Skip to main content

'ഹിന്ദുസ്ഥാൻ ഹിന്ദുരാഷ്ട്രമാണെന്ന് മോഹൻ ഭാഗവത് കഴിഞ്ഞദിവസം പറഞ്ഞത് യാഥാർഥ്യമാക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത് ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്

രാജ്യം ഇന്ന്‌ 74-ാമത്‌ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്‌. ‘ഇന്ത്യയെ പരമാധികാരമുള്ള ഒരു സോഷ്യലിസ്റ്റ്‌ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ അവധാനപൂർവം തീരുമാനിച്ചിരിക്കുന്നു’ എന്നുപറഞ്ഞാണ്‌ ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത്‌. ഇതിൽ പറഞ്ഞ മൂന്ന്‌ ലക്ഷ്യവും - സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം - അട്ടിമറിക്കപ്പെടുകയാണ്‌ എന്നതാണ്‌ സമകാലിക യാഥാർഥ്യം. നാല്‌ പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ്‌ സർക്കാരിന്റെ കാലത്തുതന്നെ ഈ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടാൻ ആരംഭിച്ചെങ്കിൽ 2014ൽ മോദി സർക്കാർ അധികാരമേറിയതോടെ ഭരണഘടനതന്നെ അട്ടിമറിക്കാനും പകരം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുമുള്ള നീക്കങ്ങൾക്കാണ്‌ വേഗമേറിയത്‌. ‘ഹിന്ദുസ്ഥാൻ ഹിന്ദുരാഷ്ട്രമാണെ’ന്ന്‌ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവത്‌ കഴിഞ്ഞദിവസം പറഞ്ഞത്‌ യാഥാർഥ്യമാക്കാനാണ്‌ മോദിയും കൂട്ടരും ശ്രമിക്കുന്നത്‌. ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്‌.

സിപിഐ എം പാർടി പരിപാടി അടിവരയിടുന്നതുപോലെ ‘1950ൽ അംഗീകരിക്കപ്പെട്ട ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണഘടന, ഭരണകൂടം പിന്തുടരേണ്ടതായ മാർഗനിർദേശക തത്വങ്ങൾ ആവിഷ്‌കരിക്കുകയുണ്ടായി. താഴെ പറയുന്നവ അതിൽപ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കുന്നതിനുള്ള അവകാശവും സമ്പത്തിന്റെ കേന്ദ്രീകരണത്തിന്‌ ഇടയാക്കാത്ത സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസത്തിനുള്ള അവകാശവും കുട്ടികൾക്ക്‌ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കലും തൊഴിലാളികൾക്ക്‌ ജീവിക്കാൻ ആവശ്യമായ വേതനവും സ്‌ത്രീ–-പുരുഷന്മാർക്ക്‌ തുല്യജോലിക്ക്‌ തുല്യവേതനവും. ഈ തത്വങ്ങളൊന്നും പ്രയോഗത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടില്ല. ഭരണഘടനയിലെ കാഴ്‌ചപ്പാടും ബൂർഷ്വാഭരണാധികാരികളുടെ പ്രയോഗവും തമ്മിലുള്ള സ്‌പഷ്ടമായ അന്തരം സ്വാതന്ത്ര്യലബ്‌ധിക്കുശേഷം അവരോധിക്കപ്പെട്ട ബൂർഷ്വാ - ഭൂപ്രഭു വ്യവസ്ഥയ്‌ക്കെതിരായ നിശിതമായ കുറ്റപത്രമാണ്‌.’ റിപ്പബ്ലിക്കിന്റെ 74-ാം വർഷത്തിൽ തിരിഞ്ഞുനോക്കുമ്പോഴും സിപിഐ എം നടത്തിയ വിമർശം അർഥവത്താണെന്ന്‌ ബോധ്യപ്പെടും.

