Skip to main content

മതം ചരിത്രത്തിൽ നിർവഹിക്കുന്ന പങ്കും ജീവിതത്തിന് നൽകുന്ന പ്രതീക്ഷയും എല്ലാം ഉൾക്കൊണ്ടുള്ളതാണ് മാർക്സിസ്റ്റ് സമീപനം

മാർക്സിസം മതത്തിനെതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യുകയാണ് മാർക്സിസത്തിന്റെ ലക്ഷ്യമെന്നും ചിലർ വിലയിരുത്തുന്നുണ്ട്. മാർക്സിസം മതത്തെ ശക്തമായി നേരിടുന്നതിനു പകരം അതുമായി സന്ധിചെയ്ത് മുന്നോട്ടുപോകുകയാണെന്ന കാഴ്ചപ്പാടുള്ളവരും കുറവല്ല. ഈ സാഹചര്യത്തിൽ മതത്തെ മാർക്സും എംഗൽസും ലെനിനുമെല്ലാം വിലയിരുത്തിയത് എങ്ങനെയെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മനുഷ്യരും മൃഗങ്ങളും എല്ലാം ഒരുകാലത്ത് കാട്ടിൽ ഒന്നിച്ച് ജീവിച്ചവരായിരുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർ നേരിടേണ്ടി വന്ന ഏറ്റവും പ്രധാന വെല്ലുവിളി പ്രകൃതിശക്തികളായിരുന്നു. അവയെ വരുതിയിൽ കൊണ്ടുവന്നാൽ തങ്ങളുടെ ജീവിതത്തെ സുഖകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നവർ പ്രതീക്ഷിച്ചു. അങ്ങനെയാണ് ലോകത്തെ എല്ലാ സമൂഹത്തിലും ആദ്യകാലത്ത്‌ പ്രകൃതി ശക്‌തികളെ ആരാധിച്ചത്‌.

ഇന്ത്യയിലെ വേദങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്ന് ‘ആന്റിഡ്യൂറിങ്‌’ എന്ന എംഗൽസിന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. വേദ സാഹിത്യം മൂന്നു ദൈവങ്ങളെയാണ് മുന്നോട്ടുവച്ചത്. ഒന്നാമതായി മഴയുടെ ദേവനായ ഇന്ദ്രൻ, രണ്ടാമതായി കാറ്റിന്റെ ദേവനായ വായു, മൂന്നാമതായി തീയുടെ ദൈവമായ അഗ്നിയും ഈ പരിധിയിൽ വരുന്നു. വേദങ്ങളിലാകമാനം പ്രകീർത്തിക്കപ്പെട്ട ഈ മൂന്നു ദൈവങ്ങളും ഇന്ന് ഏറെ ആരാധിക്കപ്പെടുന്നില്ല. വേദങ്ങളിലേക്ക് മടങ്ങിച്ചെല്ലാൻ ആഹ്വാനം ചെയ്യുന്നവർപോലും ഈ മൂന്നു ദേവന്മാരെ ആരാധിക്കണമെന്ന്‌ പറയുന്നില്ല.

