സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________
കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള "വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ" വിവരങ്ങൾ പരിശോധിക്കാനും ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് അത് നീക്കം ചെയ്യാൻ നിർദേശിക്കാനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (PIB) അധികാരം നൽകുന്ന ഐടി ചട്ടങ്ങൾ 2021ലെ ഭേദഗതികളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി എതിർക്കുന്നു. വാർത്തകൾ നീക്കം ചെയ്യാനുള്ള നിർദേശം അനുസരിച്ചില്ലെങ്കിൽ ഉപയോക്താക്കൾ പോസ്റ്റുചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കമ്പനികൾക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥയായ 'സേഫ് ഹാർബർ ഇമ്യൂണിറ്റി’ നഷ്ടപ്പെടും.
PIBക്ക് നൽകുന്ന അധികാരങ്ങൾ ഈ സാമൂഹ്യ മാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെൻസറിങ്ങിന് വിധേയമാക്കുന്നതിന് തുല്യമാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണ്. ഐടി ചട്ടങ്ങളിലെ ഈ ഭേദഗതികൾ ഉടൻ പിൻവലിക്കണം.