Skip to main content

ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട് കാലമേറെയായി

വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട പ്രതീക്ഷിത ചെലവുകളെ ദുർവ്യാഖ്യാനിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഉണ്ടായ വാർത്താപ്രളയം ചർച്ച ചെയ്യപ്പെടുന്ന ഘട്ടമാണല്ലോ ഇത്. ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട് കാലമേറെയായി.

മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം എന്ത് നൽകി എന്നത് സംബന്ധിച്ച കണക്കെടുപ്പിലേക്ക് പോകാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ പോലും ദുരന്ത - ദുരിതാശ്വാസപ്രവർത്തനങ്ങളെ എത്ര കണ്ട് കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചു എന്നത് പാർലമെന്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. നമ്മുടെ മാധ്യമങ്ങൾ കേരളപക്ഷത്ത് നിന്ന് കണ്ണ് തുറന്ന് ഇതൊന്നും കാണാൻ താല്പര്യപ്പെട്ടില്ല എന്നത് മറ്റൊരു കാര്യം.

ചേതമില്ലാത്ത ഒരു ചെറിയ നടപടി കൊണ്ട് കേന്ദ്രത്തിന് നമ്മുടെ സംസ്ഥാനത്തെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതുന്നത്. ഒരു ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ എംപിമാർക്ക് അവരുടെ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വരെ പുനർനിർമ്മാണ - പുനരധിവാസ പ്രവർത്തനങ്ങൾക്കായി അനുവദിക്കാൻ കഴിയും. വയനാടിന്റെ കാര്യത്തിൽ കേരള ഗവൺമെൻറ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയും അതിനനുസൃതമായി എംപി ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള കേന്ദ്രീകൃത പോർട്ടലിൽ വേണ്ട സജ്ജീകരണങ്ങൾ എംപി ഫണ്ടിന്റെ മേൽനോട്ടം വഹിക്കുന്ന ഡൽഹിയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ( രേഖ താഴെ )ഒരുക്കുകയും ചെയ്തു. ഇതുപ്രകാരം ഈ കുറിപ്പ് എഴുതുന്ന ആൾ 10.09.2024-ൽ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും (പകർപ്പ് താഴെ )വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.

കേരള സർക്കാർ ചെയ്തതിന് സമാനമായി കേന്ദ്രസർക്കാർ കൂടി ഈ ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു ചിത്രം? - രാജ്യത്തെ എല്ലാ ലോകസഭ, രാജ്യസഭ അംഗങ്ങൾക്കും തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ കഴിയുമായിരുന്നു. ലോകസഭയിലെ രാജ്യസഭയിലെയും എംപിമാരുടെ മൊത്തം അംഗസംഖ്യ -788- കണക്കിലെടുക്കുകയാണെങ്കിൽ ഇത് എത്ര വലിയ സാധ്യത ആകുമായിരുന്നു എന്ന് ഊഹിക്കാം.

ചെറിയൊരു തീരുമാനം കേന്ദ്രം എടുത്തിരുന്നെങ്കിൽ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന സഹായത്തിന്റെ വ്യാപ്തിയും മൂല്യവും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രത്തിന്റെ ഖജനാവിൽ നിന്ന് ചെലവഴിക്കാതെ തന്നെ അവർക്ക് വേണമെങ്കിൽ ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ ഇത് ചെയ്യാമായിരുന്നു എന്നർത്ഥം. ഇപ്രകാരം പ്രസക്തമായ ഏതെങ്കിലും ഒരു വിഷയം നമ്മുടെ മാധ്യമങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടോ? സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രാവും പകലും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ മാധ്യമ ധാർമികതയും ഉത്തരവാദിത്വവും എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ കാറ്റിൽ പറത്തുന്നതെന്ന് മനസ്സിലാക്കാൻ ഇത് മാത്രം മതിയാകും.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.