Skip to main content

ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ കാപട്യം തിരിച്ചറിയും

പ്രധാനമന്ത്രി നരേന്ദ്ര മോദി 77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം നിരാശാജനകം മാത്രമല്ല, പ്രതിസന്ധിയിലാഴ്‌ന്ന രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു പദ്ധതിയും പരിപാടിയും മുന്നോട്ടുവയ്‌ക്കാത്തതുമാണ്‌. സ്വാതന്ത്ര്യദിനത്തിൽ ഒരു രാജ്യതന്ത്രജ്ഞനിൽനിന്നും രാജ്യം കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞത്‌. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള പ്രസംഗമായിട്ടുപോലും വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയിലും നട്ടംതിരിയുന്ന ജനത്തിന്‌ ഒരാശ്വാസവും പ്രതീക്ഷയും നൽകാത്ത തെരഞ്ഞെടുപ്പുപ്രചാരണ പ്രസംഗമായി മോദിയുടെ 10–-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം മാറി. ‘ദ ഹിന്ദു’ ഉൾപ്പെടെയുള്ള ദിനപത്രങ്ങൾ ഇക്കാര്യം മുഖപ്രസംഗങ്ങളിൽ തുറന്നെഴുതുകയും ചെയ്‌തു.

സ്വാതന്ത്ര്യദിനത്തിൽ സാധാരണ പ്രധാനമന്ത്രിമാർ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അത്‌ എങ്ങനെയാണ്‌ പരിഹരിക്കുക എന്നതിനെക്കുറിച്ചുമുള്ള ചിന്തകളാണ്‌ പങ്കുവയ്‌ക്കാറുള്ളത്‌. അതിനുപകരം ആത്മപ്രശംസയിൽ അഭിരമിക്കുന്ന, പ്രധാന പ്രശ്‌നങ്ങളിൽനിന്നും ഒളിച്ചോടുന്ന വാചകക്കസർത്ത്‌ മാത്രമാണ്‌ പ്രധാനമന്ത്രിയുടേത്‌. ഇത്‌ ‘മോദിയുടെ ഗ്യാരന്റി’, ‘മോദി പോരാടിക്കൊണ്ടിരിക്കുകയാണ്‌’ തുടങ്ങിയ വാചകങ്ങൾ ആത്മപ്രശംസയല്ലാതെ മറ്റൊന്നുമല്ല. ‘ഞാനാണ്‌ രാഷ്ട്രം’ എന്ന്‌ പറഞ്ഞില്ലെന്നേയുള്ളൂ. അധികാരത്തിൽ തുടരാനുള്ള അതിയായ ആഗ്രഹം മോദി പ്രകടിപ്പിച്ചു. തനിക്ക്‌ ബദൽ ഇല്ലെന്ന്‌ ബിജെപി‐ ആർഎസ്‌എസ്‌ നേതൃത്വത്തോടു പറയാനുള്ള അവസരമാക്കി ഈ പ്രസംഗത്തെ മോദി മാറ്റി. നേരത്തേ ഡൽഹിയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ മൂന്നാംതവണയും താനാണ്‌ പ്രധാനമന്ത്രിയാകുകയെന്നും ആ ഘട്ടത്തിൽ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നും മോദി പറഞ്ഞിരുന്നു. അത്‌ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും ആവർത്തിച്ചു. അടുത്തവർഷവും ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള സുവർണഘട്ടം അടുത്ത അഞ്ച്‌ വർഷമാണെന്നും മോദി പറഞ്ഞുവച്ചു. അതായത്‌ മണിപ്പുരും നൂഹും കത്തുമ്പോഴും ദാരിദ്ര്യവും പട്ടിണിയും രൂക്ഷമാകുമ്പോഴും യുവജനങ്ങളിലെ തൊഴിലില്ലായ്‌മ 22 ശതമാനമായി ഉയർന്നുനിൽക്കുമ്പോഴും ന്യൂനപക്ഷങ്ങൾ ‘ബുൾഡോസർ രാജി’ന്‌ വിധേയമാകുമ്പോഴും തന്റെ ഭരണകാലം സുവർണകാലമാണെന്ന്‌ അവകാശപ്പെടുകയാണ്‌ മോദി. മുസ്ലിംഭരണത്തെ ലക്ഷ്യമാക്കി 1000 വർഷത്തെ അടിമത്തത്തിൽനിന്നും രാജ്യത്തെ മോചിപ്പിച്ച്‌ 1000 വർഷത്തേക്കുള്ള വികസനത്തിന്റെ അടിക്കല്ലിടുകയാണ്‌ താനെന്നും മോദി അവകാശപ്പെട്ടു. ബ്രിട്ടീഷ്‌ ചരിത്രകാരൻ ആക്ടൺ പറഞ്ഞ വാക്കുകളാണ്‌ ഓർമയിലേക്ക്‌ വരുന്നത്‌, ‘അധികാരം മനുഷ്യനെ ദുഷിപ്പിക്കും പരമാധികാരം പൂർണമായും’.

