സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊള്ളാനും സംസ്ഥാനതലങ്ങളില്‍ ബിജെപിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാനും പ്രതിപക്ഷപാര്‍ടികള്‍ പദ്ധതികള്‍ തയ്യാറാകണം. ഗുജറാത്തില്‍ വന്‍വിജയം നേടിയ ബിജെപി ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.
മൂന്ന് ദശകമായി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ഗുജറാത്തില്‍ ആഴമേറിയ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബിജെപി അവിടെ തുടര്‍ച്ചയായ ഏഴാം തവണയും നേടിയ വിജയം. ഹിന്ദുദേശീയ വികാരം ഉയര്‍ത്തിക്കാട്ടിയും 'ഗുജറാത്തി അഭിമാനത്തെ'ക്കുറിച്ചുള്ള നാട്യങ്ങള്‍ പ്രചരിപ്പിച്ചുമാണ് വിലക്കയറ്റം, തൊഴിലില്ലായ്‌മ, പരിതാപകരമായ പൊതുജനാരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ മറികടന്നത്. ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിത്.
ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും എല്ലാ പ്രലോഭനങ്ങളും ഉപായങ്ങളും തള്ളിയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തിയത്. 15 വര്‍ഷമായി ഭരിച്ചുവന്ന കോര്‍പറേഷനാണ് ബിജെപിക്ക് നഷ്‌ടമായത്. ബിജെപി വന്‍തോതില്‍ പണശക്തിയും വിഭവങ്ങളും കയ്യാളുന്നുണ്ടെങ്കിലും അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഹിമാചല്‍പ്രദേശ്, ഡല്‍ഹി ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കൊട്ടിഘോഷിക്കുന്ന മോദിഘടകത്തിന്റെ പരിമിതികളും ഈ തെരഞ്ഞെടുപ്പിൽ പ്രകടമായി.