സഖാവ് പി കൃഷ്‌ണപിള്ള ദിനം ആഗസ്‌ത് 19ന് വെള്ളിയാഴ്‌ച സമുചിതമായി ആചരിക്കാന്‍ അഭ്യര്‍ഥിക്കുന്നു. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും ദിനാചരണം വിജയിപ്പിക്കണം. സഖാവ് പി കൃഷ്‌ണപിള്ള വിട്ടുപിരിഞ്ഞിട്ട് 74 വര്‍ഷം തികയുന്നു. 1937ല്‍ കോഴിക്കോട്ട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍ മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി- നെയ്‌ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതില്‍ സ. കൃഷ്‌ണപിള്ളയുടെ നേതൃപരമായ പങ്ക് വലുതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റായിരുന്നു സഖാവിന്റെ മരണം.
രാജ്യം ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെയും ജനാധിപത്യ ധ്വംസനങ്ങളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിലാണ് നാം സ. കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കുന്നത്. ഹിന്ദുത്വ അജണ്ട തീവ്രമാക്കാനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും തൊഴിലാളിവര്‍ഗം പൊരുതിനേടിയ അവകാശങ്ങളും നിയമങ്ങളും ഇല്ലാതാക്കാനുമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നത്. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനും ജനാധിപത്യ അവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെല്ലാം എതിരെ കടുത്ത പ്രതിഷേധം രാജ്യത്ത് ശക്തിപ്പെടുകയാണ്. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് എന്നും ഊര്‍ജസ്രോതസ്സായ കൃഷ്‌ണപിള്ളയുടെ സ്‌മരണ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ കരുത്തുപകരും.
ബദല്‍ കാഴ്‌ചപ്പാടുകളുമായി മാതൃകാപരമായ ഭരണം കാഴ്‌ചവയ്‌ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും കടന്നാക്രമിക്കാനുമാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിക്കുന്നത്. അതിനെയെല്ലാം അതിജീവിക്കാനുള്ള അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ബഹുജനങ്ങള്‍ തയ്യാറെടുക്കണമെന്നും സ. പി കൃഷ്‌ണപ്പിള്ളയുടെ ഓര്‍മ്മകള്‍ ഇതിന് കരുത്തുപകരും.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്