Skip to main content

സ. എം സി ജോസഫൈൻ ദിനം

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന്‌ ഇന്ന്‌ ഒരുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിബദ്ധവുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്രകമ്മിറ്റിയിൽവരെ എത്തിച്ചത്‌. സംഘടനയിലെന്നപോലെ പാർലമെന്ററി രംഗത്തും വിവിധ പദവികൾ വഹിച്ച ജോസഫൈൻ മികവുറ്റ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്‌. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃപദവിയിലുമുണ്ടായിരുന്നു.

1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പിന്നീട്‌ എറണാകുളം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മലയാളം ബിരുദാനന്തര ബിരുദധാരിയായിരുന്ന സഖാവ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ മികച്ച വാഗ്‌മിയും സംഘാടകയുമായിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ ആദ്യകാലം മുതൽതന്നെ താൽപ്പര്യമുണ്ടായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത്‌ അതിൽനിന്നാണ്‌ ജോസഫൈനും ഭർത്താവ് പി എ മത്തായിയും സിപിഐ എമ്മിൽ എത്തുന്നത്‌. രണ്ടുപേരെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് അന്തരിച്ച മുൻ സ്പീക്കർ എ പി കുര്യനായിരുന്നു.

കടുത്ത യാഥാസ്ഥിതിക ചുറ്റുപാടുകളിൽനിന്നുയർന്ന വെല്ലുവിളികളെയും എതിർപ്പുകളെയും നേരിട്ടും അവഗണിച്ചുമാണ്‌ ജോസഫൈൻ പുരോഗമന പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുമെത്തിയത്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായത്‌. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ മുരിക്കുംപാടത്ത്‌ സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫൈൻ വിവാഹത്തോടെ മത്തായിയുടെ നാടായ അങ്കമാലിയിലെത്തി. കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ കോട്ടയായിരുന്നു അന്ന്‌ അങ്കമാലി. അങ്കമാലിയിൽ വച്ചാണ്‌ ജോസഫൈൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ആകൃഷ്‌ടയാകുന്നത്‌. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യപരവുമായ ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്ന കാലത്ത്‌ അതിനെയെല്ലാം എതിർത്തു തോൽപ്പിച്ച സഖാവ്‌ മുഴുവൻസമയ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകയായി മാറുകയായിരുന്നു. പതിമൂന്നുവർഷം അങ്കമാലി നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരിക്കെത്തന്നെ രാജ്യത്ത്‌ സ്‌ത്രീസമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ സവിശേഷമായി ഇടപെടാൻ ജോസഫൈന്‌ കഴിഞ്ഞിരുന്നു. സ്‌ത്രീകളുടെയും തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പദവിയിലേക്ക്‌ എത്തിയത്‌. ആ പദവിയിലിരുന്ന്‌ സുപ്രധാനമായ ഇടപെടലുകൾ നടത്താനും കഴിഞ്ഞു. ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിൽ ശ്രദ്ധേയമായി ഇടപെട്ടുകൊണ്ടാണ്‌ ജോസഫൈൻ വനിതാ കമീഷൻ അധ്യക്ഷസ്ഥാനമേറ്റെടുത്തത്‌. സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം സ്വമേധയാ ഇടപെടാനും അവർ ശ്രദ്ധിച്ചു. കേസെടുക്കേണ്ടതാണെങ്കിൽ അങ്ങനെ, പൊലീസിനെയോ സർക്കാരിനെയോ ഇടപെടുവിക്കേണ്ടതാണെങ്കിൽ ആ വിധത്തിൽ. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യമാണെങ്കിൽ മാധ്യമങ്ങളെ സമീപിച്ച്‌ അതിനും ശ്രമിച്ചു. ജോസഫൈൻ അധ്യക്ഷയായിരുന്ന കാലത്ത്‌ സ്‌ത്രീകളുമായി ബന്ധപ്പെട്ട ഒരു കേസുപോലും അവരുടെ ഇടപെടലില്ലാതെ കടന്നുപോയിട്ടില്ല.

ജോസഫൈനെപ്പോലുള്ളവർ പരിവർത്തനവാദി കോൺഗ്രസ്‌ വിട്ട്‌ പുരോഗമന – കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിലേക്കാണ്‌ വന്നതെങ്കിൽ ഇന്നത്തെ കോൺഗ്രസുകാർ ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപിയിലേക്കാണ്‌ പോകുന്നതെന്ന കാര്യവും ഈവേളയിൽ ഓർക്കുന്നത്‌ നന്നാകും. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും അവിഭക്ത ആന്ധ്രയുടെ അവസാനത്തെ മുഖ്യമന്ത്രി നല്ലാരി കിരൺ കുമാർ റെഡ്ഡിയും ബിജെപിയിലെത്തിയത്‌ അടുത്ത ദിവസമാണ്‌. എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകുമെന്ന്‌ പറയുന്ന നേതാവാണ്‌ ഇന്ന്‌ കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്‌. കോൺഗ്രസിന്റെ എത്രയോ മുഖ്യമന്ത്രിമാർ ബിജെപിയിലെത്തിക്കഴിഞ്ഞു. രാജ്യം വെല്ലുവിളികൾ നേരിടുമ്പോൾ രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർടി സ്വയം ഇല്ലാതാകുകയാണ്‌.

ഇന്ത്യ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ കടുത്ത ഭീഷണിയെയാണ്‌ നേരിടുന്നത്‌. ഒരുവശത്ത്‌ മതരാഷ്‌ട്രവാദവും മറുവശത്ത്‌ നവലിബറൽ സാമ്പത്തികനയവും അവർ തീവ്രമായി നടപ്പാക്കുന്നു. ഈ രണ്ടു നയത്തെയും ധീരമായി ചെറുത്ത്‌, വികസനത്തിന്റെയും ക്ഷേമത്തിന്റെയും ബദൽ നയങ്ങളുയർത്തി മുന്നോട്ടു പോകുകയാണ്‌ കേരളത്തിലെ രണ്ടാം പിണറായി സർക്കാർ. മതനിരപേക്ഷത സംരക്ഷിക്കാൻ സംസ്ഥാന സർക്കാരും എൽഡിഎഫും നെഞ്ചുറപ്പോടെ നിലകൊള്ളുന്നു. ഈ സർക്കാരിനെ ഏതുവിധേനയും പ്രതിസന്ധിയിലാക്കാനാണ്‌ കേന്ദ്ര ബിജെപി ഭരണം നിരന്തരം ശ്രമിക്കുന്നത്‌. അതിന്‌ ചൂട്ടുപിടിക്കുകയാണ്‌ കേരളത്തിലെ കോൺഗ്രസ്‌. ഈ നിക്കങ്ങളെയെല്ലാം ചെറുത്തു തോൽപ്പിച്ച്‌ മുന്നേറാനുള്ള പോരാട്ടങ്ങളിൽ ജോസഫൈന്റെ ഓർമ നമുക്ക്‌ കരുത്തുപകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.