Skip to main content

എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജനങ്ങളുടെയാകെ പിന്തുണയോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട്

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. 2021 മെയ് ഇരുപതാം തീയതിയാണ് സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങളുടെ അർത്ഥപൂർണ്ണമായ തുടർച്ചയും, പുതിയ കാലത്തിനനുസൃതമായ പ്രവർത്തനങ്ങളും ഉറപ്പുനൽകിക്കൊണ്ട് ചുമതലയേറ്റെടുത്ത സർക്കാർ ജനാഭിലാഷം നിറവേറ്റി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലൂടെ കേരളത്തിന്റെ ഭാവിക്ക് നിർണായകമായ പല പദ്ധതികളും ആവിഷ്കരിക്കാനും ചിലവ യാഥാർത്ഥ്യമാക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. ഉൽപാദനവും വരുമാനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനുള്ള ബഹുതലപദ്ധതികൾ നടപ്പിലാവുകയാണ്.

ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഏറെ അഭിമാനത്തോടെയാണ് കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. ധനവകുപ്പിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇക്കാലം.കേന്ദ്ര ഗവൺമെന്റ് ബഹുമുഖമായ ഉപരോധങ്ങളിലൂടെ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും ചെലവുകൾ വെട്ടിക്കുറക്കാതെ എല്ലാ മേഖലയിലേക്കും പണമെത്തിക്കാൻ സർക്കാറിന് കഴിഞ്ഞു. സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം വെട്ടിക്കുറച്ചും, കടപരിധിയിൽ കുറവ് വരുത്തിയും കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നേരിടാൻ നാം ശ്രമിക്കുകയാണ്.

സംസ്ഥാനത്തെ ജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധമുയർത്തിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത് ന്യൂഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചും, സംസ്ഥാനത്തിന്റെ അർഹമായ അവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചും രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് ഈ വിഷയത്തെ കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ ന്യായമാണെന്ന് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ദേശീയ രാഷ്ട്രീയ നേതാക്കന്മാരും പറയുന്ന നിലയുണ്ടായി. മറ്റു ചില സംസ്ഥാനങ്ങളും കേരളത്തിന്റെ പാതപിന്തുടർന്ന് സുപ്രീംകോടതിയിൽ കേസ് നൽകുകയുണ്ടായി. ഫെഡറലിസവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രശ്നമായി ഇത് മാറിയിരിക്കുന്നു.

ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കാൻ നമുക്ക് കഴിഞ്ഞു. 2020–21ൽ സംസ്ഥാനത്തിന്റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 2023–24ൽ ഇത്‌ 77,000 കോടി രൂപയായി ഉയർത്താനായി. വെറും മുന്നുവർഷത്തിനുള്ളിലാണ്‌ അറുപത്‌ ശതമാനത്തോളം വർധന സാധ്യമാക്കിയത്‌. ഈ വർധനകൂടി സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ മൂലം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ തകർച്ചയിലേക്കെത്തുമായിരുന്നു.

ജനങ്ങളുടെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി നാം മുന്നോട്ടു പോവുകയാണ്. ജനങ്ങളുടെ ഉറച്ച പിന്തുണയാണ് ഈ മുന്നേറ്റത്തിൽ സർക്കാരിന്റെ കരുത്ത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.