Skip to main content

മയക്കുമരുന്ന് വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായി പാർടി പ്രവർത്തകരും അനുഭാവികളും പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തണം

കേരളത്തിലെ ജനങ്ങളുടെ സർവതോൻമുഖമായ വികസനം ലക്ഷ്യംവച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ പ്രവർത്തിക്കുന്നത്. അതിന് ആധാരമായ പ്രകടനപത്രിക ജനങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്‌. അവ ഓരോന്നും പ്രാവർത്തികമാക്കുന്നതിനുള്ള ശക്തമായ പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നത്‌. 900 വാഗ്ദാനത്തിൽ 780 എണ്ണം തുടങ്ങിവയ്‌ക്കാൻ സാധിച്ചുവെന്നത്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പുറത്തിറങ്ങിയ പ്രോഗ്രസ്‌ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

സമൂഹത്തിൽ നിലനിൽക്കുന്ന പലതരം തെറ്റായ പ്രവണതകളും നിയമനിർമാണംകൊണ്ടുമാത്രം പരിഹരിക്കാനാകില്ല എന്നതാണ് എൽഡിഎഫിന്റെ പ്രകടനപത്രിക പൊതുവിൽ സ്വീകരിച്ചിട്ടുള്ള സമീപനം. നിലവിലുള്ള ഗുണപരമായ എല്ലാ നിയമങ്ങളും കർശനമായി നടപ്പാക്കുമ്പോൾത്തന്നെ ജനങ്ങളെ ബോധവൽക്കരിക്കുകയെന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമായി കാണുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രകടനപത്രികയിലെ 886-ാമത്തെ നിർദേശത്തിൽ, അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച സമീപനം ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ‘‘മദ്യംപോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുകയാണ്. ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളിൽ മദ്യത്തിനെതിരെയുള്ള ബോധവൽക്കരണം എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ ശക്തമാക്കും'

വർത്തമാനകാലത്ത് വമ്പിച്ച സാമൂഹ്യപ്രശ്നമായി ഉയർന്നു കഴിഞ്ഞിരിക്കുകയാണ് കഞ്ചാവിന്റെയും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നിന്റെയും ഉപയോഗങ്ങൾ. അത് വ്യക്തികളെയും കുടുംബത്തെയും തകർക്കുക മാത്രമല്ല, പലവിധ പ്രശ്നങ്ങളും വളർത്തുന്നു. അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നവമാധ്യമങ്ങളിലും പലതരം കൂട്ടായ്മകൾ ഉയർന്നുവരുന്നുണ്ട് എന്നതും കാണണം. ഈ പ്രചാരണങ്ങളെയൊക്കെ തുറന്നുകാട്ടി മുന്നോട്ടുപോകണം. ചതിക്കുഴികളെ സംബന്ധിച്ച് ശക്തമായ ബോധവൽക്കരണം വളർത്തിയെടുക്കാൻ കഴിയേണ്ടതുമുണ്ട്.

ജനങ്ങളുടെ പൊതുവായ ഇടപെടലിലൂടെ മാത്രമാണ് ഇത് പ്രതിരോധിക്കാനാകൂ എന്ന ധാരണ പ്രധാനമാണ്. എല്ലാ വിഭാഗത്തെയും കൂട്ടിയോജിപ്പിച്ച് മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ. മനുഷ്യസമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ ജനങ്ങളെയാകെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് വളർത്തിയെടുക്കേണ്ട വർഗപരമായ സമീപനം. പ്രളയത്തിന്റെ ഘട്ടത്തിലും കോവിഡിന്റെ പ്രതിരോധത്തിലും അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലുമെല്ലാം സ്വീകരിച്ച സമീപനം മുന്നോട്ടുകൊണ്ടുപോകണം. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഘട്ടത്തിൽ കേരളം സ്വീകരിച്ച മാതൃകയും നമുക്ക് വഴികാട്ടിയായി നിലനിൽക്കുന്നുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സിപിഐ എം സ്വീകരിച്ച സമീപനം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

