Skip to main content

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറുവാൻ കേന്ദ്രത്തെ അനുവദിക്കില്ല

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള കേന്ദ്രത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമായിരിക്കുമിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ ഈ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലം. അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാവും. പ്രത്യാഘാതങ്ങൾ സമീപഭാവിയിലൊന്നും പരിഹരിക്കാൻ കഴിയുന്നതുമല്ല. കിഫ്ബിയും കെഎസ്എസ്പിഎല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്ര നടപടികൾ മൂലമുണ്ടായ ഈ ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രതിസന്ധി മറികടക്കാൻ അതൊന്നും മതിയാകില്ല. കേന്ദ്ര നടപടികൾ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വർഷംകൊണ്ട്, രണ്ടുമുതൽ 3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ അഞ്ചുവർഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണിത്. ഈ അപകടം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകൾ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും.

വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടത്.

പുതിയ ജിഎസ്ടി സംവിധാനം അനുസരിച്ച് ജിഎസ്ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020 - 21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.

സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന ഭരണഘടനാവിരുദ്ധമായ ഇടപെടൽ തടയുക, സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അർഹമായ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, സംസ്ഥാനത്തിൻറെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളിൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നടപടികൾ വിലക്കുക, നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുകഇങ്ങനെ സംസ്ഥാന സർക്കാരുകൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഭരണഘടന സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണാവകാശം നൽകുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിന് തനതായ അധികാരങ്ങളുണ്ടെന്നു വ്യക്തമാകും. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനും എല്ലാ തലത്തിലും സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തുന്ന നടപടികൾ കൈക്കൊള്ളുന്നതിനും കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് കേരള ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട്, 2003. ഈ നിയമപ്രകാരം ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ടിന്റെ (ജി എസ് ഡി പിയുടെ) 3.5 ശതമാനമാണ് സംസ്ഥാനത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധി. ഈ കടമെടുപ്പ് പരിധി മുൻനിർത്തിയാണ് സംസ്ഥാനം പദ്ധതി, പദ്ധതിയേതര വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ട പണം വകയിരുത്തുന്നത്. ധനകാര്യ കമ്മീഷനുകളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, ധനകമ്മി നികത്തുന്നതിനായി സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ല.

കേന്ദ്രം അടിച്ചേൽപ്പിച്ച വായ്പാ നിയന്ത്രണങ്ങൾ വഴി 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പാ സമാഹരണത്തിൽ ആകെ ഉണ്ടായ നഷ്ടം 1,07,513.09 കോടി രൂപയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.