ഒരുകാലത്ത് ഏറെ ആരാധിക്കപ്പെട്ട ഇത്തരം ദൈവങ്ങൾ എന്തുകൊണ്ടാണ് പിന്നീട് അപ്രസക്തരായി തീർന്നത്. മനുഷ്യസമൂഹം വികസിച്ച് മുന്നോട്ടുപോയതോടെ പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ പറ്റുന്ന സാഹചര്യം വളരാൻ തുടങ്ങി. കാർഷിക സമൂഹത്തിലേക്കുള്ള പരിവർത്തനവും ആരംഭിച്ചു. ഈ മാറ്റം മനുഷ്യസമൂഹത്തിനു മുന്നിൽ പുതിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. പുതിയ ദൈവങ്ങൾ പഴയ ദൈവങ്ങളെ പിന്തള്ളി മുന്നിലേക്ക് വന്നു. ഇന്ദ്രനെ പരാജയപ്പെടുത്തി കൃഷ്ണനെപ്പോലുള്ള ദൈവങ്ങൾ കാലുറപ്പിക്കാൻ തുടങ്ങി. സാമൂഹ്യമുന്നേറ്റം ദൈവത്തിന്റെ സ്വരൂപങ്ങളിലും മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നർഥം.
പ്രകൃതിശക്തികളെ ഏറെ നിയന്ത്രണത്തിലാക്കുകയും പുതിയ ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തതോടെ ഉൽപ്പാദനത്തിൽ വലിയ വർധന ഉണ്ടാകാൻ തുടങ്ങി. നേരത്തേ കൂട്ടായ അധ്വാനത്തിലൂടെ ഭക്ഷണം കണ്ടെത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഉപകരണങ്ങൾ മനുഷ്യൻ നിർമിച്ചതോടെ ഉൽപ്പാദനത്തിൽ വലിയ വർധനയുണ്ടായി. നേരത്തേ ഒരാൾക്ക് ജീവിക്കാനുള്ളതുപോലും കണ്ടെത്താൻ ബുദ്ധിമുട്ടിയ സമൂഹത്തിൽ അതിനേക്കാൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇതിലൂടെ രൂപപ്പെട്ടു. ഇതോടുകൂടി തൊഴിൽ വിഭജനം എന്ന പുതിയ പ്രക്രിയക്ക്‌ സമൂഹം വിധേയമായി.

ആദ്യത്തെ തൊഴിൽവിഭജനം കുടുംബത്തിനകത്താണുണ്ടായത്. ‘കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം’ എന്നിവയുടെ ഉത്ഭവം എന്ന പുസ്തകത്തിൽ എംഗൽസ് പറഞ്ഞതുപോലെ സ്ത്രീയും പുരുഷനും തമ്മിലുള്ളതായിരുന്നു ആദ്യത്തെ തൊഴിൽ വിഭജനം. ഇതാണ് സ്ത്രീയുടെ അടിമത്തത്തിലേക്ക് നയിച്ചത് എന്ന കാര്യം എംഗൽസ് എടുത്തു പറയുന്നുണ്ട്. ഉൽപ്പാദനം വർധിച്ചതോടെ തൊഴിൽവിഭജനവും സമൂഹത്തിൽ ഉണ്ടായി. ദൈവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി പുതിയ വിഭാഗംതന്നെ രൂപപ്പെട്ടു. സമൂഹത്തിന്റെ പൊതുവായ കാര്യങ്ങൾ നോക്കി നടത്തുന്നതിനും സമൂഹത്തിൽ മേൽക്കൈ നേടിയ വിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണസംവിധാനവും രൂപംകൊണ്ടു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്ന വിഭാഗവുമെന്ന വിഭജനം ഇതിലൂടെയുണ്ടായി. പുരോഹിതരും രാജാക്കന്മാരും ഇത്തരത്തിൽ ഉടമകളായി പരിവർത്തിക്കപ്പെട്ടു. രാജഭരണ വ്യവസ്ഥയും പുരോഹിതന്മാരും ചേർന്ന വിഭാഗങ്ങൾ നാട് ഭരിക്കുന്ന സാഹചര്യമുണ്ടായി. ഗോത്രത്തലവന്മാർ പലപ്പോഴും രാജാക്കന്മാരുടെ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അങ്ങനെ അടിമ–- ഉടമ വ്യവസ്ഥ സമൂഹത്തിൽ വേരുറപ്പിക്കുന്ന നിലയുണ്ടായി. മനുഷ്യസമൂഹത്തിന്റെ വികാസ പ്രക്രിയയുടെ സവിശേഷ ഘട്ടത്തിൽ അടിമ– -ഉടമ ബന്ധം സമൂഹത്തിൽ രൂപപ്പെട്ടുവന്നു.

