Skip to main content

സ്‌കൂൾ വിദ്യാഭ്യാസ തലത്തിലെ കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്

സ്‌കൂൾ വിദ്യാഭ്യാസ തലത്തിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. കേരളത്തിലെ വിദ്യാഭ്യാസമേഖല, ചരിത്രപരമായി ഒട്ടേറെ സവിശേഷത നിറഞ്ഞതാണ്. ഐക്യ കേരള രൂപീകരണത്തിന് മുമ്പുംശേഷവും ഒട്ടേറെ ജനകീയ ഇടപെടലുകൾകൊണ്ട് പരിവർത്തനത്തിന് വിധേയമായതുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസമേഖല. ഈ മാറ്റങ്ങളുടെ, വിദ്യാഭ്യാസ വളർച്ചയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ച്‌ അവയെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പൊതു ഇടങ്ങളാക്കി പരിവർത്തനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ എട്ട് വർഷക്കാലമായി നാം നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയതിലൂടെ 5000 കോടിയിൽപ്പരം രൂപയുടെ നിക്ഷേപമാണ് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനുവേണ്ടി നടത്തിയത്. ഈ നിക്ഷേപം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖംതന്നെ മാറ്റി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നാം വിജയിച്ചു. ഏതൊരു വിദ്യാഭ്യാസ പരിഷ്കരണങ്ങളെയും ഉൾക്കൊള്ളാൻ പാകത്തിൽ ക്ലാസ് മുറികളെ സാങ്കേതിക സൗഹൃദമാക്കി മാറ്റുന്നതിലൂടെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയെയും അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രാപ്യമാക്കി.

ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനൊപ്പം പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാനുള്ള ശ്രമങ്ങളും നടത്തി. അതിന്റെ ആദ്യഘട്ടം പൂർത്തിയായി. 1, 3, 5, 7, 9 ക്ലാസുകളിലെ 173 ടൈറ്റിൽ പുതിയ പാഠപുസ്തകങ്ങൾ ജൂണിനുമുമ്പേ കുട്ടികളുടെ കൈകളിൽ എത്തും. ജനകീയ ചർച്ചകൾക്കും വിദ്യാർഥി ചർച്ചകൾക്കുംശേഷം എല്ലാ വിഭാഗത്തിലുള്ളവരെയും പരിഗണിച്ചുള്ള പരിഷ്കരണപ്രവർത്തനങ്ങളാണ് നടത്താൻ ശ്രമിച്ചിട്ടുള്ളത്. വരുന്ന അധ്യയനവർഷത്തെ കുട്ടികൾ വരവേൽക്കുന്നത് പുതിയ പാഠപുസ്തകങ്ങളുമായിട്ടായിരിക്കും. ഇതിനായി അധ്യാപകരെ സജ്ജമാക്കുന്നതിനുള്ള അവധിക്കാല അധ്യാപകസംഗമങ്ങളും ആരംഭിച്ചു. നിർമിതബുദ്ധിയിൽ അധ്യാപകർക്ക് പരിശീലനവും നൽകിവരികയാണ്. മേൽപ്പറഞ്ഞ എല്ലാ പരിശ്രമങ്ങളുടെയും ഫലം ക്ലാസ് മുറിയിലാണ് ഉണ്ടാകേണ്ടത്. വിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‌ ഒട്ടേറെ മാറ്റം അനിവാര്യമാണ്‌. അധ്യാപനരംഗത്ത് പ്രൊഫഷണൽ സമീപനം ഉണ്ടാകണം. മാറുന്ന കാലത്തിനോട് സംവദിക്കാൻ പ്രാപ്തിയുള്ള അധ്യാപകരെയാണ് നമുക്ക് ആവശ്യം. വിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിയും കരിക്കുലം വിഭാവനംചെയ്യുന്ന പഠനലക്ഷ്യങ്ങൾ നേടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓരോ കുട്ടിയും ആർജിക്കേണ്ട ശേഷികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട കടമ അധ്യാപകർക്കാണ്‌. ഇതിനായാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായുള്ള പഠന പിന്തുണാപരിപാടിയും പ്രൈമറി ക്ലാസുകളിൽ സമഗ്ര ഗുണമേന്മാപരിപാടിയും ആസൂത്രണം ചെയ്തുനടപ്പാക്കുന്നത്.
പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ് വിലയിരുത്തൽ പ്രക്രിയ. പഠനാരംഭഘട്ടത്തിലും പഠനത്തോടൊപ്പവും നിരന്തരമായും സൂക്ഷ്മമായും നടത്തേണ്ടതാണ്‌ ഇത്. നിലവിലെ വിലയിരുത്തൽ പ്രക്രിയ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് 1997-ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ്. വിലയിരുത്തൽ പ്രക്രിയ കേവലം യാന്ത്രികമായി നടക്കേണ്ട ഒന്നല്ലെന്നും മറിച്ച് അത് നിരന്തരവും സമഗ്രവുമായി ക്ലാസ് മുറികളിൽ നടക്കേണ്ടതാണെന്നുമുള്ള പൊതുബോധത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. മാർക്ക് നൽകുന്നതിൽനിന്ന്‌ ഗ്രേഡുകൾ നൽകുന്ന രീതി സ്വീകരിച്ചു. ഈ രീതിശാസ്ത്രം ഇപ്പോൾ ഹയർ സെക്കൻഡറി തലംവരെ സ്വീകരിച്ചുപോരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും ഇതേ പരിഷ്കരണങ്ങൾ നടപ്പാക്കിയത്.

