ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ നടപടിക്ക് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. സർവകലാശാല ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഗവർണർ രൂപീകരിച്ച ബദൽ സെർച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന വാദവും കോടതി അംഗീകരിച്ചു. വ്യാഴാഴ്ച കേസ് അടിയന്തരമായി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച ജെ ബി പർദ്ദിവാല അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, രണ്ട് പേരുകൾ വീതം ഉടൻ നൽകാൻ സർക്കാരിനോടും ഗവർണറോടും നിർദ്ദേശിച്ചു.
സുപ്രീംകോടതി നിർദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം ഈ സർവകലാശാലയിൽ താൽക്കാലിക വിസി മാരെ വീണ്ടും നിയമിച്ച ഗവർണറുടെ വിജ്ഞാപനം കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ട ഡിവിഷൻ ബെഞ്ച്, വിജ്ഞാപനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.
സാങ്കേതിക സർവകലാശാല നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവ ചാൻസലർ ലംഘിച്ചതായും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി വി ഗിരി ചൂണ്ടിക്കാട്ടി. ഗവർണർക്ക് വേണ്ടി ഹാജരാജ അറ്റോണി ജനറലിന്റെ വാദങ്ങൾ കോടതി തള്ളി.
ഡോ. സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിമാരായി ആറുമാസത്തേക്കുകൂടി പുനർനിയമനം നൽകി ആഗസ്‌ത് ഒന്നിനാണ് വിജ്ഞാപനമിറക്കിയത്. ആറുമാസത്തിൽക്കൂടുതൽ സമയം ഇവർക്ക് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ടിടത്തും സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങാൻ സംസ്ഥാന സർക്കാരിനും നിർദേശമുണ്ട്. ഗവർണർ സർക്കാരുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.