Skip to main content

നിർമല സീതാരാമന്റേത് വാചകമേള ബജറ്റ്, എന്തിനും ഏതിനും അക്ഷരച്ചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദി ശൈലി ധനമന്ത്രിയും ഏറ്റെടുത്തു

പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത വാചകമേള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. എന്തിനും ഏതിനും അക്ഷരച്ചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദിയുടെ ശൈലി ധനമന്ത്രിയും ഏറ്റെടുത്തു. അങ്ങനെയാണ് ജിഡിപിക്ക് ഒരു പുതിയ നിർവചനം കൊടുത്തിരിക്കുന്നത്. ജിഡിപി എന്നാൽ “Gross Domestic Product” എന്നല്ല,“Governance, Development and Performance” ആണത്രേ. ഇതാണ് മോദി സർക്കാരിൽ ഇല്ലാത്തതും.

മോദിക്കു മുമ്പുള്ള 10 വർഷം 7.8 ശതമാനംവച്ച് വളർന്ന ജിഡിപി മോദി ഭരണകാലത്ത് 5.8 ശതമാനംവച്ചാണ് വളർന്നത്. കോവിഡ് കാലത്തെ മാറ്റിനിർത്തിയാൽപ്പോലും ശരാശരി വളർച്ച നിരക്ക് 6.8 ശതമാനമാണ്. നോട്ട് നിരോധനംപോലുള്ള മണ്ടത്തരങ്ങൾകൊണ്ടാണ് ഈ ദുർഗതി സമ്പദ്ഘടനയ്ക്ക് ഉണ്ടായത്. കോവിഡ് കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദനം ഇടിഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത് മോദിയുടെ യാഥാസ്ഥിതിക ധനനയംമൂലമാണ്. കോവിഡ്‌ കാലത്ത് ഏറ്റവും ചുരുങ്ങിയ ഉത്തേജന പാക്കേജ് നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും നയം ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം

ഇടിയുന്ന വാങ്ങൽ കഴിവ്
ജിഡിപി 7.3 ശതമാനം വളർന്നുവെന്നാണ് അവകാശവാദമെങ്കിലും കൃഷി 1.8 ശതമാനമേ വളർന്നുള്ളൂ. വ്യവസായ വളർച്ചയും മുരടിപ്പിലാണ്. വളർച്ചയുണ്ടായത് സേവനമേഖലയിലാണ്. ഉപഭോഗവും സ്വകാര്യനിക്ഷേപവും മുരടിപ്പിലാണ്. ഈ സാഹചര്യത്തിൽ ഏതൊരു ബജറ്റും ചെയ്യേണ്ടത് ചെലവ് വർധിപ്പിക്കലാണ്. എന്നാൽ, നിർമല സീതാരാമൻ ചെയ്യുന്നത് നേർവിപരീതവും.

2023– 24ൽ ബജറ്റ് ചെലവ് ദേശീയവരുമാനത്തിന്റെ 15.1 ശതമാനം വന്നെങ്കിൽ പുതിയ ബജറ്റിൽ 14.5 ശതമാനമാണ്. കമ്മി കൂട്ടിയല്ല, മറിച്ച്‌ കൂടുതൽ വരുമാനം കണ്ടെത്തി ചെലവ് വർധിപ്പിക്കണം. ബജറ്റ് രേഖപ്രകാരം കേന്ദ്ര സർക്കാരിന് വിവിധയിനങ്ങളിലായി പിരിഞ്ഞു കിട്ടാനുള്ളത് 21 ലക്ഷത്തിൽപ്പരം കോടി രൂപയാണ്. ഇതിന്റെ പകുതി മാത്രമേ തർക്കത്തിൽപ്പെടുകയുള്ളൂ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം ചെലവ് വർധിച്ചത്‌ ആറുശതമാനം മാത്രമാണ്‌. വിലക്കയറ്റവുംകൂടി കണക്കിലെടുത്താൽ വർധനയേ ഇല്ല. അതുകൊണ്ടാണ് ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കുമ്പോൾ ചെലവ് ഇടിയുന്നത്. ഈ സമീപനം സമ്പദ്ഘടന ഇന്നു നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ സഹായകരമല്ല.

കുറയുന്ന ജനവിഹിതങ്ങൾ
മേജർ വകുപ്പുകൾക്ക്‌ ചെലവാക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രതിരോധത്തിനാണ്‌. കുറവ്‌ കൃഷിക്കാണ് –- 1.17 ലക്ഷം കോടി രൂപ. നടപ്പുവർഷം ചെലവഴിക്കുന്ന അതേ തുകതന്നെ. കാർഷിക മുരടിപ്പിനോടുള്ള ബജറ്റ് പ്രതികരണം ഇതാണ്. ഗ്രാമവികസനത്തിന് ഈ വർഷം ചെലവഴിക്കുമെന്നു പ്രതീക്ഷിക്കുന്നത് 1.71 ലക്ഷം കോടി രൂപയാണ്. പുതിയ ബജറ്റിലെ വകയിരുത്തൽ 1.77 ലക്ഷം കോടി രൂപ. വലിയ വർധന തന്നെ!