മൂല്യനിർണയ പ്രക്രിയയിൽ പുരോഗമനപരമായ പരിഷ്കരണപ്രവർത്തനങ്ങൾ നടപ്പാക്കിയെങ്കിലും പൂർണമായി വിജയിപ്പിക്കുന്നതിൽ പല കാരണങ്ങൾ തടസ്സമായിട്ടുണ്ട്‌. ഓരോ പഠിതാവിനെയും കൃത്യമായി മനസ്സിലാക്കി അവരുടെ സമഗ്രവികസനത്തിന്‌ പിന്തുണ നൽകുക എന്ന വിലയിരുത്തൽ പ്രക്രിയയുടെ പ്രാഥമിക ധർമത്തെ നാം ചില കാരണംകൊണ്ട് ഗൗരവമായി സമീപിച്ചിട്ടില്ല. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ എല്ലാവരെയും ക്ലാസ് കയറ്റം നൽകണമെന്നതിന്റെ ചുവടുപിടിച്ച് പല കുട്ടികളും അടിസ്ഥാനശേഷി നേടുന്നുണ്ടോ എന്ന കാര്യം വിസ്മരിക്കുകയോ ലളിതവൽക്കരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന്‌ ഗൗരവമായി ചിന്തിക്കണം. 2019-ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കേരളത്തിൽ നടപ്പാക്കാത്തത്‌ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കൊപ്പമായതുകൊണ്ടുകൂടിയാണ്‌. കുട്ടികളെ തോൽപ്പിക്കുകയെന്നത് സർക്കാർ നയമായി സ്വീകരിച്ചിട്ടില്ല. എന്നാൽ, ഓരോ ക്ലാസിലും കുട്ടി നേടേണ്ട ശേഷി നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതിൽ വിട്ടുവീഴ്ച ചെയ്യാനും ഒരുക്കമല്ല.

2005ൽ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേഡിങ്‌ നടപ്പാക്കി. പരീക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായി പേപ്പർ മിനിമം എന്നതും എടുത്തുകളഞ്ഞു. നിരന്തര മൂല്യനിർണയത്തെ പഠനപ്രക്രിയയുടെ ഭാഗമായ ഒന്നായി കാണേണ്ടതിനുപകരം പലപ്പോഴും നാം അതിനെ യാന്ത്രികമായാണ്‌ സമീപിച്ചത്‌. ഇത് മാറിയേ മതിയാകൂ. 1966ലെ കോത്താരി കമീഷനും 1986ലെ വിദ്യാഭ്യാസനയവും 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും ചൂണ്ടിക്കാണിച്ച നിരന്തര മൂല്യനിർണയത്തിന്റെ ലക്ഷ്യങ്ങൾ ഇന്നും പ്രസക്തമാണ്‌. ലോകത്തെല്ലായിടത്തും ഇന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലാവരത്തിന്റെ സൂചികകളായി പരീക്ഷയെത്തന്നെയാണ് ആശ്രയിക്കുന്നത്. അതിൽ നിരന്തര മൂല്യനിർണയ പ്രക്രിയക്ക്‌ വലിയ പങ്കാണ് വഹിക്കാനുള്ളത്.

