Skip to main content

ജനാധിപത്യത്തിന്‌ ഏറ്റവും അപകടകാരിയായ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ബിജെപി

ജൂൺ 27ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ബിജെപി പ്രവർത്തകരെ സംബോധന ചെയ്യവെ ‘എൻസിപി നേതാക്കൾ 70,000 കോടി രൂപയുടെ അഴിമതിക്കേസ്‌ നേരിടുകയാണെന്നും അതേക്കുറിച്ച്‌ അന്വേഷിക്കുമെന്നത്‌ ഗ്യാരന്റി’യാണെന്നും പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാ‌വിസാകട്ടെ എൻസിപി നേതാവായ അജിത്‌ പവാർ ഉടൻതന്നെ ജയിലിൽ അഴിയെണ്ണുമെന്നും പറഞ്ഞു. എന്നാൽ, അടുത്തദിവസം നാം കണ്ടത്‌ അജിത്‌ പവാറിന്റെ നേതൃത്വത്തിൽ ഒമ്പത്‌ എംഎൽഎമാർ ബിജെപി‐ ശിവസേന (ഷിൻഡെ) മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്‌. എൻസിപിയെ പിളർത്തി ബിജെപി ക്യാമ്പിലെത്തിയ ഒമ്പതിൽ അഞ്ചു പേർ അഴിമതിക്കേസുകളിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നേരിടുന്നവരാണ്‌. ഈ അട്ടിമറിക്ക്‌ നേതൃത്വം നൽകിയ ശരദ്‌പവാറിന്റെ മരുമകൻ അജിത്‌ പവാർ പഞ്ചസാര ഫാക്ടറിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും സാമ്പത്തികക്രമക്കേട്‌ കേസിലുമാണ്‌ അന്വേഷണം നേരിടുന്നത്‌. അജിത്‌ പവാറിനും പ്രഫുൽ പട്ടേലിനുമെതിരായ ഇഡി കേസുകൾ അന്തിമഘട്ടത്തിലാണ്‌ എന്നാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഛഗൻ ബുജ്‌ബലിനെതിരെയുള്ള ഇഡി കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. മറ്റൊരു മന്ത്രിയായ ഹസ്സൻ മുഷ്‌റിഫിനെതിരെ അടുത്തിടെയാണ്‌ ഇഡി റെയ്‌ഡ്‌ നടന്നത്‌. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്‌ തനിക്കെതിരെയുള്ള കേസെന്നാണ്‌ മുഷ്‌റിഫ്‌ കോടതിയോട്‌ പറഞ്ഞത്‌. ധനജ്ഞയ മുണ്ടെയ്‌ക്കെതിരെയും ഇഡി കേസുണ്ട്‌. അതായത്‌ കേന്ദ്ര അന്വേഷണ ഏജൻസികളുടെ, പ്രധാനമായും ഇഡിയുടെ അന്വേഷണം നേരിടുന്നതിനിടയിലാണ്‌ അതിൽനിന്ന്‌ ഒഴിവാകാൻ ഈ എംഎൽഎമാർ കൂട്ടമായി ബിജെപിയുമായി സഖ്യം സ്ഥാപിച്ചിട്ടുള്ളത്‌.

