Skip to main content

അയ്യൻ‌കാളി ചരിത്രം രചിച്ച പോരാളി

മഹാത്മാ അയ്യൻകാളിയുടെ 160-ാം ജന്മവാർഷികമാണ്‌ ഇന്ന്. തിരുവനന്തപുരം വെങ്ങാനൂരിൽ അയ്യൻ – മാല ദമ്പതികളുടെ മകനായി 1863 ആഗസ്റ്റ് 28നാണ് അദ്ദേഹം ജനിച്ചത്. പോരാട്ടത്തിന്റെയും ധീരതയുടെയും മാതൃകയായ അദ്ദേഹം ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങൾ ശ്രദ്ധേയമായിരുന്നു.

ഇന്നു നാം കാണുന്ന സാമൂഹ്യ സാഹചര്യങ്ങളായിരുന്നില്ല ഒരു നൂറ്റാണ്ടുമുമ്പ് കേരളത്തിൽ നിലവിലിരുന്നത്. ജാതിവ്യവസ്ഥയുടെ നുകങ്ങളിൽ ദളിത് – പിന്നാക്ക വിഭാഗക്കാരെ തളച്ചിരുന്നു, അക്ഷരവും അറിവും അധികാരവും സമ്പത്തും ദളിതർക്ക് ഒരിക്കലും ലഭിക്കാതിരിക്കാൻ ഇടപെട്ടു, പൊതുവഴിയിലൂടെ നടക്കാനോ നല്ലവസ്ത്രം ധരിക്കാനോ നല്ലഭക്ഷണം കഴിക്കാനോ അവകാശമില്ലാതിരുന്ന അടിമ സമാനമായ ജീവിതം. ജാതിവിവേചനങ്ങൾ കൊടികുത്തിനിന്ന നാളുകളായിരുന്നു അക്കാലം.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും അലയൊലികൾ കേരളമാകെ ഈ കാലത്ത് ഉയർന്നു. അതിനൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനവും വർധിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമരാഹ്വാനം ചെയ്ത അയ്യാ വൈകുണ്ഡ സ്വാമി, ദളിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യത്നിച്ച ആറാട്ടുപുഴ വേലായുധ പണിക്കർ, സാമൂഹ്യമുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ശ്രീനാരായണ ഗുരു തുടങ്ങിയ നേതാക്കളുടെ ഇടപെടലുകളും മാറ്റങ്ങൾക്ക് ഊർജം പകർന്നു. ഇത്തരത്തിൽ വിവിധ ആശയധാരകളുടെയും പ്രയോഗങ്ങളുടെയും കൈവഴികൾ ഒത്തുചേർന്ന പരിസരത്തുനിന്നുമാണ് അയ്യൻകാളിയെപ്പോലുള്ളവർ ജാതിവിവേചനങ്ങൾക്കും സാമൂഹ്യ അസമത്വങ്ങൾക്കുമെതിരായ മുന്നേറ്റം ഏറ്റെടുത്തത്.

തദ്ദേശീയരായ പട്ടികവർഗ ജനതയെയും പട്ടികജാതി, പിന്നാക്ക വിഭാഗക്കാരെയും ഒരു കുടക്കീഴിൽ ചേർത്തുപിടിക്കാൻ കേരളത്തിനു കഴിയുന്നതും നവോത്ഥാന - പുരോഗമന പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയ കരുത്തിലാണ്. എന്നാൽ, നവോത്ഥാനവും പുരോഗമന മുന്നേറ്റങ്ങളും രാജ്യത്താകെയുണ്ടാക്കിയ മാറ്റങ്ങളെ ബോധപൂർവം തകർക്കുന്ന കാഴ്ചകളാണിപ്പോൾ കാണുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ബിജെപി നയിക്കുന്ന കേന്ദ്ര ഭരണനേതൃത്വം തച്ചുതകർക്കുന്നു. ഭരണഘടന, ഫെഡറലിസം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ അടിസ്ഥാനശിലകളെ തകർക്കുകയാണ്. ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങളെ സംഘപരിവാർ വേട്ടയാടുകയാണ്.