തൊഴിലുറപ്പ് പദ്ധതിയിൽ ഒരുലക്ഷം കോടി രൂപവീതം ചെലവഴിച്ചുകൊണ്ടിരുന്നത് കഴിഞ്ഞവർഷം 60,000 കോടിയാക്കി. പ്രതിഷേധം ഉണ്ടായപ്പോൾ 86,000 കോടി രൂപയായി വർധിപ്പിച്ചു. പുതിയ ബജറ്റിൽ വകയിരുത്തിയതും ഇതേ തുക തന്നെ.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സ്ഥിതിയും മറിച്ചല്ല. പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിക്ക് കഴിഞ്ഞ വർഷവും ഈ വർഷവും 80,000 കോടി രൂപതന്നെ. ജലജീവൻ മിഷന്റെ 70,000 കോടിയിലും വ്യത്യാസമില്ല. പ്രധാനപ്പെട്ട കേന്ദ്ര സ്കീമുകളിലൊന്നിലും വർധനയില്ല.

ഏറ്റവും പ്രധാനപ്പെട്ട ആറ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കൽ കഴിഞ്ഞ വർഷത്തെ ബജറ്റിൽ 3.89 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷവും അതേ തുകതന്നെ. പട്ടികജാതി പട്ടികവർഗക്കാരുടെയും അടങ്കലിൽ വർധനയില്ല.

കേരളത്തിന്റെ 1600 രൂപ പെൻഷൻ പിച്ചച്ചട്ടി പെൻഷൻ ആണെന്ന് ആക്ഷേപിച്ച ബിജെപിക്കാർക്ക് കേന്ദ്ര പെൻഷൻ സഹായം 150–-200 രൂപയായി നിലനിർത്തുന്നതിനെക്കുറിച്ച് ഇപ്പോൾ എന്താണ്‌ പറയാനുള്ളത്. ഇതിന്‌ കഴിഞ്ഞ വർഷം വകയിരുത്തിയ അതേ 9650 കോടി രൂപയാണ് ഈ വർഷവുമുള്ളത്.

ഇടിയുന്ന നിക്ഷേപത്തിന്‌ �മരുന്നില്ല
എന്നാൽ, കേന്ദ്ര ധനമന്ത്രി വിചാരിക്കുന്നതുപോലെ സർക്കാരിന്റെ മൂലധനച്ചെലവുകൊണ്ടുമാത്രം സാമ്പത്തിക കുതിപ്പ് ഉണ്ടാകില്ല. സ്വകാര്യ മുതലാളിമാർ നിക്ഷേപം നടത്താൻ മടിക്കുന്നുവെന്നതാണ് ഇന്ത്യയിലെ ഇന്നത്തെ വിചിത്രമായ സ്ഥിതിവിശേഷം. ഇന്ത്യയിലെ മൂലധന സ്വരൂപണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. ഒരു ഘട്ടത്തിൽ നിർമല സീതാരാമനുതന്നെ കോർപറേറ്റ് മേധാവികളോടു കയർക്കേണ്ടി വന്നു. ‘നിങ്ങൾക്കുവേണ്ടി ഇതിൽ കൂടുതൽ എന്താണ്‌ ചെയ്യേണ്ടത്. എന്തുകൊണ്ട് നിങ്ങൾ കൂടുതൽ മുതൽമുടക്കുന്നില്ല.’
ആരും ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും കാരണം വ്യക്തമാണ്. മുതൽമുടക്കി ഉൽപ്പാദനം വർധിപ്പിച്ചിട്ടും വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തു കാര്യം. സാധാരണക്കാരുടെ ഉപഭോഗ വസ്തുക്കൾ മാത്രമല്ല, ഇടത്തരക്കാരുടെ ടൂ വീലറുകളും കാറുകളും അടക്കമുള്ള ചരക്കുകളുടെയും ആവശ്യകത ഇടിഞ്ഞു. ഇതാണ് യഥാർഥ പ്രശ്നം. പക്ഷേ, ഇതിനോട് ഈ ബജറ്റ് മാത്രമല്ല, മോദിയുടെ എല്ലാ ബജറ്റും പുറംതിരിഞ്ഞാണ് നിന്നത്.

