Skip to main content

ഒരു ദശാബ്ദംകൊണ്ട് ബാങ്കുകൾക്കു കിട്ടാക്കടം മൂലം ഉണ്ടായ ധനനഷ്ടം 20 ലക്ഷം കോടി രൂപ കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇത്തരം വായ്പകൾ അനുവദിക്കപ്പെടുന്നത്

ഒരു ദശാബ്ദംകൊണ്ട് ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ച തുക എത്ര? 2022-ലെ നിഷ്ക്രിയാസ്തികളോട് എഴുതിത്തള്ളിയ കടവും ചേർത്താൽ കിട്ടുന്ന തുക 21 ലക്ഷം കോടിയിലേറെ വരും. ഇതിൽ നിന്നും തിരിച്ചുപിടിച്ച 1.3 ലക്ഷം കോടി രൂപ കിഴിച്ചാൽ ഈ കാലയളവിൽ ബാങ്കുകൾക്കു കിട്ടാക്കടംമൂലം ഉണ്ടായ ധനനഷ്ടം എത്രയെന്നു മനസിലാക്കാം. അത് 20 ലക്ഷം കോടി രൂപയാണ്. എന്താ, ഞെട്ടൽ തോന്നുന്നില്ലേ? 
ഒരുകോടി രൂപയേക്കാൾ കൂടുതൽ വായ്പയെടുത്തിട്ടുള്ള ബാങ്ക് കൊള്ളക്കാരെ റിസർവ്വ് ബാങ്ക് രണ്ടായി തരംതിരിക്കാറുണ്ട്. ഒന്ന്) മനപൂർവ്വം ബാങ്കിനെ കബളിപ്പിക്കുന്നവർ. രണ്ട്) ബിസിനസ് നഷ്ടംമൂലം പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നവർ. ഇവരുടെ പേരോ വിവരമോ ഒന്നും പുറത്തുവിടാറില്ല. എന്നാൽ എല്ലാ വിവരങ്ങളും റിസർവ്വ് ബാങ്കിന്റെ കൈയിൽ ഉണ്ടുതാനും. 
എന്തുകാരണംകൊണ്ടോ ഒരു വിവരാവകാശ ചോദ്യത്തിന് മനപൂർവ്വം ബാങ്കുകളെ കബളിപ്പിച്ചവരുടെ ലിസ്റ്റ് നൽകി. ഇത്തരം 2237 കുടിശികക്കാരുടെ ബാധ്യത 1.85 ലക്ഷം കോടി രൂപ വരും. ഇതിൽ 312 പേർ 100 കോടി രൂപയേക്കാൾ കൂടുതൽ തുക കുടിശികയുള്ളവരാണ്. ഇവരുടെ കുടിശ 1.41 ലക്ഷം കോടി രൂപ വരും. ഏറ്റവും വലിയ കള്ളൻ 2018-ൽ ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ ഗുജറാത്തുകാരൻ ചോക്സിയാണ്. അയാളുടെ കമ്പനികൾക്ക് മൊത്തം 10444 കോടി രൂപയുടെ ബാധ്യതയുണ്ട്. ജതിൻ മേത്തയുടെ കമ്പനികൾ വെട്ടിച്ച  മൊത്തം തുക 6800 കോടി രൂപ വരും.
മതിയായ ആസ്തികളൊന്നും ഇല്ലാതെ ഇവരെപ്പോലുള്ള കറക്കു കമ്പനികൾക്ക് ഇത്രയും വലിയ തുക വായ്പയായി കിട്ടുന്നത് എന്തൊരു അത്ഭുതമാണ്. ഒരേ കമ്പനി ഒരേ സമയം പല ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയാണ്. 11 കുടിശികക്കാർ മൊത്തം 11755 കോടി രൂപ എസ്ബിഐയിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. അതേസമയം, മറ്റു പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഈ 11 പേർ 25353 കോടി രൂപയും വായ്പയെടുത്തിട്ടുണ്ട്. അങ്ങനെ മൊത്തം 37108 കോടി രൂപ. 
എന്തെല്ലാം കടമ്പകൾ കടന്നാലാണ് ഒരു സാധാരണക്കാരന് ഏതാനും ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ കഴിയുക. ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ മറ്റു ബാങ്കുകളൊന്നും തൊടില്ല. പിന്നെ എങ്ങനെയാണ് ഈ കറക്ക് കമ്പനികൾ ഇത്രയും തുക പലരിൽ നിന്നായി എടുത്തത്? എന്ത് അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടർ ബോർഡ് ഇത്തരം വായ്പകൾ അംഗീകരിച്ചത്? ഇതൊക്കെ പരമരഹസ്യമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇത്തരം വായ്പകൾ കരസ്ഥമാക്കുന്നത്. 
ഏതായാലും വെട്ടിപ്പുകാരുടെ ലിസ്റ്റ് പുറത്തുവിട്ടു. എന്നാൽ ഇവർ വെട്ടിച്ച തുക ബാങ്കുകൾക്കു നഷ്ടപ്പെട്ട മൊത്തം തുകയുടെ 10 ശതമാനത്തിൽ താഴെയേ വരൂ. ബാക്കിയുള്ളവർ കുടിശികയാക്കിയിരിക്കുന്നത് മനപൂർവ്വം അല്ലായെന്നാണ് റിസർവ്വ് ബാങ്ക് പറയുന്നത്. ഈ വേർതിരിന്റെ മാനദണ്ഡം എന്താണ് എന്നൊന്നും നമുക്ക് അറിയില്ല. ഇത് ബാങ്കുകൾ മാത്രം അറിഞ്ഞാൽ മതിയോ? വമ്പൻ സ്രാവുകൾ മുങ്ങി നടക്കുകയാണ്. ഇതിലൊരാൾ 72000 കോടി രൂപ കുടിശിക വരുത്തിയ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിൽ ഒന്നാണെന്ന് തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞതാണ്. അദാനിയോ കേന്ദ്ര സർക്കാരോ ഇതു നിഷേധിച്ചിട്ടില്ലതാനും.

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.