Skip to main content

അമിതാധികാര ഹിന്ദുത്വ കോർപറേറ്റ് ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ സംഘാടനത്തിന് ശ്രമിക്കണമെന്ന ആഹ്വാനമാണ് സിപിഐ എം 24-ാം പാർടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്

അമിതാധികാര ഹിന്ദുത്വ കോർപറേറ്റ് ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ സംഘാടനത്തിന് ശ്രമിക്കണമെന്ന ആഹ്വാനമാണ് സിപിഐ എം 24-ാം പാർടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഈയൊരു ലക്ഷ്യത്തോടെ, മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് ഭീഷണിയാകുന്ന എല്ലാ വിഷയങ്ങളിലും ജനങ്ങളെ അണിനിരത്തി ശക്തിയായ പോരാട്ടങ്ങൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർടിയെ അളക്കേണ്ടത് പാർലമെന്റിലെയോ നിയമസഭകളിലെയോ അതിന്റെ പ്രാതിനിധ്യംവച്ച്‌ മാത്രമല്ല, മറിച്ച് ജനകീയ വിഷയങ്ങളുയർത്തി പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരാനുള്ള അതിന്റെ ശേഷിയെ അടിസ്ഥാനമാക്കികൂടിയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടികൊണ്ട് തോറ്റുപോകുന്ന ആദർശമല്ല കമ്യൂണിസം. അതുകൊണ്ടുതന്നെ ജനകീയ വിഷയങ്ങൾ ഉയർത്തി പ്രാദേശികതലംമുതൽ ദേശീയതലംവരെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ പാർടിക്ക് കഴിയണമെന്നാണ് പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ സാരാംശം.

ഈ ദിശയിലുള്ള നീക്കത്തിന് സിപിഐ എം ശ്രമിക്കുമെന്ന സന്ദേശം നൽകുന്നതാണ് പാർടി കോൺഗ്രസിനോടനുബന്ധിച്ച് "ഫെഡറലിസം ഇന്ത്യയുടെ കരുത്ത്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കർണാടകത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകറും പങ്കെടുത്ത സെമിനാർ ഈ വിഷയത്തിൽ ദക്ഷിണേന്ത്യയുടെ ശബ്ദം ഉറക്കെ കേൾപ്പിക്കുന്നതായി. സ്വാതന്ത്ര്യത്തിനുശേഷം ഫെഡറലിസം ഏറ്റവും ശക്തമായ ആക്രമണത്തിന് വിധേയമായ കാലമാണിത്. ഈ അമിതാധികാര നീക്കത്തിനെതിരെ ഒന്നിക്കണമെന്ന സന്ദേശമാണ് സെമിനാർ നൽകിയത്. ഈ വാർത്തയ്‌ക്ക് ദേശാഭിമാനി നൽകിയ തലക്കെട്ട് "സംസ്ഥാനങ്ങൾ സാമന്തരല്ല’ എന്നായിരുന്നു. മോദി ഭരണം സംസ്ഥാനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ തലക്കെട്ട്. ഭൃത്യരെപ്പോലെ യൂണിയൻ സർക്കാരിനോട് യാചിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനങ്ങളെ തരംതാഴ്‌ത്തുന്ന സമീപനത്തിനെതിരെയാണ് സെമിനാറിൽ മൂന്ന് സംസ്ഥാനങ്ങളുടെ പ്രതിനിധികളും രോഷത്തോടെ സംസാരിച്ചത്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ ഫെഡറലിസം സംരക്ഷിക്കപ്പെടണമെന്നും സെമിനാറിന് തുടക്കമിട്ട് സംസാരിച്ച സിപിഐ എം പൊളിറ്റ്‌ ബ്യുറോ കോ– ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ ഇടപെടുന്ന രീതിയെ എല്ലാവരും ഒരുപോലെ വിമർശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന അന്താരാഷ്ട്ര കരാറുകളിൽ ഒപ്പിടുന്ന രീതിയെ പിണറായി വിജയൻ വിമർശിച്ചപ്പോൾ ബിജെപി ഭരണം അവസാനിപ്പിച്ചാലേ ഫെഡറലിസം സംരക്ഷിക്കപ്പെടൂവെന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഫെഡറലിസം ഔദാര്യമല്ലെന്നും ഭരണഘടന നൽകുന്ന അവകാശമാണെന്നുമാണ് കർണാടകത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ ഓർമിപ്പിച്ചത്. അതായത് ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെങ്കിൽ വലിയ പോരാട്ടങ്ങൾക്ക്‌ തുടക്കമിടേണ്ടി വരുമെന്നർഥം. അതിനുള്ള കാഹളമാണ് മധുരയിൽനിന്ന് മുഴങ്ങിയത്.