ഇന്ത്യയിലെ ദളിതരുടെയും തദ്ദേശീയ ജനതയുടെയും പിന്നാക്കക്കാരുടെയും അരക്ഷിതാവസ്ഥ നാൾക്കുനാൾ വർധിച്ചുവരികയാണ്. മനുസ്മൃതിയെ ഭരണഘടനയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘപരിവാർ ജനസംഖ്യയുടെ 25 ശതമാനത്തിലധികം വരുന്ന ദളിതരെ ഇപ്പോഴും മനുഷ്യരായി കാണുന്നില്ല. അവർ ഏറെ കൊട്ടിഘോഷിക്കുന്ന ഹിന്ദു ജാതിവ്യവസ്ഥയിൽ ദളിതരും തദ്ദേശീയ ജനതയുമില്ല എന്നതാണ് യാഥാർഥ്യം.

കേന്ദ്രസർക്കാരിന്റെ ഇന്നത്തെ നയസമീപനങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിലവസരങ്ങളും തദ്ദേശീയ – ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് നിഷേധിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലകളിലും തൊഴിലിടങ്ങളിലും ഇവർ ഒഴിവാക്കപ്പെടുന്നു. തങ്ങളുടേതായ ആവാസവ്യവസ്ഥകളിൽനിന്ന് അവർ ആട്ടിയോടിക്കപ്പെടുന്നു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന് അനുദിനം പറയുമ്പോഴും ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത ജനലക്ഷങ്ങൾ ഇന്ത്യയിൽ അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ നിതി ആയോഗിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്.

നാലു വർഷത്തിനിടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കെതിരായ 1,89,000 കേസ്‌ രജിസ്റ്റർ ചെയ്തതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 54 ശതമാനം കേസുകളും ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. വിചാരണകളും മറ്റുമായി വർഷങ്ങൾ നീണ്ടാലും ഒട്ടുമിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. സാക്ഷികളെ കൂറുമാറ്റിച്ചും മറ്റുമാണ് കേസുകൾ അട്ടിമറിക്കുന്നത്. മാത്രമല്ല പല പ്രതികൾക്കും താരപരിവേഷം ലഭിക്കുകയും ചെയ്യുന്നു. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിക്കുന്നു. കൂലി ചോദിച്ചതിന് മർദിച്ച് ചെരുപ്പുമാല അണിയിച്ചിട്ട് മൂത്രം കുടിപ്പിക്കുന്നു. ക്ഷേത്രത്തിലെ സമൂഹവിരുന്നിന് എത്തിയ ദളിത് കുടുംബത്തെ പന്തിയിൽനിന്ന് ഇറക്കി വിടുന്നു തുടങ്ങി, ഇരുണ്ട കാലഘട്ടത്തെ ഓർമിപ്പിക്കുന്ന അതിക്രമങ്ങളാണ് ആധുനിക ഇന്ത്യയിൽ പാവപ്പെട്ടവർക്കെതിരെ ഉണ്ടാകുന്നത്.

ഇതിനുപുറമെയാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന വർഗീയ കലാപങ്ങൾ. മെയ് ആദ്യം മണിപ്പൂരിൽ തുടങ്ങിയ കലാപത്തിന്റെ ചോരത്തുള്ളികൾ ഇനിയും ഉണങ്ങിയിട്ടില്ല. സമാധാന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങേണ്ട ഭരണനേതൃത്വം ഇപ്പോഴും വൈരാഗ്യത്തിന്റെ കനലുകൾ ഊതിപ്പെരുപ്പിക്കുകയാണ്. മണിപ്പൂരിനു പിന്നാലെ ഹരിയാനയിലും ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയം കലാപം വിതയ്ക്കുകയാണ്. മണിപ്പൂരിൽമാത്രം നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു, കുട്ടികളെക്കൂടി കൊല്ലാതിരിക്കാൻ അവരെ അഭയാർഥി ക്യാമ്പുകളിൽ വിട്ട് അമ്മമാർ ഓടിപ്പോകാൻ നിർബന്ധിതരായി. സ്ത്രീകളുടെ മാനം തെരുവിൽ സംഘം ചേർന്ന് വലിച്ചിഴയ്ക്കുന്നു. ലോകത്തിനു മുന്നിൽ രാജ്യം നാണംകെട്ടു നിന്ന സംഭവപരമ്പരകളാണ് മണിപ്പൂരിൽ കണ്ടത്.