ഇന്ത്യൻ ഭരണവർഗം രാഷ്ട്രീയ ജനാധിപത്യത്തിൽ അഥവാ തെരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിൽ ഊന്നിനിൽക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്‌തു. എന്നാൽ പാർലമെന്റിനെ ‘ജനാധിപത്യക്ഷേത്ര’മെന്നും ‘ജനാധിപത്യത്തിന്റെ മാതാവാണ്‌’ ഇന്ത്യൻ ജനാധിപത്യം എന്നും വിശേഷിപ്പിച്ച മോദി പരിമിതമായ ഈ രാഷ്ട്രീയ ജനാധിപത്യത്തെപ്പോലും തകർക്കുകയാണെന്ന്‌ കഴിഞ്ഞ എട്ടു വർഷത്തെ അനുഭവം തെളിയിക്കുന്നു. വർഷത്തിൽ 50 ദിവസംപോലും ഇപ്പോൾ പാർലമെന്റ്‌ സമ്മേളിക്കാറില്ല. പാർലമെന്റിൽ അപൂർവ സന്ദർശകൻ മാത്രമാണ്‌ ഇന്നത്തെ പ്രധാനമന്ത്രി. പ്രധാന ബില്ലുകളെല്ലാംതന്നെ സൂക്ഷ്‌മ പരിശോധനയ്‌ക്കായി പാർലമെന്ററി സമിതികൾക്ക്‌ വിടുകയും പതിവായിരുന്നു. എന്നാൽ, മോദി അധികാരത്തിൽ വന്നതോടെ പാർലമെന്ററി സമിതികൾ നോക്കുകുത്തികളായി. 15-ാം ലോക്‌സഭയിൽ 71 ശതമാനം ബില്ലുകളും പാർലമെന്ററി സമിതികൾക്ക്‌ വിട്ടപ്പോൾ നിലവിൽ 25 ശതമാനത്തിലും താഴെയാണ്‌ ആ സംഖ്യ. ആധാർ ബില്ലടക്കം ധനബിൽ എന്നുപറഞ്ഞാണ്‌ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്‌. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാലാണ്‌ ഈ പാർലമെന്ററിഹത്യക്ക്‌ സർക്കാർ തയ്യാറായത്‌. ചർച്ച ചെയ്യപ്പെടാതെ പാസാക്കുന്ന ബില്ലിന്റെ എണ്ണവും വർധിക്കുകയാണ്‌.

അതോടൊപ്പം പണത്തിന്റെ ഒഴുക്ക്‌ പാർലമെന്ററി ജനാധിപത്യത്തെ മലീമസമാക്കുകയാണ്‌. അതിന്‌ പ്രധാന കാരണം മോദി സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ്‌ ബോണ്ട്‌ സമ്പ്രദായമാണ്‌. പരേതനായ മുൻധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി ആരംഭിച്ച ഈ രഹസ്യ ഇലക്ടറൽ ബോണ്ട്‌ സമ്പ്രദായം കോർപറേറ്റ്‌ പണം യഥേഷ്ടം ലഭിക്കുന്നതിന്‌ സഹായകരമായി. കഴിഞ്ഞ രണ്ടു വർഷം ബിജെപിക്ക്‌ ലഭിച്ചത്‌ 2669 കോടി രൂപയാണ്‌. രാഷ്ട്രീയ പാർടികൾക്ക്‌ മൊത്തം ലഭിച്ചതിന്റെ 58 ശതമാനവും ബിജെപിക്കാണ്‌ ലഭിച്ചത്‌. പേര്‌ വെളിപ്പെടുത്തേണ്ടതില്ലാത്ത ഈ പണം ഉപയോഗിച്ചാണ്‌ എംഎൽഎമാരെയും എംപിമാരെയും വിലയ്‌ക്കുവാങ്ങുന്നതും ബിജെപിക്ക്‌ വേരുകളില്ലാത്ത സംസ്ഥാനത്തുപോലും അവർ ഭരണം നേടുന്നതും. കോർപറേറ്റ്‌ പണശക്തി ഇന്ത്യൻ ജനാധിപത്യത്തെ ദൂഷിതമാക്കുന്ന ഒരു കാലത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌ എന്നർഥം. എല്ലാ മേഖലയിലും കമ്പോളത്തെ പ്രതിഷ്‌ഠിക്കുന്ന നവ ഉദാരീകരണനയത്തിന്റെ ഭാഗംതന്നെയാണ്‌ ഇതും.

