്കാരന്‌ ഇടപെടാൻ കഴിയുന്ന സാഹചര്യമൊരുങ്ങി. വിഴിഞ്ഞംപോലുള്ള സ്വപ്നപദ്ധതി യാഥാർഥ്യമായി. അതുവഴി നിരവധിപേർക്ക്‌ ജോലി ലഭിച്ചു. ഇനിയും ഒട്ടനവധി അവസരങ്ങൾ ലഭ്യമാകും. ഭരണത്തുടർച്ചയുടെ വികസനനേട്ടങ്ങൾ അനുഭവിക്കുന്ന കേരള ജനത, എൽഡിഎഫ്‌ സർക്കാർ മൂന്നാംതവണയും അധികാരത്തിൽ വരണമെന്ന നിശ്ചയദാർഢ്യത്തിലാണ്‌ മുന്നോട്ടുപോകുന്നത്‌. സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികവുമായി ബന്ധപ്പെട്ട പരിപാടികളിലെ പങ്കാളിത്തവും പ്രതികരണങ്ങളും അത്‌ സാക്ഷ്യപ്പെടുത്തുന്നു.

പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ–- പാക്‌ സംഘർഷത്തിന്റെയും വെടിനിർത്തലിന്റെയും സാഹചര്യത്തിലൂടെയുമാണ്‌ രാജ്യമിപ്പോൾ കടന്നുപോകുന്നത്‌. ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ പാകിസ്ഥാന്‌ മറുപടി നൽകിയെങ്കിലും പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാധ്യസ്ഥ്യന്റെ വേഷത്തിലെത്തിയ അമേരിക്കയുടെ സമീപനവും ഗൗരവമായി കാണണം. സാഹചര്യം ഉപയോഗപ്പെടുത്തി വർഗീയതയും മതധ്രുവീകരണവും വളർത്താനും ശ്രമം നടക്കുന്നുണ്ട്‌. സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയ കേണൽ സോഫിയ ഖുറേഷിക്കും വിദേശ സെക്രട്ടറി വിക്രം മിസ്രിക്കുമെതിരെ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കണം. വെടിനിർത്തൽ ഉണ്ടായത് അമേരിക്കൻ മാധ്യസ്ഥ്യത്തിലാണെന്ന ട്രംപിന്റെ പ്രസ്താവന തള്ളാൻ ഇന്ത്യൻ ഭരണ നേതൃത്വം തയ്യാറായില്ലെന്നതും ഗൗരവകരമാണ്. വർഗീയതയ്‌ക്കും ഭീകരവാദത്തിനും എതിരെ ജനപക്ഷ ബദലുയർത്തി പ്രതിരോധം തീർക്കേണ്ടതും അനിവാര്യമാണ്. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാനുള്ള ആ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ നായനാരുടെ ഓർമകൾ കരുത്തുപകരും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.