Skip to main content

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും. അപ്പോഴതാ, കേരളത്തിലെ കെ പി സി സി ഡിജിറ്റൽ മീഡിയാ വിഭാഗത്തിൻ്റെ വക ബി ജെ പിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ആയുധം കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങൾക്ക് ഇരിക്കാൻ വയ്യേ എന്ന മട്ടിൽ അവർ അത് എടുത്തുപയോഗിക്കുന്നു. പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിൻ്റെ നേതാവ് തേജസ്വി യാദവ് തന്നെ കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യാ സഖ്യത്തെ പിന്നിൽ നിന്ന് കുത്താൻ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിൻ്റെ ഉദ്ദേശ്യമെന്തായിരുന്നു ?
അങ്ങനെയൊരായുധം ബി ജെ പിക്ക് കൊടുത്ത ഡിജിറ്റൽ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേൽപ്പിച്ച ആഘാതം തീരുമോ? സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റൽ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോൾ നീക്കം ചെയ്തയാളുടെ സോഷ്യൽ മീഡിയ ഇടപെടലിൻ്റെ ചരിത്രം?
അരങ്ങേറ്റം കുറിച്ചത് മഹാനായ എ കെ ജിയെ നീചമായി, മരണാനന്തര വ്യക്തിഹത്യ നടത്തിയായിരുന്നല്ലോ. പിന്നീട് ആരെല്ലാം? മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആർ മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ ? സ്വന്തം പാർട്ടി പ്രസിഡൻ്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും സാമൂഹിക മാധ്യമങ്ങളിൽ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ശ്രീ. ജി. സുകുമാരൻ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരായ അധിക്ഷേപം വാളയാർ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവൻ എന്നായിരുന്നു. ഒടുവിൽ സി ബി ഐ അന്വേഷിച്ച് സത്യം കോടതിയിൽ സമർപ്പിച്ചപ്പോഴും അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആരെയാണ് വെറുതേ വിട്ടത്? വ്യക്തിഹത്യക്കും അധിക്ഷേപങ്ങൾക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളർത്തിയെടുത്തു എന്നതായിരുന്നല്ലോ ഡിജിറ്റൽ മീഡിയ തലപ്പത്തിരുത്താനുള്ള യോഗ്യത? ഒടുവിൽ ആ 'യോഗ്യത' ഹൈക്കമാൻഡിനു തന്നെ ബോധ്യമായി.
ബിജെപിക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന രാഷ്ട്രീയായുധം ഇതാദ്യമായാണോ കൊടുത്തത്? നോട്ട് നിരോധനത്തെ ഇന്ത്യയിലാദ്യം സ്വാഗതം ചെയ്ത് പോസ്റ്റിട്ട രാഷ്ട്രീയ ദാസ്യം ചെയ്തതും ഇതേ നേതാവായിരുന്നില്ലേ? അന്ന് കോൺഗ്രസ് നേതൃത്വം തിരുത്തിയോ? മൻമോഹൻസിങ് Organised Loot and Legalised plunder എന്നു വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനും മോദിക്കും കയ്യടിച്ച രാഷ്ട്രീയ അവിവേകം ഇപ്പോൾ നിർണായകമായ മറ്റൊരു സന്ദർഭത്തിൽ ആവർത്തിച്ചിരിക്കുന്നു.
കണ്ണിൽ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവൻ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആൾക്ക് ഡിജിറ്റൽ മീഡിയ തലവനായി സ്ഥാനക്കയറ്റം നൽകി പ്രോൽസാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവൻ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? രാഷ്ട്രീയ വിമർശനം അന്തസ്സുള്ള ഭാഷയിൽ മാത്രം നടത്താൻ ഉപദേശിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവൻ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാൻ്റിന് കാര്യത്തിൻ്റെ ഗൗരവം തിരിച്ചറിയാൻ. വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാൾ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവൻ അധിക്ഷേപിക്കുകയെന്നത്.
പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിൻ്റെ യഥാർഥ ഉദ്ദേശ്യം?
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.