മയക്കുമരുന്ന് വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനത്തിലും നേരത്തേയുള്ള അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ടുമുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ‘നോ ടു ഡ്രഗ്’ ക്യാമ്പയിൻ തുടക്കം കുറിച്ചിട്ടുള്ളത്. ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്. ഇത് സർക്കാരിന്റെമാത്രം പോരാട്ടമല്ല. നാടിനും സമൂഹത്തിനും നിലനിൽക്കാനും അതിജീവിക്കാനുമുള്ള പോരാട്ടമാണ്. ഇളം തലമുറയെയും വരുംതലമുറയെയും രക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടമാണ്. ഈ പ്രാധാന്യമുൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക എന്നത് പ്രധാനമാണ്. നവംബർ ഒന്നുവരെ നീളുന്ന ഈ ക്യാമ്പയിൻ നാടിനെ രക്ഷിക്കാനുള്ള ഇടപെടലാണെന്നു കണ്ട്‌ മുന്നോട്ടുപോകാനാകണം.

പരമ്പരാഗതമായി ലഭ്യമാകുന്ന മയക്കുമരുന്നുകൾക്ക് പുറമെ സിന്തറ്റിക് ലഹരിവസ്തുക്കളും വലിയതോതിൽ പുതിയകാലത്ത്‌ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. മാരകവിഷമുള്ള രാസവസ്തുക്കളുടെ സംയോജനംകൂടി ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. ഇവയുടെ ഉൽപ്പാദനമാകട്ടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾക്കപ്പുറത്താണ്‌. കേന്ദ്ര സർക്കാരിന്റെ സജീവമായ ഇടപെടലുകൾകൂടി ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഈ പുതിയ ലഹരിവസ്തുക്കളെ തടയുന്നതിന്‌ നിലവിൽ കേസുകൾ ചാർജ്‌ ചെയ്യുന്ന രീതികളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനാകണം. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം ശ്ലാഘനീയമാണ്.

മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെയും വിതരണത്തിന്റെയും കാര്യത്തിൽ ഇന്ന് നിലനിൽക്കുന്ന സ്ഥിതിവിശേഷം ഗൗരവകരമാണെന്ന വസ്തുതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇളംതലമുറകളുടെ സാഹസികമായ ഭാവങ്ങളെയും പുതുമയെ പുൽകാനുള്ള താൽപ്പര്യങ്ങളെയുമെല്ലാം ഉപയോഗപ്പെടുത്തി, അതിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതെന്ന യാഥാർഥ്യം നാം കാണേണ്ടതുണ്ട്. ഇതിന്‌ വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അധ്യാപക–വിദ്യാർഥി പ്രസ്ഥാനങ്ങൾക്കും ആ മേഖലയിലെ സർവീസ് സംഘടനകൾക്കും വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്.

എൻസിസി, സ്റ്റുഡന്റ് പൊലീസ് ഉൾപ്പെടെയുള്ള യുവജനസംഘങ്ങളുടെ സന്നദ്ധപ്രവർത്തകർക്കും വലിയ ചുമതലയുണ്ട്‌. യുവജന, വിദ്യാർഥി, മഹിളാ പ്രസ്ഥാനങ്ങളുടെ ഇടപെടൽ ഏറെ പ്രധാനമാണ്. പുതിയ തലമുറയെ ഇത്തരം സ്വാധീനങ്ങളിൽനിന്ന് മോചിപ്പിക്കാനാകണം. പാർടി പ്രവർത്തകരും അനുഭാവികളും ഇത് വർത്തമാനകാലത്തെ പ്രധാനപ്പെട്ട പാർടി ചുമതലയായിക്കണ്ട്‌ പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തണം.

മദ്യവിപത്തിനെതിരെ നടത്തിയ ക്യാമ്പയിനുകൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യമാണിത്‌. ഇത് കണക്കിലെടുത്തുകൊണ്ടുള്ള ജനകീയമുന്നേറ്റം ആ മേഖലയിലുണ്ടാകണം. സാമൂഹ്യവിപത്തുകൾക്കെതിരായുള്ള സമരവും വർഗസമരത്തിന്റെ മുന്നോട്ടുപോക്കിന് പ്രധാനമാണെന്നു മനസ്സിലാക്കിയുള്ള ഇടപെടൽ നടത്താനാകണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.