Skip to main content

ജനങ്ങളെ മതപരമായി ധ്രുവീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം പണിയുകയും ചെയ്യുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് ഫലത്തിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് വളരുവാനുള്ള വഴിയൊരുക്കലാണ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 11,077 വോട്ടിന്‌ വിജയിച്ചു. ഈ വിജയം അംഗീകരിക്കുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിന്റെ രീതികളെ വിശകലനംചെയ്ത് അവിടെ നടന്ന രാഷ്ട്രീയ ചലനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്നതും പ്രധാനമാണ്. നിലമ്പൂർ ഇന്നത്തെ നിലയിലുള്ള മണ്ഡലമായതിനുശേഷം മൂന്ന് തെരഞ്ഞെടുപ്പാണ് നിയമസഭയിലേക്ക് നടന്നത്. ആദ്യത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ചത് 60,733 വോട്ടായിരുന്നു. പിന്നീട് 2016ലെ തെരഞ്ഞെടുപ്പിൽ അത് 77,585 ആയി മാറി. 2021ൽ അത് 81,227 ആയി. അസംബ്ലി മണ്ഡലത്തിൽ സ്വതന്ത്രരെ നിർത്തിയാണ് എൽഡിഎഫ് മത്സരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ചിഹ്നത്തിലാണ് എൽഡിഎഫ് മത്സരിച്ചത്. അതിൽ 2009ൽ 37,409, 2014ൽ 52,137, 2019ൽ 42,020 , 2024ൽ 42,964, എന്നിങ്ങനെയും 2024 ൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 29,911 വോട്ടുമാണ് ലഭിച്ചത്. ഇതിൽനിന്നും വ്യക്തമാകുന്നത് 40,000ത്തോളം വോട്ടാണ് എൽഡിഎഫിന് പൊതുവിൽ മണ്ഡലത്തിലുള്ളതെന്നാണ്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ പോളിങ്‌ നിലയിലെ കുറവുകൂടി കണക്കിലെടുത്താൽ അതിനെ മാനദണ്ഡമാക്കിയെടുക്കാനാകില്ല.

യുഡിഎഫ് സ്ഥാനാർഥിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 78,527 വോട്ട് ലഭിച്ചു. ഈ ഉപതെരഞ്ഞെടുപ്പിൽ 77,737 വോട്ടായി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനപിന്തുണ അവർക്ക് ലഭിച്ചില്ല. കേരളത്തിൽ യുഡിഎഫിന് 41 സീറ്റ്‌ ലഭിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിനേക്കാൾ പിറകിൽ പോയിയെന്നർഥം. യുഡിഎഫിന് അനുകൂലമായി കേരളജനത ചിന്തിക്കുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്ക്.

യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ വോട്ടോടെയെങ്കിലും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണകൊണ്ടുമാത്രമാണ്. തങ്ങളുടെ മാധ്യമ സംവിധാനങ്ങളുൾപ്പെടെ രംഗത്തിറക്കി ഇടപെട്ട ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് അവർക്ക് ലഭിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ 12,284 വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ അത് 8,648 ആയി. ബിജെപി സ്ഥാനാർഥി തന്നെ പരസ്യമായി പ്രഖ്യാപിച്ചത് എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിക്കാർ യുഡിഎഫിന് വോട്ട് ചെയ്തുവെന്നാണ്. എസ്ഡിപിഐക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4,856 വോട്ടുണ്ടായിരുന്നു. ഇത്തവണ ലഭിച്ചത് 2,075 വോട്ടാണ്. ആ വോട്ടുകളും യുഡിഎഫിനാണ് പോയത്. 9,000ത്തോളം വോട്ട് തങ്ങൾക്കുണ്ടെന്നും, അത് യുഡിഎഫിന് പോയെന്നുമുള്ള എസ്ഡിപിഐ നേതാവിന്റെ പ്രസ്താവന ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഇരു വർഗീയ ശക്തികളുടെ വോട്ട് ലഭിച്ചിട്ടും കഴിഞ്ഞ തവണത്തെ വോട്ടിലേക്ക് അവർക്കെത്താനായില്ല. വർഗീയ ശക്തികളുടെ പിന്തുണയിൽ വിജയം നേടിയെങ്കിലും യുഡിഎഫിന് പരമ്പരാഗതമായി ലഭിക്കുന്ന മതനിരപേക്ഷ വോട്ടുകൾ നിലമ്പൂരിൽ അവരെ കൈയൊഴിഞ്ഞിട്ടുണ്ട്.

