വധശിക്ഷ കാത്ത് യമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷാ ഇളവിന് കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു. നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെടണം.
വധശിക്ഷ നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നിര്‍ണായകമായ ഈ ഘട്ടത്തിൽ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള വേഗത്തിലുള്ള നടപടികളാണ് ആവശ്യം. 16 ന് ശിക്ഷ നടപ്പാക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. യമനിലെ സനാ ജയിലിലാണ് നിമിഷ പ്രിയ ഉള്ളത്. സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. മോചനമോ ശിക്ഷാ ഇളവോ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ യെമെന്‍ അധികൃതരുമായി കൂടിയാലോചന നടത്തണം. ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം നടക്കുന്നതായാണ് അറിയുന്നത്. എന്നാൽ, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ ചിലർക്കുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്‌നമെന്നും മനസിലാക്കുന്നു. ഈ വിഷയത്തിൽ യമൻ സർക്കാരിനേ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയു. അതിന് കേന്ദ്ര സർക്കാരിന്റെ വേഗത്തിലുള്ള ഇടപെടലാണ് വേണ്ടത്.
