Skip to main content

വൈക്കം സത്യാഗ്രഹം ശതാബ്ദിയിലേക്ക്

നവോത്ഥാന കേരളത്തിലേക്കുള്ള പ്രയാണത്തിന്റെ ശക്തമായ അടിത്തറയായ വൈക്കം സത്യഗ്രഹം സംഘടിത പ്രതിരോധത്തിന്റെ മികച്ച മാതൃകയാണ്. ജാതി‐ മത‐ വർഗ‐ വർണ‐ ദേശ‐ ഭാഷ‐ രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിപ്പിക്കപ്പെട്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു അറുനൂറിലധികം ദിവസങ്ങൾ നീണ്ടുനിന്ന വൈക്കം സത്യഗ്രഹം.

അക്കാലത്തെ മഹാന്മാരായ നവോത്ഥാന നായകരുടെ പിന്തുണയുണ്ടായിരുന്ന ശക്തമായ സമരം പിന്നീടുള്ള അവകാശപ്പോരാട്ടങ്ങൾക്ക് വർധിതവീര്യം പകർന്നു. ജാതീയമായ വേർതിരിവുകൾ ഇല്ലാതെയാകുന്നതിനുള്ള ഊർജം പകർന്നതും വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രങ്ങൾക്കുള്ളിൽ കയറി പ്രാർഥന നടത്താനുള്ള സ്വാതന്ത്ര്യം നൽകിയ ക്ഷേത്രപ്രവേശന വിളംബരത്തിനുള്ള വഴിയൊരുക്കിയതും വൈക്കം സത്യഗ്രഹമെന്ന മഹത്തായ സമരം തന്നെ. ജാതിക്കനുസരിച്ച് സവർണരുടെ 64 അടിക്കപ്പുറംവരേക്കും മാറ്റിനിർത്തപ്പെട്ട അവർണജനതയ്ക്ക് ആരാധനാമൂർത്തിയായ വൈക്കം ക്ഷേത്രത്തിന്റെ പരിസരങ്ങളിൽപ്പോലും പ്രവേശനം നിഷേധിച്ച ധാർഷ്ട്യത്തിനെതിരെ നടന്ന പോരാട്ടം രാജ്യത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന ഏടാണ്.

അവിഭക്ത കോൺഗ്രസ് ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭം ശക്തമാക്കുന്നതിനിടയിൽ അയിത്തോച്ചാടനം ഔദ്യോഗിക അജൻഡയായി വരുന്നത് 1923ലെ കാക്കിനാഡ കോൺഗ്രസ് സമ്മേളനത്തിലായിരുന്നു. എന്നാൽ, ആ വർഷത്തിനുമുമ്പുതന്നെ ഇതിനായുള്ള ശക്തമായ ഇടപെടൽ കേരളത്തിൽനിന്നുണ്ടായി. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമൊക്കെയായി ചർച്ചകളും ആരംഭിച്ചിരുന്നു. 1917ൽ തിരുനെൽവേലി കോൺഗ്രസ് സമ്മേളനത്തിലാണ് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് ടി കെ മാധവൻ ഈ വിഷയം പൊതുശ്രദ്ധയിൽ എത്തിച്ചത്. ഈഴവ സമുദായം നേരിടുന്ന ശക്തമായ അവഗണനയും അധിക്ഷേപവും മുൻനിർത്തിയായിരുന്നു ടി കെ മാധവൻ ഇക്കാര്യം അവതരിപ്പിച്ചത്. ശക്തമായി ഇടപെടാമെന്ന് ഗാന്ധിജി ഉറപ്പുനൽകുകയും ചെയ്തു. പിന്നീട് ആറ് വർഷത്തിനുശേഷമാണ് കോൺഗ്രസ്‌ പ്രമേയം പാസാക്കുന്നത്.

1924 മാർച്ച് 30നാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. കുഞ്ഞാപ്പി എന്ന പുലയ യുവാവും ബാഹുലേയൻ എന്ന ഈഴവ യുവാവും ഗോവിന്ദപ്പണിക്കർ എന്ന നായർ യുവാവും ഒരുമിച്ചാണ് ക്ഷേത്രനിരത്തിലൂടെ നടന്ന് തീണ്ടൽപ്പലകയ്ക്കു സമീപമെത്തിയത്. പൊലീസ് ഇവരെ അറസ്റ്റ്‌ ചെയ്തുനീക്കി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ ചാർത്തപ്പെട്ടതാണ്.