നിലമ്പൂർ നിയോജകമണ്ഡലം താരതമ്യേന പിന്നാക്കം കിടന്ന ഒരു മണ്ഡലമാണ്. എന്നാൽ, എൽഡിഎഫ് വിജയിച്ചതോടെ വികസനക്കുതിപ്പ് മണ്ഡലത്തിലുണ്ടായിട്ടുണ്ട്. പിന്നാക്കം കിടക്കുന്ന മണ്ഡലങ്ങളെ സഹായിക്കുകയെന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ നയത്തിന്റെ ഫലമാണത്. കഴിഞ്ഞ ഒമ്പത് വർഷം ഈ വികസന പ്രവർത്തനം നടന്നത് ഇപ്പോഴത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ആൾ മുഖാന്തരമായിരിക്കും. അത് ഉപയോഗപ്പെടുത്തി വോട്ട് നേടാനുള്ള ഇടപെടലാണ് മുൻ എംഎൽഎ നടത്തിയത്. സർക്കാർ നടത്തിയ കവളപ്പാറ പുനരധിവാസം തൊട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ലഭിച്ച തുകവരെ തന്റേതാണെന്ന് പ്രഖ്യാപിച്ച് വോട്ട് പിടിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കോൺഗ്രസ് കേന്ദ്രം ഭരിക്കുന്നകാലത്ത് കൊണ്ടുവന്നതും, ബിജെപി തുടരുന്നതുമായ നിയമങ്ങൾക്കാണ് യഥാർഥത്തിൽ മാറ്റം വരുത്തേണ്ടത്. ഇക്കാര്യം പ്രചരിപ്പിക്കാൻ കൂടുതൽ ശ്രദ്ധിക്കുകയെന്നത് നിലമ്പൂർ ഉൾപ്പെടെയുള്ള മണ്ഡലത്തിൽ പ്രധാനമാണ്.

മുൻ എംഎൽഎയുടെ പൊതുപ്രചാരണം ഇടതുപക്ഷത്തിനെതിരെ ആരോപണമുന്നയിച്ച് യുഡിഎഫിന്‌ അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനുള്ളതായിരുന്നു. അതേസമയം, വോട്ടർമാരെ നേരിട്ട് അഭിമുഖീകരിക്കുമ്പോൾ ഇടതുപക്ഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അവകാശിയായി മാറാനുമാണ് ശ്രമിച്ചത്. വികസന പ്രവർത്തനം പറഞ്ഞ് സ്വതന്ത്ര സ്ഥാനാർഥി നേടിയ വോട്ടുകളെല്ലാം എൽഡിഎഫ് ഗവൺമെന്റിന്റെ വികസനത്തിന് പിന്തുണയായുള്ള വോട്ടുകളാണ്. ഇക്കാര്യത്തിൽ ഇപ്പോൾ വന്നിട്ടുള്ള പുകമറ മാറുന്നതോടെ എൽഡിഎഫിന്റെ വികസന പ്രവർത്തനത്തിനായുള്ള വോട്ടുകൾ മുന്നണി സ്ഥാനാർഥിക്ക് തന്നെ ലഭിക്കും.

