മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ ചിലർ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലായ മീഡിയ വണ്ണിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് കൃത്യമായുണ്ട്. ജമാ അത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ഭാഗമായി പോകുന്ന വിഭാഗമാണെന്ന് ഇപ്പോൾ പരസ്യമാണ്. അതിന്റെ ഭാഗമായി മീഡിയ വൺ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതിനായി അവർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതിന് അവർ കണ്ടുപിടിച്ച ഉപാധി വണ്ടൂർ മുൻ എംഎൽഎ ആയിരുന്ന സഖാവ് കണ്ണനെയും വണ്ടൂർ മണ്ഡലത്തേയും അപമാനിക്കുന്ന തരത്തിലുള്ള നുണ പ്രചരണം നടത്തുക എന്നതാണ്. മലപ്പുറം ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനുള്ള എൻഡിഎഫ് പോലുള്ള സംഘടനകളുടെ ചില ഇടപെടലുകൾ കൃത്യമായി പേരെടുത്ത് പറഞ്ഞുകൊണ്ട് സഖാവ് കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുമായി ബന്ധപ്പെട്ടാണ് ഈ കള്ള പ്രചാരവേല ഇപ്പോൾ നടത്തുന്നത്. മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെയുള്ള സബ്മിഷനാണ് സ. കണ്ണൻ അവതരിപ്പിച്ചത്. അതിലെ എൻഡിഎഫ് എന്ന പേര് മാറ്റി നടത്തുന്ന വ്യാജ പ്രചാരണത്തിലൂടെ മലപ്പുറത്തേയും മുസ്ലിം ജനവിഭാഗത്തേയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് മീഡിയ വൺ നടത്തുന്നത്. മതപരമായ വിഭജനം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഇത് നടത്തുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ സിപിഐ എം നിയമ നടപടി സ്വീകരിക്കും.