തന്റെ ഭരണകാലംമാത്രമാണ്‌ ഇന്ത്യക്ക്‌ വികസനം ഉണ്ടായതെന്ന്‌ പറയാനുള്ള അൽപ്പത്തം മോദി മാത്രമേ പുറത്തെടുക്കൂ. മൂന്ന്‌ ‘ഡി’യാണ്‌ ഇന്ത്യയുടെ ശക്തിയെന്ന്‌ മോദി പറയുകയുണ്ടായി. ഡിമോഗ്രഫി (ജനസംഖ്യ), ഡെമോക്രസി (ജനാധിപത്യം), ഡൈവേഴ്‌സിറ്റി (വൈവിധ്യം) എന്നിവ. എന്നാൽ, ഈ മൂന്നിനെയും തകർക്കാൻ ശ്രമിക്കുന്നത്‌ മോദിയും സംഘപരിവാറും ആണെന്നതാണ്‌ വൈരുധ്യം. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കി മാറ്റാനും രാജ്യത്തുനിന്നും പുറത്താക്കാനും അഹോരാത്രം ശ്രമിക്കുന്ന ആർഎസ്‌എസ്‌–- ബിജെപി നയത്തിന്‌ ചൂട്ടുപിടിക്കുന്നത്‌ പ്രധാനമന്ത്രിയാണ്‌ എന്നതാണ്‌ സത്യം. പാർലമെന്റിനെ നോക്കുകുത്തിയാക്കി പ്രതിപക്ഷ നേതാക്കളെ പാർലമെന്റിൽനിന്നും പുറത്താക്കിയും അവരുടെ മൈക്ക്‌ പോലും ഓഫ്‌ ചെയ്‌തും പ്രതിപക്ഷം സഭയിൽ ഇല്ലാത്ത സമയത്ത്‌ ഒരു മുന്നറിയിപ്പുമില്ലാതെ ബില്ലുകൾ പാസാക്കിയുമാണ് മോദിയുടെ ഭരണം. പാർലമെന്ററി സമിതികളെ ചാപിള്ളകളാക്കിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും പദവികളും നൽകി അട്ടിമറിച്ചും അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിച്ചും ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന ഭരണത്തിനാണ്‌ മോദി നേതൃത്വം നൽകുന്നത്‌. ഹിന്ദുത്വരാഷ്ട്രമെന്ന ആശയം ശക്തമായി മുന്നോട്ടുവച്ച്‌ ‘ഒരു രാജ്യം, ഒരു ജനത ഒരു സംസ്‌കാരം, ഒരു ഭാഷ’ എന്ന ആശയം നടപ്പാക്കാനായി ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മോദിയാണ്‌ വൈവിധ്യമാണ്‌ ശക്തിയെന്നു പറയുന്നത്‌. അടുത്തിടെ ചർച്ചയായ ഏക സിവിൽ കോഡുപോലും ഈ അജൻഡയുടെ ഭാഗമാണെന്നു കാണാൻ വിഷമമില്ല.

