ചരിത്ര പണ്ഡിതനായ പ്രൊഫ. എം ജി എസ് നാരായണന്റെ നിര്യാണത്തോടെ കേരളചരിത്രപാണ്ഡിത്യത്തിലെ ഒരു യുഗം അവസാനിക്കുകയാണ്.
ആധുനിക കേരളചരിത്രരചന ആരംഭിക്കുന്നത് ഇളംകുളം കുഞ്ഞൻപിള്ളയുടെ പഠനങ്ങളോടെയാണ്. കൊളോണിയൽ ചരിത്രപാരമ്പര്യത്തിൽ നിന്ന് കേരളചരിത്രത്തെ വിമോചിപ്പിച്ചത് പ്രൊഫ. ഇളംകുളം ആണ്. അദ്ദേഹത്തിന്റെ ശിഷ്യനായ എംജിഎസ് നാരായണൻറെ നേതൃത്വത്തിൽ ആണ് കേരളചരിത്രപഠനത്തിൻറെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. സഖാവ് ഇഎംഎസ് തുടങ്ങിയവർ കേരളചരിത്രത്തിൽ നടത്തിയ മാർക്സിസ്റ്റ് ഇടപെടലുകളും ഇന്ത്യയിലെയും വിദേശത്തെയും മറ്റ് മാർക്സിസ്റ്റ് പണ്ഡിതരുടെ ചരിത്രപഠനങ്ങളും എംജിഎസിനെ സ്വാധീനിച്ചു. അതിൻറെ ഫലമായിരുന്നു കേരളത്തിലെ എംജിഎസ് സ്കൂൾ ഓഫ് ഹിസ്റ്ററി എന്ന് വിളിക്കാവുന്ന ചരിത്രപഠനധാരയുടെ സ്ഥാപനം. പ്രൊഫ. കേശവൻ വെളുത്താട്ട്, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. കെ എൻ. ഗണേശ്, പ്രൊഫ. രാഘവവാര്യർ, പ്രൊഫ. പി കെ മൈക്കിൾ തരകൻ എന്നിവരെയെല്ലാം ഈ സ്കൂളിലെ പണ്ഡിതർ എന്നു പറയാം. അവർ കേരളചരിത്രരചനയ്ക്ക് ചെയ്ത സംഭാവനകൾക്ക് പിന്നിൽ എംജിഎസിൻറെ നേതൃതം ഉണ്ട്.
എംജിഎസിൻറെ പ്രധാനസംഭാവന Perumals of Kerala എന്ന ഗവേഷണപ്രബന്ധം ആണ്. പില്ക്കാലത്ത് അദ്ദേഹം എഴുതിയ സംവാദപരമായ രചനകളെല്ലാം വിസ്മൃതിയിലേക്ക് പോയാലും കേരള ചരിത്രപഠനത്തിൽ ഈ പുസ്തകത്തിനുള്ള സ്ഥാനം മങ്ങിപ്പോവില്ല. അടിസ്ഥാനഗവേഷണത്തിൻറെ ഉറപ്പു കൊണ്ടും വീക്ഷണത്തിന്റെ മികവു കൊണ്ടും അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് കാലത്തെ ഈ പുസ്തകം എന്നും നിലനിൽക്കും.
പിൽക്കാലത്ത് അദ്ദേഹം ഒരു വിവാദകുതുകിയായി മാറിയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ കുത്തുന്നത് ഒരു ശീലമാക്കിയെങ്കിലും അവയൊന്നും അല്ല, എംജിഎസിൻറെ കാര്യത്തിൽ ഓർമ്മിക്കപ്പെടുക. അദ്ദേഹം കേരളചരിത്രരചനയ്ക്ക് നല്കിയ മൂല്യവത്തായ സംഭാവനകളാണ്.
പ്രൊഫ. എംജിഎസിന്റെ നിര്യാണത്തിൽ എൻറെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
