Skip to main content

ഇന്ത്യൻ ജനാധിപത്യത്തെ കള്ളപ്പണം കൊണ്ട് വിലയ്ക്ക് വാങ്ങുന്ന ബിജെപിയെയും അവർക്ക് കവചം തീർക്കുന്ന മാധ്യമങ്ങളെയും ജനം തിരിച്ചറിയും

തൃശൂർ കൊടകരയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ ബിജെപി പാളയത്തിൽ നിന്നുതന്നെ ഉണ്ടായിരിക്കുന്നു. ചാക്കുകെട്ടുകളായി കോടിക്കണക്കിന് രൂപ തൃശൂരിലെ ബിജെപി ഓഫീസിലെത്തിച്ചത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായാണ് എന്നാണ് അന്നത്തെ അവരുടെ ഓഫീസ് സെക്രട്ടറി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
കുഴൽപ്പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസ് അന്വേഷണം നടത്തി ഇതിനോടകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. അതിൽ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളു. കള്ളപ്പണം കടത്തലും അതിൻ്റെ ഉറവിടവും ഒക്കെ അന്വേഷിക്കേണ്ടത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ്. പോലീസ് ഈ കേസ് ഇഡിക്ക് കൈമാറിയിട്ട് വർഷങ്ങളായി. ഈ ഇടപാടിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് അതിൻ്റെ സോഴ്സുകൾ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ഉത്തരവാദിത്വമുള്ള ഈ ഏജൻസി അനങ്ങിയിട്ടില്ല. എന്നാൽ കൊടകര കുഴൽപ്പണ കേസിൽ അവർ ആരെയെങ്കിലും പുതുതായി അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഇതുവരെ ചെയ്തിട്ടില്ല. ബിജെപിക്കാരുടെ പകൽക്കൊള്ളയ്ക്ക് കാവൽ നിൽക്കുകയാണ് കേന്ദ്ര ഏജൻസികൾ.
സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന കിഫ്ബിയെ തകർക്കാൻ അവിടത്തെ ഉദ്യോഗസ്ഥരെയും മറ്റും നിരവധി തവണയാണ് ഈ ഏജൻസികൾ അനാവശ്യമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ട് അവരുടെ ദുഷ്ടബുദ്ധിയെ തുറന്നു കാണിച്ചപ്പോഴാണ് എനിക്കെതിരെയുള്ള നീക്കങ്ങൾ അവർക്ക് അവസാനിപ്പിക്കേണ്ടി വന്നത്.
ഇവിടെ ഇപ്പോൾ കൂടുതൽ ആലോചിക്കേണ്ട കാര്യം പോലുമില്ല. പണം കൈകാര്യം ചെയ്ത വ്യക്തി തന്നെ എല്ലാം തുറന്ന് പറഞ്ഞിരിക്കുന്നു. ഒരു കേന്ദ്ര ഏജൻസിയും അനങ്ങുന്നത് കാണുന്നില്ല. അതാണ് ബിജെപി.
രാജ്യത്തെ ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനും പ്രതിപക്ഷ രാഷ്ട്രീയ കക്ഷിനേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കാനും മാത്രമായി ഒരു കേന്ദ്ര അന്വേഷണ ഏജൻസിയെ കഴുത്തിൽ ചങ്ങലയുമിട്ട് കൊണ്ടുനടക്കുകയാണ് ബിജെപി. അത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ വേണ്ടിയാണ് എന്ന് വ്യക്തമായിരിക്കുകയാണ്.
കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെട്ട കള്ളപ്പണവും ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച പണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നതും പരിശോധിക്കേണ്ടതാണ്. തങ്ങൾക്ക് കിട്ടിയ ഭീമമായ ഇലക്ടറൽ ബോണ്ട് പണം എങ്ങനെ വിനിയോഗിച്ചൂവെന്ന് ഇന്നുവരെ ബിജെപി പരസ്യപ്പെടുത്തിയിട്ടില്ല. കള്ളപ്പണം ഇലക്ടറൽ ബോണ്ട് വഴി വെളുപ്പിക്കുന്നു. ബിജെപി അത് വീണ്ടും കള്ളപ്പണമാക്കി മാറ്റുന്നു. അതാണ് ഇലക്ടറൽ ബോണ്ടിന്റെ മറിമായം. ഇതിലൊന്നും ഒരു നാണക്കേടും ആ പാർട്ടിക്കോ അതിൻ്റെ നേതാക്കൾക്കോ ഇല്ല എന്നതാണ് അത്ഭുതകരം!
ബിജെപിക്ക് ഒട്ടും വിജയസാധ്യതയില്ലാതിരുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ 53 കോടിയിൽ അധികം വരും അവർ നടത്തിയ കുഴൽപ്പണ ഇടപാട് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. അപ്പോൾ അവർക്ക് അല്പം സാധ്യത കല്പിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എത്ര പണമാകും നിയമവിരുദ്ധമായി ചിലവഴിക്കുന്നുണ്ടാകുക. ഏത് വൃത്തികെട്ട വഴിയിലും പണമുണ്ടാക്കുകയും അതൊക്കെ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഉപാധിയായി മാറ്റുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പാർട്ടിയായി ബിജെപി എന്നേ മാറിക്കഴിഞ്ഞു. പക്ഷേ അത് ഗൗരവമുള്ള ചർച്ചയാക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് കഴിയുന്നില്ല എന്നത് എത്ര ലജ്ജാവഹമാണ്. ആര് നൽകിയ എല്ലാണ് മാധ്യമങ്ങളുടെ വായിൽ എന്നത് എല്ലാവർക്കും വ്യക്തമാണ്.
ഇന്ത്യൻ ജനാധിപത്യത്തെ കള്ളപ്പണം കൊണ്ട് വിലയ്ക്ക് വാങ്ങുന്ന ബിജെപിയെ ജനം തിരിച്ചറിയുക തന്നെ ചെയ്യും. അവർക്ക് കവചം തീർക്കുന്ന മാധ്യമങ്ങളെയും.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.