ലക്ഷ്യപ്രാപ്തി‌യിൽ എത്താനുള്ള മൂന്ന്‌ തടസ്സം അഴിമതിയും കുടുംബവാഴ്‌ചയും പ്രീണനവുമാണ്‌ എന്ന സ്ഥിരം പല്ലവിയും മോദിയിൽനിന്ന്‌ ഉണ്ടായി. ഇതേ മോദിയാണ്‌ മഹാരാഷ്ട്രയിലെ അജിത്‌ പവാറിനെതിരെ 70,000 കോടിയുടെ അഴിമതി ആരോപിച്ചതും അതിനെതിരെ അന്വേഷണം നടക്കുമെന്നത്‌ മോദിയുടെ ഗ്യാരന്റിയുമാണെന്ന്‌ പ്രസംഗിച്ചതും. എന്നാൽ, മണിക്കൂറുകൾക്കുശേഷം അതേ അജിത്‌ പവാറിനെ ഉപമുഖ്യമന്ത്രിയാക്കി അധികാരത്തിൽ എത്തിച്ചു. ‘മോദിയുടെ ഗ്യാരന്റിയുടെ’ ഗതി ഇതാണ്‌ എന്നർഥം. ഏറെ കാലത്തിനുശേഷം അജിത്‌ ബാബ ശരിയായ സ്ഥലത്ത്‌ എത്തിയെന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പ്രതികരിച്ചത്‌. കർണാടകത്തിൽ ബിജെപി സർക്കാരിനെതിരെ ഉയർന്നത്‌ 40 ശതമാനം കമീഷൻ സർക്കാർ എന്ന ആരോപണമാണ്‌. ആ അഴിമതിയിൽപ്പെട്ട ബിജെപി നേതാവ്‌ ഈശ്വരപ്പയെ നേരിട്ടു വിളിച്ച്‌ ബിജെപിയിൽ സജീവമാകാൻ ആവശ്യപ്പെട്ടത്‌ അഴിമതിക്കെതിരെ ചെങ്കോട്ടയിൽ പ്രസംഗിച്ച മോദി തന്നെയാണ്‌. ഇപ്പോൾ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ ഉയരുന്നത്‌ 50 ശതമാനം കമീഷൻ സർക്കാർ എന്ന ആരോപണമാണ്‌.

എന്തിനധികം പറയണം കഴിഞ്ഞാഴ്‌ച പാർലമെന്റിൽവച്ച സിഎജി റിപ്പോർട്ടുകളിൽ മോദി സർക്കാരിന്റെ അഴിമതിയാണ്‌ പുറത്തുവന്നത്‌. ഏഴ്‌ അഴിമതിയാണ്‌ സിഎജി പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. ഭാരത് മാല,ഡൽഹി–- വഡോദര എക്‌സ്‌പ്രസ്‌ പാത, ദ്വാരക എക്‌സ്‌പ്രസ്‌ പാത എന്നിവയ്‌ക്ക്‌ കരാർ നൽകിയത്‌ വഴിവിട്ടാണെന്ന്‌ സിഎജി കണ്ടെത്തി. അംഗീകരിച്ച സിവിൽ നിർമാണച്ചെലവ്‌ കിലോമീറ്ററിന്‌ 13.98 കോടി രൂപയായിരിക്കെ അനുവദിച്ചത്‌ 23.89 കോടി രൂപയാണ്‌. ചില കരാറുകാർക്ക്‌ വ്യാജരേഖകളുടെ അടിസ്ഥാനത്തിലും വിശദ പദ്ധതി റിപ്പോർട്ടുകളുടെ അഭാവത്തിലും പ്രവൃത്തികൾ നൽകി. ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയും ദേശീയപാത, അടിസ്ഥാനസൗകര്യ വികസന കോർപറേഷനുമാണ്‌ നിർവഹണ ഏജൻസികൾ. ആയുഷ്‌മാൻ ഭാരത്‌– പ്രധാനമന്ത്രി ജൻആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതിയിൽ 10 ലക്ഷത്തിലധികം വ്യാജഗുണഭോക്താക്കൾ ഭാഗമായെന്നും ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ, അർഹരായവരെ തീരുമാനിക്കൽ- എന്നിവയിലും ഗുരുതര ക്രമക്കേടുണ്ടായി എന്നും സിഎജി കണ്ടെത്തി. അയോധ്യ വികസനപദ്ധതിയിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സിഎജി കണ്ടെത്തി. വിധവ–വയോധിക–ഭിന്നശേഷി പെൻഷൻ തുക സ്വഛ് ഭാരത് പദ്ധതിയുടെ കൂറ്റൻ പ്രചാരണ ബോർഡുകൾക്കായി വകമാറ്റി. നേരത്തേ ആയോധ്യയിൽ ഭൂമി ഇടപാടിലും അഴിമതി നടന്നതായി ആരോപണമുണ്ടായിരുന്നു. അയോധ്യ പദ്ധതിക്കു പുറമെ ഗോവയിലെ ജയിൽ, ഹിമാലയൻ സർക്യൂട്ട്‌, തെലങ്കാന ഹെറിറ്റേജ്‌ സർക്യൂട്ട്‌, മധ്യപ്രദേശിലെ ബുദ്ധിസ്റ്റ്‌ സർക്യൂട്ട്‌ തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയതിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നു. പ്രതിപക്ഷനേതാക്കളെ തേടി വിയർക്കുന്ന ഇഡിയും ഐടിയും സിബിഐയും എന്തേ സിഎജി കണ്ടെത്തിയ അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കാത്തത്‌?

