സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് നടുക്കം സൃഷ്ടിക്കുന്നതാണ്.
സാധാരണജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുഎൻ പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിനു വിധേയമായും അമേരിക്ക–ഇസ്രയേൽ–ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന് ഈ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി വ്യക്തമാക്കുന്നു. പലസ്‌തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാടിനെ നിഷേധിക്കുന്ന നടപടിയാണിത്.
യുഎൻ പൊതുസഭ ഈ പ്രമേയം അംഗീകരിച്ച അതേ വേളയിൽ വംശഹത്യ ലക്ഷ്യമിട്ട് ഗാസയിൽ കര–വ്യോമ ആക്രമണങ്ങൾ ഇസ്രയേൽ ശക്തമാക്കി. 22 ലക്ഷം പലസ്‌തീൻകാർ അധിവസിക്കുന്ന ഗാസയിൽ എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും തകർക്കുകയും ചെയ്തു.
യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. 1967നു മുമ്പുള്ള അതിർത്തികളോടെ, കിഴക്കൻ ജറുസലേം തലസ്ഥാനമായ പലസ്‌തീൻ എന്ന നിലയിൽ ദ്വിരാഷ്‌ട്ര പരിഹാരം യാഥാർഥ്യമാക്കാൻ രക്ഷാസമിതിയെ ചുമതലപ്പെടുത്തിയ തീരുമാനം നടപ്പാക്കാൻ യുഎൻ ഉണർവോടെ പ്രവർത്തിക്കണം.