അടിമ ഉടമ വ്യവസ്ഥ ഓരോ രാജ്യത്തും വ്യത്യസ്തമായ രീതിയിലാണ് ഉയർന്നുവന്നത്. റോമാ സാമ്രാജ്യംപോലുള്ള ഇടങ്ങളിൽ അടിമ– -ഉടമ എന്ന നിലയിൽത്തന്നെ അവ നിലനിന്നു. എന്നാൽ, ഇന്ത്യയിൽ അത് ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ചട്ടക്കൂട്ടിനകത്തുനിന്ന് രൂപപ്പെടുകയാണുണ്ടായത്. ഏത് രീതിയിൽ രൂപപ്പെട്ടാലും അടിമകളുടെ ജീവിതം ദുസ്സഹമായിത്തന്നെ തുടരുന്ന നിലയുണ്ടായി. ഒരു വിഭാഗം ജനത അടിമകളായി മാറ്റപ്പെടുകയും അടിച്ചമർത്തലിന് വിധേയമാകുകയും ചെയ്തു. ഇതിനെതിരായി പ്രതിരോധ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. റോമിൽ സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ നടന്ന അടിമകളുടെ കലാപം ചരിത്രത്തിന്റെ ഭാഗമാണ്.
ഇന്ത്യയിൽ നിലനിന്ന ജാതി സമ്പ്രദായത്തിൽ രൂപപ്പെട്ട അടിമവ്യവസ്ഥയ്‌ക്കെതിരായി വിവിധ തരങ്ങളിലുള്ള പ്രതിരോധ പ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. അതിലേറ്റവും പ്രധാനപ്പെട്ടത്‌ ജൈന–-ബുദ്ധ മതങ്ങൾ ആയിരുന്നു. ഇവർ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുകയും ഹിംസാത്മകമായ ജീവിതത്തെ എതിർക്കുകയും ചെയ്തു. മാത്രമല്ല, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്ന വിധമുള്ള വിവിധ പ്രവർത്തനങ്ങൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ആരംഭിച്ചു. പള്ളിക്കൂടങ്ങൾ എന്ന നിലയിൽ അവരുടെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്‌ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള നടപടികൾ സ്വീകരിച്ചു. ഇന്ത്യയിൽ ആയുർവേദമുൾപ്പെടെ വളർന്നുവികസിച്ചത് ഇത്തരം നിലപാടുകളുടെകൂടി അടിസ്ഥാനത്തിലായിരുന്നു. യാഗങ്ങളുടെയും അശ്വമേധങ്ങളുടെയും ലോകത്ത് നിലനിന്ന ജീവിതചിന്തകളെ സാധാരണ ജനതയുടെ ജീവിതപ്രശ്നങ്ങളിലേക്ക് മാറ്റി പണിയുകയാണ് ഈ ഇടപെടൽ ഉണ്ടാക്കിയത്. ഇത്തരത്തിൽ ചരിത്രത്തിൽ ബുദ്ധ –-ജൈന മതങ്ങൾ നടത്തിയ ഇടപെടലുകൾ സാമൂഹ്യവികാസത്തിന് സഹായിക്കുന്ന വിധമുള്ളതായിരുന്നു. ലോകത്തിലെ ആദ്യത്തെ സംഘടിത മതങ്ങൾ ഇത്തരത്തിൽ മനുഷ്യവിമോചനത്തിന്റെ വഴികളിലൂടെയാണ് നീങ്ങിയതെന്ന് കാണാവുന്നതാണ്.