മോദി പറയുന്ന മറ്റൊരു പ്രശ്‌നം കുടുംബവാഴ്‌ചയെക്കുറിച്ചാണ്‌. മകനെ ബിസിസിഐയിൽ വാനോളം വളർത്തിയ അമിത്‌ ഷായെയും ഹിമാചലിലെ മുൻ ബിജെപി മുഖ്യമന്ത്രി പ്രേംകുമാർ ധൂമലിന്റെ മകനും കേന്ദ്ര മന്ത്രിയുമായ അനുരാഗ്‌ താക്കൂറിനെയും ബിജെപി സ്ഥാപകനേതാക്കളിൽ ഒരാളായ വിജയ്‌ രാജ്‌ സിന്ധ്യയുടെ ചെറുമകൻ ജ്യോതിരാധിത്യ സിന്ധ്യയെയും മകനെ എംഎൽഎയാക്കിയ രാജ്‌നാഥ്‌ സിങ്ങിനെയും മുന്നിലിരുത്തിയാണ്‌ മോദി കുടുംബവാഴ്‌ചയെക്കുറിച്ച്‌ പറയുന്നത്‌ എന്നതാണ്‌ വിരോധാഭാസം.

പ്രീണനത്തെക്കുറിച്ചു പറയുന്ന മോദി ഏതു മതത്തെയാണ്‌ വഴിവിട്ട്‌ പ്രീണിപ്പിക്കുന്നതെന്ന്‌ പറയേണ്ടതില്ലല്ലോ. ബജ്‌രംഗ്‌ബലിക്ക്‌ ജയ്‌ വിളിച്ച്‌ കർണാടകത്തിലെ വോട്ടർമാരോട്‌ പോളിങ് ബൂത്തിലേക്ക്‌ പോകാൻ പറഞ്ഞ മോദിയാണ്‌ പ്രീണനത്തെക്കുറിച്ച്‌ വാചകമടിക്കുന്നത്‌. മേരേ പ്യാരേ ദേശ്‌വാസിയോം (എന്റെ പ്രിയ ദേശവാസികളെ) എന്ന അഭിസംബോധനയ്‌ക്ക്‌ പകരം മേരേ പരിവാർ ജനോം (എന്റെ കുടുംബാംഗങ്ങളെ) എന്ന പദപ്രയോഗം മാത്രമാണ്‌ മോദിയുടെ പ്രസംഗത്തിൽ പുതുതായുള്ളത്‌. മറ്റെല്ലാംതന്നെ പഴയ കുപ്പിയിലെ പഴയവീഞ്ഞ്‌ തന്നെയാണ്‌. സ്വപ്‌നങ്ങളുടെ വ്യാപാരി മാത്രമാണ്‌ മോദി. സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുക അദ്ദേഹത്തിന്റെ അജൻഡയിൽ ഇല്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കും, സൈന്യത്തിൽ വൺ റാങ്ക്‌ വൺ പെൻഷൻ നടപ്പാക്കും, എല്ലാ വീട്ടിലും കക്കൂസ്‌ സ്ഥാപിക്കും, എല്ലാ വീട്ടിലും ഗ്യാസ്‌ സിലിണ്ടർ എത്തിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളുടെ ഗതി പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ കാപട്യം തിരിച്ചറിയുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ അടുത്ത ആഗസ്‌ത്‌ 15ന്‌ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത്‌ മോദി ആയിരിക്കില്ല.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.