ശ്രീനാരായണഗുരു സത്യഗ്രഹത്തെ അകമഴിഞ്ഞ് പിന്തുണച്ചു. വിവിധയിടങ്ങളിൽനിന്ന്‌ സ്വരൂപിച്ച 1000 രൂപ സമരസമിതിക്ക് അദ്ദേഹം കൈമാറി. പ്രിയശിഷ്യരായ സത്യവ്രതനെയും കൊച്ചുകോയിക്കൽ വേലായുധനെയും അദ്ദേഹം വൈക്കത്തേക്ക്‌ നിയോഗിച്ചു. സമരത്തിന്റെ മൂർധന്യാവസ്ഥയിൽ ഗുരുതന്നെ നേരിട്ട് വൈക്കത്തെത്തി. അവിടെ പൊതുയോഗത്തിൽ പരസ്യമായി പ്രാർഥിക്കാനും അദ്ദേഹം തയ്യാറായി. ഗുരുവിന്റെകൂടി നിർദേശപ്രകാരമാണ് ടി കെ മാധവൻ ഗാന്ധിജിയെ ക്ഷണിച്ച് സത്യഗ്രഹത്തിനെത്തിക്കുന്നത്. അദ്ദേഹത്തിന്റെ വരവോടെ സമരം കൂടുതൽ പ്രശസ്തി നേടി. സവർണസമുദായത്തിന്റെ ശക്തമായ സംഘം ചേർന്ന ഇടപെടലിനും ഗാന്ധിജിയുടെ സന്ദർശനം ഇടയാക്കി.

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് 500 സമുദായ അംഗങ്ങളുമായി പദയാത്ര ആരംഭിച്ചു. ആ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ അംഗബലം അയ്യായിരമായി. ശുചീന്ദ്രത്തുനിന്ന്‌ ജനകീയ സമുദായ നേതാവ് പെരുമാളിന്റെ നേതൃത്വത്തിൽ 1000 പേരടങ്ങുന്ന ജാഥ തിരുവനന്തപുരത്ത് സവർണ ജാഥയ്‌ക്കൊപ്പം സംഗമിച്ചു. പെരിയാറുടെ ആഹ്വാനപ്രകാരമായിരുന്നു ഈ ജാഥ സംഘടിപ്പിച്ചത്. ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 25,000 സവർണർ ഒപ്പിട്ട നിവേദനം ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ നേതൃത്വത്തിൽ റീജന്റ് റാണി സേതുലക്ഷ്മീബായിക്ക് നൽകി. പെരിയോർ ഇ വി രാമസ്വാമിനായ്ക്കർ തമിഴ്നാട്ടിൽനിന്ന്‌ ശക്തമായ പിന്തുണയാണ് സമരത്തിന്‌ നൽകിയത്.

സത്യഗ്രഹത്തിനെത്താൻ ശ്രമിച്ച പെരിയാറെ പൊലീസ് അറസ്റ്റ്‌ ചെയ്ത് ജയിലിൽ അടച്ചു. ബാരിസ്റ്റർ ജോർജ് ജോസഫും ഭജേമാതരം മാത്തുണ്ണിയും യങ് ഇന്ത്യ അബ്ദുറഹ്മാനും അണിനിരന്നതോടെ ഹൈന്ദവേതരും സമരത്തിനെ പിന്തുണച്ച് രംഗത്തിറങ്ങി. വിനോബാഭാവെ, സ്വാമി ശ്രദ്ധാനന്ദ എന്നിവരും സമരരംഗത്തേക്ക്‌ വന്നു. പെരിയാറുടെ ഭാര്യ നാഗമ്മ, ടി കെ മാധവന്റെ ഭാര്യ തുടങ്ങി നിരവധി സ്ത്രീകൾ സജീവമായി. സ്വാതന്ത്ര്യസമരത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന പഞ്ചാബിലെ അകാലികൾ വൈക്കത്തേക്ക്‌ എത്തി. അമേരിക്കയിൽനിന്ന്‌ പ്രമുഖ പത്രറിപ്പോർട്ടർ റവ. ചാൾസ് ബി ഹിൽ സമരത്തെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുകയും ചെയ്തു. ഇതോടെ ലോകശ്രദ്ധയിലേക്ക്‌ വൈക്കം സത്യഗ്രഹം എത്തപ്പെട്ടു. 1925 മാർച്ച് 10ന് ഗാന്ധിജി ഇണ്ടൻതുരുത്തി മനയിലെത്തി. തീണ്ടാപ്പാട് അകലം പാലിച്ചുകൊണ്ടാണ് ഗാന്ധിജി ഇണ്ടൻതുരുത്തി മനയിലെ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുമായി സംഭാഷണം നടത്തിയതെന്ന പ്രത്യേകതയും ഉണ്ട്.