ഫെഡറൽ ഘടനയെ സംരക്ഷിക്കുകയെന്നത് പ്രധാന മുദ്രാവാക്യമായി ഉയർത്താൻ തന്നെയാണ് പാർടി തീരുമാനിച്ചിട്ടുള്ളത്. 24-ാം പാർടി കോൺഗ്രസ് അംഗീകരിച്ച പ്രമേയങ്ങളിലൂടെ കണ്ണോടിച്ചാൽ ഇത് വ്യക്തമാകും. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് പാർടി കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. ഒരേ സമയം പാർലമെന്റ്‌, നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും അതിനായി ഭരണഘടന ഭേദഗതി ചെയ്യാനുമുള്ള നീക്കത്തെ എതിർക്കുമെന്നും പാർടി കോൺഗ്രസ് വ്യക്തമാക്കി. അതോടൊപ്പം ജനസംഖ്യയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ പാർലമെന്റിലുള്ള പ്രാതിനിധ്യത്തിൽ കുറവു വരുത്തുംവിധം മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കത്തെയും എതിർക്കും. സംസ്ഥാനങ്ങൾക്ക് തുല്യവും നീതിയുക്തവുമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതായിരിക്കണം മണ്ഡല പുനർനിർണയമെന്നും ഇക്കാര്യത്തിൽ സമവായം ഉണ്ടാകാത്തപക്ഷം തൽസ്ഥിതി തുടരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് സിപിഐ എം ആവശ്യപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതും കോർപറേറ്റ്‌വൽക്കരിക്കുന്നതുമായ യുജിസി കരട് നിർദേശങ്ങളെ എതിർക്കാനും പാർടി കോൺഗ്രസ് തയ്യാറായി. മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും ഫെഡറൽ ഘടന തകർക്കുന്നതാണ് എന്നതിനാലാണ് എതിർക്കുന്നത്. അതോടൊപ്പം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന പ്രമേയവും പാർടി കോൺഗ്രസ് അംഗീകരിച്ചു. ഹിന്ദുത്വ ആശയ പദ്ധതിയെ എതിർക്കുകയും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും യൂണിയൻ സർക്കാരിന്റെ നവ ഉദാരനയങ്ങൾക്ക് ബദൽ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലേതെന്നും അതിനെ തകർക്കാൻ അനുവദിക്കില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ മോദി സർക്കാർ ഫെഡറൽ ജനാധിപത്യത്തെ തകർത്തെറിഞ്ഞ ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി തിരിച്ചുനൽകണമെന്ന പ്രമേയവും പാർടി കോൺഗ്രസ് അംഗീകരിച്ചു.

അതായത് പാർടി പരിപാടിയിൽ പറയുന്നതുപോലെ "ഭരണകൂട ഘടന പേരിന് ഫെഡറൽ ആണെങ്കിലും അധികാരങ്ങളിലും സമ്പത്തിലും മിക്കതും കേന്ദ്ര സർക്കാരിന്റെ കരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന’ അവസ്ഥയാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്. ഇത് ഏറിയോ കുറഞ്ഞോ എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ട്. ബിജെപി ഇതര സംസ്ഥാനങ്ങളെ പ്രത്യേകിച്ചും. സ്വാഭാവികമായും ഇത്തരം സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ സിപിഐ എം മുൻകൈ എടുക്കുമെന്ന സന്ദേശമാണ് മധുരയിലെ സെമിനാർ നൽകിയത്.

നേരത്തേ യൂണിയൻ സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നടപടിക്കെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ ധർണയിരുന്നതും സെപ്തംബറിൽ സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് ചേർന്നതും യുജിസി കരട് നിർദേശങ്ങൾക്കെതിരെ ബംഗളൂരുവിൽ യോഗം ചേർന്നതും തെറ്റായ രീതിയിലുള്ള മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ചെന്നൈയിൽ മുഖ്യമന്ത്രി സ്‌റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തതും സംയുക്ത കർമ സമിതിക്ക് രൂപം നൽകിയതും സുപ്രധാന ചുവടുവയ്‌പ്പാണ്. ഫെഡറലിസത്തിന്റെ സംരക്ഷണം പ്രധാന വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ രാഷ്ട്രീയ ഉള്ളടക്കത്തെ പൂർണമായും ഉൾക്കൊണ്ട് ഭാവി സമരങ്ങൾക്ക് ഊർജം പകർന്നിരിക്കുകയാണ് മധുരയിലെ പാർടി കോൺഗ്രസും ഫെഡറലിസം സംബന്ധിച്ച സെമിനാറും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.