സിപിഐ എം പരിപാടിയിൽ പ്രസ്‌താവിച്ചിട്ടുള്ളതുപോലെ ‘പാർലമെന്ററി സംവിധാനത്തിനും ജനാധിപത്യത്തിനുംമേലുള്ള ഭീഷണി വരുന്നത്‌ അധ്വാനിക്കുന്ന ജനങ്ങളിൽനിന്നും അവരെ പ്രതിനിധാനംചെയ്യുന്ന പാർടികളിൽ നിന്നുമല്ല. ആ ഭീഷണി വരുന്നത്‌ ചൂഷകവർഗങ്ങളിൽനിന്നാണ്‌. തങ്ങളുടെ സങ്കുചിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപകരണമാക്കി പാർലമെന്ററി സംവിധാനത്തെ മാറ്റിക്കൊണ്ട്‌ അതിനുള്ളിൽനിന്നും പുറത്തുനിന്നും ആ സംവിധാനത്തെ തകർക്കുന്നത്‌ ചൂഷകവർഗങ്ങളാണ്‌. തങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്നതിന്‌ ജനങ്ങൾ പാർലമെന്ററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാര വൻകിട ബൂർഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തിൽനിന്ന്‌ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പാർലമെന്ററി ജനാധിപത്യത്തെ കാൽക്കീഴിലിട്ട്‌ ചവിട്ടിയരയ്‌ക്കാൻ ചൂഷകവർഗങ്ങൾ ഒട്ടുംമടിക്കുകയില്ല.’ ഈ ചവിട്ടിയരയ്‌ക്കലാണ്‌ മോദി ഭരണത്തിൽ നടന്നുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും ആധാരശിലകളിൽ ഒന്നായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ്‌ രാജ്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലവിളി. എതിരഭിപ്രായങ്ങൾ ക്രിമിനൽവൽക്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുകയാണ്‌. രാജ്യത്ത്‌ അടിയന്തരാവസ്ഥക്കാലത്തുണ്ടായ സെൻസർഷിപ് ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നു. പരസ്യം നിഷേധിച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ റെയ്‌ഡ്‌ നടത്തിയും സംഘപരിവാർ വിമർശകരായ മാധ്യമപ്രവർത്തകരെ പുകച്ച്‌ പുറത്തുചാടിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണിനെ, എക്‌സിക്യൂട്ടീവിനെ വാഴ്‌ത്തുന്ന ‘മടിത്തട്ട്‌ മാധ്യമങ്ങ’ളാക്കി മാറ്റിയത്‌ ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുർബലമാക്കും. അതോടൊപ്പം ജുഡീഷ്യറിയെ പൂർണമായും വരുതിയിലാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്‌. കൊളീജിയം സംബന്ധിച്ച്‌ ജുഡീഷ്യറിയും കേന്ദ്ര നിയമ മന്ത്രിയും തമ്മിൽ നടക്കുന്ന വാക്‌പോര്‌ ഇതിന്റെ ഭാഗമാണ്‌. ഉപരാഷ്ട്രപതി ജഗദീപ്‌ ധൻഖറും സർക്കാരിനുവേണ്ടി രംഗത്തുണ്ട്‌. ഭരണഘടനയല്ല പാർലമെന്റാണ്‌ സർവാധികാരിയെന്ന തെറ്റായ വാദവുമായാണ്‌ ഉപരാഷ്ട്രപതി രംഗത്ത്‌ എത്തിയിട്ടുള്ളത്‌. ജുഡീഷ്യറിയെയും എക്‌സിക്യൂട്ടീവ്‌ കോർട്ടാക്കാനുള്ള (ഒരുപരിധിവരെയായി കഴിഞ്ഞിട്ടുണ്ട്‌) പരിശ്രമമാണ്‌ അണിയറയിൽ നടക്കുന്നത്‌.

ഇങ്ങനെ എതുതലത്തിൽ നോക്കിയാലും ഇന്ത്യൻ റിപ്പബ്ലിക് കടുത്ത വെല്ലുവിളികളെ നേരിടുകയാണ്‌. അന്തിമമായി അധികാരം ജനങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. അതിനാൽ ഈ അനീതികൾക്കെതിരെ ജനങ്ങളുടെ വിപുലമായ സമരമാണ്‌ ഉയർന്നുവരേണ്ടത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.