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഓരോ ക്ലാസിലും ഓരോ വർഷവും ചുരുങ്ങിയത് മൂന്ന്‌ പരീക്ഷയെങ്കിലും നടത്താറുണ്ട്. പാദ, അർധ, വാർഷിക പരീക്ഷകൾ എല്ലാം പൊതുപരീക്ഷകളുടെ ഗൗരവത്തോടുകൂടിയാണ് നടത്താറുള്ളത്. ചോദ്യപേപ്പർ നിർമാണംമുതൽ അച്ചടിയും വിതരണവും പരീക്ഷാനടത്തിപ്പുമെല്ലാം അതീവശ്രദ്ധ ചെലുത്താറുമുണ്ട്‌. എന്നാൽ, നമ്മുടെ സാമ്പ്രദായികമായ എഴുത്തുപരീക്ഷാ രീതികളിലും കാലോചിതമായ മാറ്റം അനിവാര്യമാണ്. വ്യത്യസ്തമായ കഴിവും അഭിരുചിയുമുള്ള കുട്ടികളെ പരിഗണിക്കുന്നതുകൂടിയാകണം പരീക്ഷകൾ. കുട്ടികളുടെ ക്രിയേറ്റിവിറ്റിയും വിമർശാത്മക ചിന്തയും കമ്യൂണിക്കേഷനും സംഘപഠനവും ഈ മൂല്യനിർണയ പ്രക്രിയയിൽ പരിഗണിക്കപ്പെടണം. പരീക്ഷകൾ കുട്ടികളിൽ ഉൽക്കണ്ഠ വളർത്തുന്നതുമാകരുത്. നിലവിലെ എസ്എസ്എൽസി പരീക്ഷയിൽ മാറ്റങ്ങൾ ആലോചിക്കുന്നത് മേൽസൂചിപ്പിച്ചവയുംകൂടി ഉൾക്കൊണ്ടുകൊണ്ടാണ്.

മാറുന്ന ലോകക്രമത്തിന്‌ അനുസരിച്ചുള്ള ശേഷികൾ നമ്മുടെ കുട്ടികൾ നേടേണ്ടതുണ്ട്. അതിനായി ഒരു വലിയ പരിഷ്കാരത്തിന്റെ ചെറിയ ചുവടുവയ്പിന്‌ നാം ഒരുങ്ങുകയാണ്‌. മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. പരീക്ഷാ നിലവാരവും നടത്തിപ്പും നിരന്തരം പഠിക്കുകയും ലോക മാതൃകകൾ ഉണ്ടെങ്കിൽ നടപ്പാക്കുകയും വേണം. ചോദ്യപേപ്പറുകളുടെ നിലാവരവും മൂല്യനിർണയത്തിലെ സൂക്ഷ്മതയും തുടരേണ്ടതുമാണ്. ഏതൊരു പരിഷ്കാരത്തിനും സാംവാദത്തിന്റെ ഒരുതലം കൂടിയുണ്ട്. നമ്മുടെ നാട് ജനാധിപത്യമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഇടംകൂടിയായതിനാൽ വിശാലമായ ജനാധിപത്യ ചർച്ചകൾക്കൊടുവിൽ നമുക്ക് പരിഷ്കരണങ്ങളാകാം.ഒരു കുട്ടിയെയും തോൽപ്പിക്കാനല്ല ഈ പരിഷ്കാരങ്ങൾ, അവർ ആരുംതന്നെ ജീവിതത്തിൽ തോൽക്കാതിരിക്കാനാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.