Skip to main content

മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണ്

കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള വിഭവ കൈമാറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തുകയുണ്ടായി. കേന്ദ്രം സംസ്ഥാനങ്ങളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നും വിഭവ കൈമാറ്റം കുത്തനെ കൂട്ടിയതായും അവർ പറയുകയുണ്ടായി. എന്നാൽ ഈ പ്രസ്താവന സാധൂകരിക്കുന്ന യാതൊരു വിധ കണക്കും നൽകാൻ ശ്രീമതി നിർമ്മല സീതാരാമന് കഴിഞ്ഞിട്ടില്ല. ഏത് വിഭാഗത്തിൽപ്പെട്ട വിഭവ കൈമാറ്റം പരിഗണിച്ചാലും ബജറ്റിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ അനുപാതമായി സംസ്ഥാങ്ങൾക്കുള്ള വിഹിതത്തിന്റെ വ്യാപ്തിയിൽ കുറവുണ്ടായതായി യഥാർത്ഥ കണക്കുകൾ പരിശോധിച്ചാൽ കാണാം.

കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് കൈമാറുന്ന വിഹിതം 42 ശതമാനമായി 14-ാം ധനകാര്യ കമ്മീഷൻ ഉയർത്തിയിരുന്നു. എന്നാൽ മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണെന്ന് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിഹിതം 2018-19ൽ 36.6 ശതമാനം ആയിരുന്നത്, 2021-22ൽ 33.2 ശതമാനവും 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റിൽ 31.2 ശതമാനവും ആയി കുറഞ്ഞു. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 30.4 ശതമാനം മാത്രമാണ് കേന്ദ്രം നൽകുക. സംസ്ഥാനങ്ങളുമായി പങ്കിടാത്ത സെസ്സുകളുടെയും സര്‍ച്ചാര്‍ജ്ജുകളുടെയും രൂപത്തിലുള്ള പ്രത്യേക ലെവികൾ അധിക ധന സമാഹരണത്തിന് കൂടുതലായി ഉപയോഗിക്കുന്നതിലൂടെയാണ് കേന്ദ്രസർക്കാർ ഈ വഞ്ചന നടത്തുന്നത്. മൊത്തം നികുതി വരുമാനത്തിൽ ഇത്തരം ലെവികളുടെ പങ്ക് 2011-12ലെ പത്തിലൊന്നിൽ നിന്ന് 2021-22ൽ അഞ്ചിലൊന്നായി ഇരട്ടിച്ചു.

നികുതി വിഭജനത്തിൽ ഇടിവ് സംഭവിച്ചത് കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മാത്രമല്ല, ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോഴും കാണാൻ സാധിക്കും. സമീപകാല ബജറ്റ് ഈ പ്രവണതയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നു. 2022-23നെ അപേക്ഷിച്ച് 2023-24ലെ ജിഡിപി നാമമാത്രമായി 10.5 ശതമാനം കൂടുതലായിരിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ, ബജറ്റ് നിർദേശം അനുസരിച്ച് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള നികുതി വിഭജനം 9,48,406 കോടി രൂപയിൽ നിന്ന് 10,21,448 കോടി രൂപയായിട്ടാണ് വർധിക്കുന്നത്. അതായത് 7.7% മാത്രം. ഇത് ജിഡിപിയുടെ വളർച്ചാ നിരക്കിനേക്കാൾ കുറവാണ്. ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം വികേന്ദ്രീകരണത്തിന്റെ വ്യാപ്തി 3.47 ശതമാനത്തിൽ നിന്ന് 3.38 ശതമാനമായി കുറയും.

കൈമാറ്റത്തിന്റെ നികുതി-വിഭജന ഭാഗം നോക്കുകയാണെങ്കിൽ കൈമാറ്റം "കുത്തനെ" ഉയരുന്നു എന്ന ധനമന്ത്രിയുടെ അവകാശവാദം പച്ചക്കളമാണെന്ന് കാണാം. കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതികളുടെ അനുപാതമായും ജിഡിപിയുടെ അനുപാതമായും അത് കുറഞ്ഞു എന്നതാണ് യാഥാർഥ്യം. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം, വടക്കുകിഴക്കൻ മേഖലയ്ക്കുള്ള പ്രത്യേക സഹായം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും മറ്റ് കേന്ദ്ര പദ്ധതികളുടെയും അക്കൗണ്ടിലെ കൈമാറ്റങ്ങൾ, ആരോഗ്യ മേഖലയ്‌ക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ പ്രത്യേക ആവശ്യങ്ങൾക്കായി ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന ഗ്രാന്റുകളും മറ്റും, എന്നിവയെല്ലാം കണക്കിലെടുത്താൽ 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രം പിരിച്ചെടുക്കുന്ന മൊത്തം നികുതിയിൽ നിന്ന് സംസ്ഥാങ്ങൾക്കുള്ള മൊത്തം കൈമാറ്റം 17.11 ലക്ഷം കോടി രൂപയാണ്. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 18.63 ലക്ഷം കോടി രൂപയായി ഉയരും. അതായത് 8.88 ശതമാനം.

പക്ഷേ, ഈ വർദ്ധനയും നാമമാത്രമായി ജിഡിപി ഉയരുമെന്ന് അനുമാനിക്കപ്പെടുന്ന 10.5 ശതമാനത്തേക്കാൾ വളരെ താഴെയാണ്. ജിഡിപിയുടെ അനുപാതമെന്ന നിലയിൽ, കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം കൈമാറ്റത്തിന്റെ വിഹിതം 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റിലെ 6.267 ശതമാനത്തിൽ നിന്ന് 2023-24ൽ 6.174% ആയി കുറയും എന്നതാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.