സംസ്ഥാനത്തോടുള്ള �ഇരട്ടത്താപ്പ്
കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് കേന്ദ്ര ബജറ്റിൽ ഞാൻ കണ്ട ആശ്വാസം. ധനക്കമ്മി 5.8 ശതമാനത്തിൽനിന്ന് 5.1 ശതമാനമായി കുറച്ചുവെന്നതാണ് അവരുടെ ഏറ്റവും വലിയ അവകാശവാദം. കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും മൂന്നു ശതമാനത്തിനപ്പുറം പാടില്ലെന്നാണ്‌ നിയമം. ഇത് മൂന്നു ശതമാനം അധികരിക്കുന്നുവെന്നു പറഞ്ഞ് കേരളത്തിനുമേൽ കുതിരകയറുന്ന കേന്ദ്രം 5.1 ശതമാനം എന്നത് അഭിമാനപൂർവം ഉയർത്തിപ്പിടിക്കുകയാണ്. എന്നിട്ട് പണ്ട് കേരളം മൂന്നു ശതമാനം അധികരിച്ചുവെന്നു പറഞ്ഞ് അക്കാലത്തെ അധിക വായ്പയൊക്കെ ഇന്ന് വെട്ടിക്കുറയ്ക്കുകയാണ്. അങ്ങനെ കേരളത്തിന്റെ ധനകമ്മി ഒരുപക്ഷേ രണ്ടു ശതമാനം ആകാനാണ്‌ സാധ്യത.

ബജറ്റിലെ ശ്രദ്ധേയമായ കാര്യം കേന്ദ്രം മൂലധനച്ചെലവ് ഉയർത്തിനിർത്താൻ തയ്യാറായി എന്നുള്ളതാണ്. മൂലധനച്ചെലവ് 11 ശതമാനം വർധിപ്പിച്ച് 11,11,111 കോടിയാക്കി. കാണാൻ നല്ല രസമുള്ള എണ്ണം. പക്ഷേ, ഇത്രയും രസം കേന്ദ്രത്തിനുമാത്രം മതിയെന്നാണ് നിർമല സീതാരാമന്റെ നിലപാട്. ഇത് ദേശീയപാത അതോറിറ്റിയും മറ്റും വഴി ചെലവാക്കുന്ന പണമാണല്ലോ. അതോറിറ്റിയും വായ്പയെടുക്കുന്നുണ്ട്. ഇതിനു പുറമെ കരാർ എടുക്കുന്ന സ്വകാര്യവ്യക്തികൾകൂടി വായ്പയെടുത്ത് മുതൽമുടക്കുന്നതുകൊണ്ടാണ് ബജറ്റിൽ വീമ്പ് പറയുന്ന പശ്ചാത്തലസൗകര്യ വർധന ഉണ്ടായിട്ടുള്ളത്.ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. സർക്കാർ നൽകുന്ന പണം ഉപയോഗപ്പെടുത്തി കൂടുതൽ വായ്പയെടുത്ത് കിഫ്ബി പശ്ചാത്തലസൗകര്യമൊരുക്കുന്നു. ഇങ്ങനെ ചെയ്യുന്നത് സ്വകാര്യ മുതലാളി ആയാലേ സമ്മതിക്കൂ, പൊതുമേഖലാ സ്ഥാപനമാണെങ്കിൽ പറ്റില്ല എന്നാണ്‌ കേന്ദ്ര ധനമന്ത്രിയുടെ നിലപാട്. അതുകൊണ്ടാണല്ലോ കിഫ്ബി വായ്പയുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ വായ്പ വെട്ടിക്കുറച്ചത്. ഇങ്ങനെ വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാരിന്റെ ദേശീയപാത പണിയുന്നതിനുവേണ്ടി കിഫ്ബി എടുത്ത 6000 കോടി രൂപകൂടി ഉൾപ്പെടുന്നുവെന്നതാണ് വിരോധാഭാസം.കേരളം കടക്കെണിയിലാണെന്നും മറ്റും പറയുന്ന ചില വലിയ വിദ്വാന്മാർ കേരളത്തിൽ ഉണ്ടല്ലോ. അവർ ഈ ബജറ്റിലെ കണക്കുകൾ ഒരിക്കൽക്കൂടി നോക്കട്ടെ. കേന്ദ്രത്തിന്റെ ഒരു രൂപ വരുമാനത്തിൽ 28 പൈസയും കടമാണ്. കേരളത്തിൽ ഇത് 15 പൈസയേ വരൂ. കേന്ദ്രത്തിന്റെ ഒരു രൂപ ചെലവിൽ പലിശ 20 പൈസ വരും. കേരളത്തിൽ 14 പൈസ. പക്ഷേ, കേരളം വലിയ കടക്കെണിയിലും കേന്ദ്രം വലിയ കേമവും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.