യുഗപ്രഭാവനായ സഖാവ് ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വർഷം തികയുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും
സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം
നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി.
വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലത്തു നടന്നത്.
ഒന്നാം ഇ എം എസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇ എം എസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ സഖാവ് ഇ എം എസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.