എം സ്വരാജിന്റെ സ്ഥാനാർഥിത്വം വിപുലമായ അംഗീകാരമാണ് മണ്ഡലത്തിനകത്തും പുറത്തുമുണ്ടാക്കിയത്. എഴുതുകയും പ്രസംഗിക്കുകയും മുന്നണിയുടെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുകയും ചെയ്യുന്ന സ്വരാജിന്റെ ഇടപെടൽകൂടി അതിനുപിന്നിലുണ്ട്. ഈ അംഗീകാരത്തെ ഇകഴ്ത്തിക്കാണിക്കാൻ യുഡിഎഫ് അനുകൂല സാംസ്കാരിക നായകർ നടത്തിയ ഇടപെടൽ അവർ ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെക്കൂടി വ്യക്തമാക്കുന്നതാണ്. സ്വതന്ത്ര ബുദ്ധിജീവിയെന്ന് അഭിമാനിക്കുന്ന ഒരാൾ സാംസ്കാരിക നായകർക്ക് രാഷ്ട്രീയം പാടില്ലെന്ന് പറയുകയും നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കായി രംഗത്തിറങ്ങുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അക്ഷരവിരോധം യുഡിഎഫ് നേതാക്കളും ഏറ്റുപിടിച്ചു. വായിക്കുന്നതുകൊണ്ട് ജനങ്ങൾക്കെന്ത് പ്രയോജനമെന്ന വാക്കുകൾ കേരളം ആശ്ചര്യത്തോടെയാണ് കേട്ടത്. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ച കെ ആർ മീരയ്‌ക്കും നിലമ്പൂർ ആയിഷയ്ക്കുമെതിരായി വലതുപക്ഷ ശക്തികൾ നടത്തിയ സൈബർ ആക്രമണങ്ങൾ ഈ സംസ്കാരത്തിന്റെ തുടർച്ച തന്നെയാണ്. അക്ഷരത്തെയും വായനയെയും പുച്ഛിക്കുന്ന ഈ രാഷ്ട്രീയ സാംസ്കാരിക മാലിന്യങ്ങളെ തുറന്നുകാട്ടേണ്ടതുണ്ട്.

ഇന്ത്യ മാത്രമല്ല, ലോകം തന്നെ മതരാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. ഇവരുടെ നയങ്ങളെ മതനിരപേക്ഷതയിൽ അടിയുറച്ചുകൊണ്ട് മുസ്ലിം മതപണ്ഡിതൻമാരെല്ലാം എതിർത്തുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര കാഴ്ചപ്പാടിനെ ഇടതുപക്ഷം തുറന്നുകാട്ടുമ്പോൾ മുസ്ലിങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന പ്രചാരണവും അവർ നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഏത് മതവിശ്വാസിക്കും അവരുടെ വിശ്വാസത്തിൽ ജീവിക്കുന്നതിനും വിശ്വസിക്കാത്തവർക്ക് അങ്ങനെ ജീവിക്കാനുമുള്ള അവകാശത്തിനുവേണ്ടിയാണ് മതനിരപേക്ഷവാദികൾ നിലകൊള്ളുന്നത്. മതവിശ്വാസം ഉപേക്ഷിക്കാനല്ല, എല്ലാ മതവിശ്വാസികൾക്കും ഒന്നിച്ച് ജീവിക്കാൻ പറ്റുന്ന മതനിരപേക്ഷ ഭരണ സംവിധാനത്തിനാണ് അവർ നിലപാട് സ്വീകരിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിം ഏകീകരണമെന്ന കാഴ്ചപ്പാടിന്റെ ലക്ഷ്യം മുസ്ലിങ്ങളെ ഏകീകരിച്ച് മതരാഷ്ട്രവാദികളാക്കി മാറ്റുകയെന്നതാണ്. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന മുസ്ലിം സമുദായത്തെ മുഴുവനും മതരാഷ്ട്രവാദത്തിലേക്ക് കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്. മറ്റ് മതക്കാർക്കെതിരെ വിദ്വേഷവും പരത്തി മതനിരപേക്ഷവാദികളെ മതവിരോധികളെന്നും മുദ്രകുത്തി അന്യരാക്കി മാറ്റാൻവേണ്ടി ശ്രമിക്കുന്നു. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം മുസ്ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പൊതുസമൂഹത്തിന്റെ ജനാധിപത്യപരമായ ജീവിതത്തെ തകർക്കാനുള്ളതും മതങ്ങൾ തമ്മിലുള്ള സ്പർധ സൃഷ്ടിക്കാനുള്ളതുമാണ്. മറ്റ് മതങ്ങളുടെ ആരാധനാ രീതികളെത്തന്നെ ചോദ്യം ചെയ്യുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. ഈ യാഥാർഥ്യം ജനങ്ങളെ അറിയിക്കുകയെന്ന ചുമതല ജനാധിപത്യവാദികളായ എല്ലാവർക്കുമുണ്ട്. മുസ്ലിം പണ്ഡിത സമൂഹം ഇത് തിരിച്ചറിഞ്ഞ് മുന്നോട്ടുവരുന്നുവെന്നതാണ് കേരളത്തിന്റെ മതനിരപേക്ഷതയുടെ സുപ്രധാനമായ ഗ്യാരണ്ടിയായി നിൽക്കുന്നത്.

