സംഘപരിവാറിന്റെ കണ്ണിൽ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളിൽ കഴിവുള്ളവർ എന്നാൽ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് കണ്ണൂരിൽ നിന്നും ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത കാൽവെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാർമ്മികമായി നോമിനേറ്റ് ചെയ്തത്. 1993 സപ്തംബർ 21ന് മട്ടന്നൂരിൽ പെരിഞ്ചേരിയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ പി എം ജനാർദ്ദനന്റെ ശരീരത്തിലെ 25ലധികം വെട്ടുകൾ സാക്ഷ്യപ്പെടുത്തുന്നത് ഇപ്പോൾ രാജ്യസഭാ അംഗമായി നിർദ്ദേശിക്കപ്പെട്ട ആളുടെ ക്രിമിനൽ ചരിത്രമാണ്.
ആർഎസ്എസ് സംഘടിപ്പിച്ച ബാലഗോകുലം പരിപാടിയിൽ തന്റെ മക്കളെ അനുമതിയില്ലാതെ കൊണ്ടുപോകുകയും രാത്രി വൈകിയിട്ടും വീട്ടിലെത്തിക്കാതെ സ്‌കൂളിൽ വിടുകയും ചെയ്ത നടപടി ചോദ്യംചെയ്തതാണ് നിർദ്ദിഷ്ട രാജ്യസഭാ അംഗത്തിന്റെ നേതൃത്വത്തിൽ തന്നെ വധിക്കാൻ ശ്രമിക്കാൻ കാരണം എന്നാണ് ഇപ്പോഴും 32 വർഷം മുമ്പത്തെ അക്രമത്തെ തുടർന്നുള്ള അസഹ്യമായ വേദനയിലും ജനാർദ്ദനൻ പറയുന്നത്. 1990കളിൽ കണ്ണൂർ ജില്ലയിൽ സംഘപരിവാർ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതികളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ബഹുജനങ്ങളെ അണിനിരത്തി ചെറുത്തതിനെ തുടർന്നാണ് ആർഎസ്എസ്സിന്റെ അഖിലേന്ത്യാ നേതൃത്വം പണവും ആയുധവും നൽകി കണ്ണൂർ ജില്ലയെ ദത്തെടുത്തത്. സിപിഐ എമ്മിനെയോ ഇടതുപക്ഷത്തെയോ തകർക്കാൻ ആർഎസ്എസ്സിന് കഴിഞ്ഞില്ല. ഇപ്പോൾ ആർഎസ്എസ് കാര്യവാഹുകളായ ആളുകളെ ഗവർണറായും എം.പി.യായും സ്ഥാനങ്ങളും പദവികളും നൽകി പുതിയ പദ്ധതി പരീക്ഷിക്കുകയാണ്. അതുകൊണ്ടൊന്നും സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാവില്ല. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ മഹാഭൂരിപക്ഷം ജനങ്ങളും രംഗത്തിറങ്ങുന്ന നാടാണ് കേരളം. അതുകൊണ്ടാണ് സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ട കേരളത്തിൽ നടക്കാത്തത്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ നിർത്തിയും ആർഎസ്എസ്സുമായി രഹസ്യമായി ബന്ധം സ്ഥാപിച്ചും നവഫാസിസ്റ്റുകൾക്ക് പ്രചോദനം നൽകുന്ന യുഡിഎഫിന് ഈ നോമിനേഷനെക്കുറിച്ച് എന്താണ് പറയാനുള്ളത്. ഗുജറാത്ത് വംശഹത്യയുടെ നായകർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തിൽ ഒരാൾ കൂടി എത്തിച്ചേരുന്നു എന്നു മാത്രം.