സമരത്തിന്റെ നൂറാം വാർഷികത്തിൽ മറക്കാൻ പാടില്ലാത്ത നിരവധി വ്യക്തിത്വങ്ങളുണ്ട്. ചരിത്രത്തിൽ കാര്യമായ ഇടം ലഭിക്കാതെ പോയ രക്തസാക്ഷികൾ. 1806ൽ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കാൻ തീരുമാനിച്ച് തുറുവേലിക്കുന്നിൽനിന്ന് യാത്രതിരിച്ച ഇരുനൂറോളം ഈഴവ യുവാക്കളെ രാജാവിന്റെ കുതിരപ്പടയാളികൾ ക്രൂരമായി നേരിട്ടു. യുവാക്കളിൽ ചിലർ കിഴക്കേക്ഷേത്രനടയ്ക്കു സമീപം കുളത്തിൽ വീണ് മരിച്ചു. പിന്നാക്കക്കാരനായ ആമചാടി തേവനെയും സവർണജന്മിയായിരുന്ന രാമൻ ഇളയതിനെയും ചരിത്രകാരന്മാർ അവഗണിച്ചെങ്കിലും ഇവരുടെ ഓർമകൾ എന്നും ആവേശംപകരും.

ചിറ്റേടത്ത് ശങ്കുപ്പിള്ള ക്രൂരമർദനത്തിന് ഇരയായി മരിച്ചു. അധ്യാപക ജോലി ഉപേക്ഷിച്ച് സത്യഗ്രഹ വളന്റിയറാകാൻ എകെജി ആഗ്രഹിച്ചു. കമ്മിറ്റിക്ക് ഒരു എഴുത്ത് അയച്ചത് അവർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പുമൂലം സത്യഗ്രഹത്തിൽ ചേരാൻ കഴിഞ്ഞില്ലെന്ന് എകെജി ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഗുരുവായൂർ സത്യഗ്രഹത്തിൽ എകെജി പങ്കെടുക്കുകയും ചെയ്തു.

‘‘മലബാർ ലഹളയ്ക്കുശേഷം കേരളത്തിൽ ആദ്യമായി സംഘടിതരൂപത്തിൽ നടത്തിയ ഒരു ദേശീയ സമരപരിപാടി എന്ന നിലയിലും കേരളത്തിലെ എല്ലാഭാഗങ്ങളിൽനിന്നും വളന്റിയർമാരും നേതാക്കന്മാരും പങ്കെടുത്ത ഒരു പ്രസ്ഥാനമെന്ന നിലയിലും തിരുവിതാംകൂറിലെ ദുഷിച്ചതും ഏതു മർദനവിധാനങ്ങളും കൈക്കൊള്ളാൻ മടിയില്ലാത്ത രാജാധിപത്യത്തിനെതിരായ പ്രക്ഷോഭമെന്ന നിലയിലും നമ്മുടെ ദേശീയപ്രസ്ഥാനചരിത്രത്തിലെ ഒരു ഉജ്വലമായ അധ്യായം'' ആണെന്നാണ് സത്യഗ്രഹത്തെ പി കൃഷ്ണപിള്ള വിലയിരുത്തിയത്.

വൈക്കം സത്യഗ്രസമരത്തിന്റെ ഓരോ ഏടും ആവേശം പകരുന്നതാണ്. കേരളത്തിൽ പിന്നീട് നടന്ന സാമുദായിക, ജാതി, മത തിന്മകൾക്കെതിരായ എല്ലാ പോരാട്ടങ്ങൾക്കും വൈക്കം സത്യഗ്രഹം കരുത്തുപകർന്നു.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.