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്ന നയങ്ങളെ എതിർക്കുന്ന വ്യക്തികളെ തേജോവധം ചെയ്യുന്ന ദീർഘകാല പദ്ധതികളും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ട് നിലമ്പൂരിൽ മത്സരിച്ച സ്വരാജിന് വരെ സംഘി പട്ടവും മറ്റും ചാർത്തുന്നതിന് ഇവർ ശ്രമിച്ചു. ഇടതുപക്ഷ ഹിന്ദുത്വമെന്ന പുതിയ വാചകവും ഇവർ സ്വരാജിനുനേരെ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, കേരളീയസമൂഹം ഹൃദയത്തിലേറ്റുവാങ്ങിയ പതിനാല് പതിപ്പുകൾ ഇറങ്ങിയിട്ടുള്ള ‘പൂക്കളുടെ പുസ്തക’ത്തിനെതിരെയും അപവാദ പ്രചാരണങ്ങളുണ്ടായി. ഇത്തരക്കാർക്ക് മതനിരപേക്ഷ സർട്ടിഫിക്കറ്റ് നൽകാൻ ചില ‘രാമൻ’മാരും രംഗത്തിറങ്ങിയിട്ടുണ്ട്.

ജനങ്ങളെ മതപരമായി ധ്രുവീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം പണിയുകയും ചെയ്യുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് ഫലത്തിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് വളരുവാനുള്ള വഴിയൊരുക്കലാണ്. ഇത്തരം രീതികളിലേക്ക് കേരളീയ സമൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദികളാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പുറത്തുവന്നത് നിലമ്പൂർ തെരഞ്ഞെടുപ്പിലാണ്. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച അപകടം സമൂഹത്തെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ മുസ്ലിംലീഗിൽ അണിചേർന്ന വിഭാഗങ്ങൾ മതരാഷ്ട്ര ചിന്തകളിലേക്ക് എത്തിച്ചേരും. മുസ്ലിംലീഗുമായി ബന്ധപ്പെട്ട് നിൽക്കുന്ന പുതിയ തലമുറയുൾപ്പെടെയുള്ളവർ ജമാഅത്തെ ഇസ്ലാമിയുടെ സംജ്ഞകൾ അതേപടി വിഴുങ്ങുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി നാടിനെ കുരുതി കൊടുക്കുന്ന ഈ നിലമ്പൂർ സൂത്രവാക്യത്തിനെതിരെ കേരളീയസമൂഹം യോജിക്കേണ്ടതുണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങളെ ജനങ്ങളെ അറിയിക്കുകയെന്നത് എൽഡിഎഫിന്റെ ഉത്തരവാദിത്വമാണ്. ഒപ്പം തന്നെ പോരായ്മകളെ താഴെത്തലംവരെ സൂക്ഷ്മമായി വിലയിരുത്തി തിരുത്തുകയെന്നതും പ്രധാനമാണ്. ആ മണ്ഡലം അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുന്നതിന് ഇത് അനിവാര്യമാണ്. തെറ്റിദ്ധരിക്കപ്പെട്ട വിഭാഗങ്ങളിലുൾപ്പെടെ വികസനത്തിന്റെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇതിന്റെ ഭാഗമായി പാർടി നേതൃത്വം നൽകും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇത്തരം പ്രവർത്തനങ്ങളിലൂടെ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം എത്തിക്കാനാകുമെന്ന സൂചനകളും നൽകുന്നുണ്ട്. ഉറച്ച ഇടതുപക്ഷ അടിത്തറയുള്ള കുഞ്ഞാലിയുടെ മണ്ണ് ശരിയായ ഇടപെടലിലൂടെ ചെങ്കൊടിയുടെ വഴിത്താരകളിലേക്ക് എത്തുക തന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.