വിവിധ ജാതികളെയും മതങ്ങളെയും തമ്മിലടിപ്പിച്ച് രാജ്യത്തെങ്ങും കൂടുതൽ കലാപങ്ങളും വർഗീയ ധ്രുവീകരണവും ഉണ്ടാക്കി അടുത്തു വരാൻപോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. സാമൂഹ്യ ഐക്യം തകർത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് വിതയ്ക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ ഒന്നിച്ചെതിർക്കേണ്ടതുണ്ട്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിർത്താൻ വളരെ ജാഗ്രതയോടെ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇന്ത്യയിലെ പൊതു സാഹചര്യങ്ങളിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നുമെല്ലാം ഏറെ വ്യത്യസ്തമാണ് കേരളം. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങളൊരുക്കി, വീടും ഭൂമിയും ആരോഗ്യവും തൊഴിലും നൽകി ഉന്നതിയിലേക്ക്‌ കൈപിടിച്ചുയർത്തുകയാണ് ഈ സർക്കാർ. അതി ദരിദ്രരായവരെ ഉന്നതിയിലേക്ക് ഉയർത്താൻ സമഗ്രമായ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. നിതി ആയോഗിന്റെ കണക്കുകളിൽ ബിഹാറിൽ 51 ശതമാനം പേരും ഉത്തർപ്രദേശിൽ 38 ശതമാനം പേരും ജാർഖണ്ഡിൽ 42 ശതമാനം പേരും അതിദരിദ്രരായിരിക്കെ കേരളത്തിലിത് വെറും 0.052 ശതമാനമാണ്. അവർക്കുകൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകി പൊതുസമൂഹത്തിലേക്ക് ഉയർത്തുന്നതോടെ കേരളം ഇന്ത്യക്ക്‌ വീണ്ടും മാതൃകയാകും.

10 ബിഎക്കാരെ കണ്ടിട്ട് മരിക്കണമെന്ന് ആഗ്രഹിച്ച അയ്യൻകാളിയുടെ പിന്മുറക്കാർക്ക് സംസ്ഥാനത്തും രാജ്യത്തും വിദേശത്തുമൊക്കെ മികച്ച ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ അവസരം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി 425 പേരെ രണ്ടു വർഷത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ് നൽകി അയക്കാനായതിൽ നമുക്ക് ഏറെ അഭിമാനിക്കാം. പഞ്ചമിയുടെ സ്കൂൾ പ്രവേശനവും വില്ലുവണ്ടിയുടെ ചക്രപ്രയാണവും ശ്രീമൂലം പ്രജാസഭയിൽ മുഴങ്ങിയ ശബ്ദവും പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നതിയിൽ അയ്യൻകാളിയുടെ അടയാളപ്പെടുത്തലുകളാണ്. ജാതി –ഉപജാതി, മത ബോധങ്ങൾക്കപ്പുറമുള്ള മനുഷ്യരുടെ നന്മയിൽ ഊന്നിയുള്ള കൂട്ടായ്മയാണ് നമുക്കു വേണ്ടത്. ആ വഴികൾ ഇന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നു.

നവകേരളത്തിലേക്കുള്ള പ്രയാണത്തിൽ, ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അയ്യൻകാളിയുടെ സ്മരണകൾ കൂടുതൽ ഊർജമാകുകയാണ്. അദ്ദേഹത്തിന്റെ 160-ാം ജന്മവാർഷികം ഓർമിപ്പിക്കുന്ന ചരിത്രപാഠങ്ങളും സമത്വാധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും ആ പ്രയാണത്തിന് ഗതിവേഗം നൽകുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.