അടിമത്ത സമ്പ്രദായത്തിനെതിരെ സ്പാർട്ടക്കസിനെപ്പോലുള്ളവരുടെ നേതൃത്വത്തിൽ വിവിധ കലാപങ്ങൾ നടന്നിരുന്നു. അടിമകളുടെ വിമോചനത്തിനായുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽനിന്നാണ്‌ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിൽ പിറന്നുവീണത്. ഈ കാലഘട്ടത്തിൽ രൂപംകൊണ്ട ക്രിസ്തുമതം ചരിത്രപരമായി നിർവഹിച്ച കടമകളെ സംബന്ധിച്ച് എംഗൽസ് തന്റെ പ്രസിദ്ധമായ ‘ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി’യെന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘‘ബന്ധനത്തിൽനിന്നും കഷ്ടപ്പാടുകളിൽനിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളി സോഷ്യലിസവും വാഗ്ദാനം ചെയ്യുന്നത്‌. ക്രിസ്തുമതം ഈ മോക്ഷം വാഗ്ദാനം ചെയ്യുന്നത് മരണാനന്തരമുള്ള ജീവിതത്തിൽ സ്വർഗത്തിലാണെങ്കിൽ ഈ ലോകത്തിൽ തന്നെ സമൂഹത്തിന്റെ പരിവർത്തനത്തിലൂടെയാണ് സോഷ്യലിസം ഇത് വാഗ്ദാനം ചെയ്യുന്നത്''.

റോമാ സാമ്രാജ്യത്തിൽ നിലനിന്ന അടിമത്തത്തിനെതിരെയും കഷ്ടപ്പാടുകൾക്കെതിരെയും നിലപാട് സ്വീകരിച്ച മതമെന്ന നിലയിലാണ് ക്രിസ്തുമതത്തെ മാർക്സിസം കാണുന്നത്. അതായത് ചരിത്രത്തിൽ ക്രിസ്തുമതം രൂപപ്പെടുന്നതും അത് നടത്തിയ ഇടപെടലുകളും എല്ലാം ജനപക്ഷത്തുനിന്നു കൊണ്ടുള്ളതായിരുന്നുവെന്ന വിലയിരുത്തലാണ് എംഗൽസ് നടത്തിയത്. ക്രിസ്തുമതവും ശാസ്ത്രീയ സോഷ്യലിസവും സമത്വസുന്ദരമായ ഒരു ലോകം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കുന്നു. ശാസ്ത്രീയ സോഷ്യലിസം അത്തരമൊരു ലോകം ഭൂമിയിൽത്തന്നെ രൂപപ്പെടുത്താനാകുമെന്ന് തിരിച്ചറിയുന്നു. എന്നാൽ, മരണാനന്തര ജീവിതത്തിൽ അത്തരമൊരു ലോകത്തിന്റെ സാധ്യതയാണ് ക്രിസ്തുമതം ലക്ഷ്യംവയ്‌ക്കുന്നത് എന്നർഥം. ചുരുക്കത്തിൽ സമത്വസുന്ദരമായ ലോകം മതവും ശാസ്ത്രീയ സോഷ്യലിസവും ലക്ഷ്യംവയ്‌ക്കുന്നു. മതം മറ്റൊരു ലോകത്തെ സ്വർഗത്തിൽ അത് സാധ്യമാകുമെന്ന സമീപനം മുന്നോട്ടുവയ്‌ക്കുമ്പോൾ, അത് ഈ ലോകത്ത് സാധിക്കുമെന്നുള്ള കാഴ്ചപ്പാട് സോഷ്യലിസം അവതരിപ്പിക്കുന്നു. റോമാ സാമ്രാജ്യത്തിലെ അടിമ കാലഘട്ടത്തിലെ ബഹുജന കലാപങ്ങളുടെ ഭാഗമായാണ് ക്രിസ്തുമതം ആവിർഭാവം ചെയ്തതെന്നും മാർക്സിസം വിലയിരുത്തുന്നുണ്ട്. അതായത് മതവിരുദ്ധമായ ഒരു നിലപാടല്ല, മറിച്ച് മതം ചരിത്രത്തിൽ നിർവഹിക്കുന്ന പങ്കും ജീവിതത്തിന് നൽകുന്ന പ്രതീക്ഷയും എല്ലാം ഉൾക്കൊണ്ടുള്ളതാണ് മാർക്സിസ്റ്റ് സമീപനം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.