ഇന്ത്യൻ ജനാധിപത്യത്തിന്‌ ഏറ്റവും അപകടകാരിയായി മാറിയിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ബിജെപിയെന്ന്‌ ആവർത്തിച്ച്‌ തെളിയിക്കപ്പെട്ടിരിക്കുകയാണ്‌. ജനങ്ങൾ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും ഭരിക്കുന്നത്‌ തങ്ങളായിരിക്കുമെന്ന ധാർഷ്ട്യമാണ്‌ ബിജെപിക്ക്‌. മധ്യപ്രദേശിലും ഗോവയിലും കർണാടകത്തിലും ഭൂരിപക്ഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കണ്ടതും അതാണ്‌. മഹാരാഷ്ട്ര സർക്കാരിന്റെ നിയന്ത്രണം പിടിക്കാൻ ബിജെപി നടത്തുന്ന മൂന്നാമത്തെ അട്ടിമറി നീക്കമാണ്‌ ഇപ്പോഴത്തേത്‌. ഇതിൽ രണ്ടെണ്ണത്തിന്‌ അരങ്ങൊരുക്കിയത്‌ ഇഡിയാണ്‌. ഒരു വർഷംമുമ്പ്‌ ശിവസേനയെ പിളർത്തി ഏക്‌നാഥ്‌ ഷിൻഡെ വിഭാഗത്തെ കൂടെ നിർത്താൻ ബിജെപിയെ സഹായിച്ചത്‌ ഇഡിയായിരുന്നു. ഇഡിയുടെ റഡാറിൽ വട്ടം കറങ്ങുമ്പോഴായിരുന്നു ഷിൻഡെ മറുകണ്ടംചാടി മുഖ്യമന്ത്രിയായത്‌. അതിനുശേഷം ഇഡി അദ്ദേഹത്തെ തേടിയെത്തിയതായി അറിവില്ല. ഷിൻഡെയുടെ കൂടെ കൂറുമാറിയ യാമിനി യശ്വന്ത്‌ ജാദവിനും ഭർത്താവ്‌ യശ്വന്ത്‌ ജാദവിനുമെതിരെയുള്ള ഇഡി അന്വേഷണവും സഡൻ ബ്രേക്ക്‌ ഇട്ടതുപോലെയാണ്‌ നിന്നത്‌. മഹാരാഷ്ട്രയിൽനിന്നുള്ള നാരായൺ റാണെയ്‌ക്കെതിരെ 300 കോടിയുടെ അഴിമതി ആരോപണമാണ്‌ ഉയർന്നത്‌. ഇഡി ഇതേക്കുറിച്ച്‌ അന്വേഷണം ആരംഭിച്ച വേളയിലാണ്‌ കോൺഗ്രസ്‌ വിട്ട്‌ നാരായൺ റാണെ ബിജെപിയിലെത്തിയതും കേന്ദ്രമന്ത്രിയായതും. അതോടെ ഇഡി എവിടെ പോയ്‌മറഞ്ഞു എന്നാർക്കും അറിയില്ല.

ഇത്‌ മഹാരാഷ്ട്രയിലെമാത്രം അനുഭവമല്ല. മറ്റ്‌ സംസ്ഥാനങ്ങളിലെ പല നേതാക്കളും ബിജെപിക്കൊപ്പം പോകാൻ പ്രധാനകാരണം ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന്‌ രക്ഷപ്പെടാനായിരുന്നു. നാരദ ന്യൂസ്‌ പോർട്ടൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതിക്കേസിൽപ്പെട്ട തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതോടെ അദ്ദേഹത്തിനെതിരായ സിബിഐ, ഇഡി അന്വേഷണങ്ങൾ ഇല്ലാതായി. കോൺഗ്രസ്‌ നേതാവായിരിക്കെ ലൂയിസ്‌ ബർജർ അഴിമതിക്കേസിൽപ്പെട്ടയാളായിരുന്നു ഹിമന്ത ബിശ്വ സർമ. അമേരിക്കൻ നിർമാണക്കമ്പനിയായ ലൂയിസ്‌ ബർജർ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കോടികൾ കൈക്കൂലി നൽകിയാണ്‌ അസമിലും ഗോവയിലും കരാർ നേടിയെന്നായിരുന്നു കേസ്‌. ഇതിൽ സംശയത്തിന്റെ കുന്തമുന തിരിഞ്ഞത്‌ ഗുവാഹത്തി ഡെവലപ്‌മെന്റ്‌ ഡിപ്പാർട്ട്മെന്റിന്റെ ചുമതല വഹിച്ചിരുന്ന ഹിമന്ത ബിശ്വ സർമ എന്ന കോൺഗ്രസ്‌ മന്ത്രിക്കെതിരെയായിരുന്നു. അന്ന്‌ ഡൽഹിയിൽ ചേർന്ന ചടങ്ങിൽ ഹിമന്ത ബിശ്വ സർമയ്‌ക്കെതിരെ ബിജെപി നേതാവായിരുന്ന മോദി ഒരു ലഘുലേഖപോലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഏതാനും മാസങ്ങൾക്കകം ഹിമന്ത ബിജെപിയിൽ ചേർന്നു. അതോടെ ആ അഴിമതിക്കേസും വിസ്‌മൃതിയിലായി. ഇതേ കേസിലാണ്‌ ഗോവയിലെ ദിഗംബർ കാമത്തിനെതിരെയും ഇഡി അന്വേഷണം വന്നത്‌. ഇത്‌ മറികടക്കാനാണ്‌ കാമത്ത്‌ ബിജെപിയിൽ ചേർന്നതും കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്നതും. നാഷണൽ ഹെറാൾഡ്‌ കേസിൽ കോൺഗ്രസ്‌ നേതാക്കളായ സോണിയക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ഇഡി തിരിഞ്ഞു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.